മുംബൈ: രാജ്യത്ത് വന്‍തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചിരുന്ന ടെലികോം മേഖലയില്‍ കടുത്ത പ്രതിസന്ധി നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ടുകള്‍. 2017-ല്‍ മാത്രം ടെലികോം രംഗത്ത് 40,000-ത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടമായതായാണ് ഒരു സ്വകാര്യ എച്ച്.ആര്‍ ഏജന്‍സി നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. 

അടുത്ത ഒന്‍പത് മാസത്തിനുള്ളില്‍ 80,000 മുതല്‍ 90,000 പേര്‍ക്ക് കൂടി ജോലി നഷ്ടപ്പെടുമെന്നും ഈ സര്‍വേയില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ടെലികോം രംഗത്തെ 65-ഓളം ഹാര്‍ഡ്‌വെയര്‍-സോഫ്റ്റ് വെയര്‍ കമ്പനികളെ ജീവനക്കാരില്‍ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. 

വളരെ ലാഭകരമായി മുന്‍പോട്ട് പോയിരുന്ന ടെലികോം മേഖലയില്‍ റിലയന്‍സ് ജിയോ വന്നതോടെയാണ് കടുത്ത മത്സരം ആരംഭിച്ചത്. നിരക്കുകള്‍ വെട്ടിക്കുറിച്ചും കൂടുതല്‍ സൗജന്യങ്ങള്‍ നല്‍കിയും ഉപഭോക്താകളെ പിടിക്കാന്‍ കമ്പനികള്‍ മത്സരിച്ചതോടെ പല കമ്പനികളും ചിലവു ചുരുക്കല്‍ നടപടികളിലേക്ക് കടന്നു. ചില കമ്പനികള്‍ മത്സരം നേരിടാനാവാതെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയോ മറ്റു കമ്പനികളുമായോ ലയിക്കുകയും ചെയ്തു. ഇതൊക്കെയാണ് ടെലികോം മേഖലയിലെ തൊഴില്‍ അവസരങ്ങള്‍ ഇടിയുന്നതിലേക്ക് വഴി വച്ചത്. 

കടുത്ത അരക്ഷിതാവസ്ഥയാണ് ടെലികോം മേഖലയില്‍ നിലവില്‍ ജോലി ചെയ്യുന്നവര്‍ നേരിടുന്നതെന്നും പലരും ടെലികോം മേഖലയ്ക്ക് പുറത്ത് തൊഴില്‍ തേടുകയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.