പിഴയായി രണ്ട് കോടി ഡോളര്‍ കമ്മീഷനില്‍ അടയ്ക്കുമെന്നും ടെസ്‍ല അറിയിച്ചു
ദില്ലി: യുഎസ് സെക്യൂരിറ്റിസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷന്‍റെ നടപടികള്‍ ഒഴുവാക്കാന്‍ ടെസ്‍ലയുടെ ചെയര്‍മാന്‍ പദവി ഒഴിയാന്‍ തയ്യാറാണെന്ന് ഇലണ്‍ മസ്ക് പ്രഖ്യാപിച്ചു. ട്വിറ്ററിലൂടെ തെറ്റായ വിവരങ്ങള്‍ പങ്കുവെച്ച് നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചതിനാണ് മസ്കിനെതിരെ നടപടിയെടുക്കാന്‍ സെക്യൂരിറ്റിസ് ആന്‍ഡ് എക്സചേഞ്ച് കമ്മീഷന്‍ തീരുമാനിച്ചത്.
ആഗസ്റ്റ് ഏഴിന് നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ ടെസ്‍ലയുടെ ഓഹരികള്‍ ഒന്നിന് 420 ഡോളര്‍ വച്ചിട്ട് വാങ്ങി കമ്പനിയെ സ്വകാര്യവത്കരിക്കാന്‍ പോകുന്നതായി മസ്ക് ചെയ്ത ട്വീറ്റാണ് മസ്കിനെതിരെയും ടെസ്‍ലയ്ക്കെതിരെയും നടപടിക്ക് കമ്മീഷനെ പ്രേരിപ്പിച്ച ഘടകം.
കമ്മീഷന്‍ നടപടി കടുപ്പിച്ചാല്‍ ടെസ്‍ലയുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാവുമെന്ന ഭയമുണ്ടായതോടെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് സ്വയമെഴിയാന്‍ മസ്ക് തീരുമാനിക്കുകയായിരുന്നു. ഇത് നടപടി ലഘൂകരിക്കാന്‍ ഉപകരിക്കുമെന്നാണ് ടെസ്‍ലയുടെ വിശ്വാസം. പിഴയായി രണ്ട് കോടി ഡോളര്‍ കമ്മീഷനില്‍ അടയ്ക്കുമെന്നും ടെസ്‍ല അറിയിച്ചു.
ചെയര്‍മാന്‍ സ്ഥാനം രാജിവച്ചാലും സിഇഒയായി മസ്ക് ടെസ്‍ലയില്‍ തുടരും. സ്വതന്ത്ര ചെയര്‍മാനെയും രണ്ട് സ്വതന്ത്ര ഡയറക്ടറുമാരും മസ്കിന് പകരമായി ടെസ്‍ലയുടെ തലപ്പത്തേക്കെത്തും.
