ഒരാഴ്ചയായിട്ടും പുതിയ സംവിധാനത്തിലേക്ക് മാറിയത് ഏകദേശം 40 ശതമാനം ഉപഭോക്താക്കള്‍ മാത്രമാണ്. ഇഷ്ടമുളള ചാനലുകള്‍ മാത്രം തെരഞ്ഞെടുക്കാനുളള മിക്ക സേവനദാതാക്കളും നല്‍കിയ സമയപരിധി ഇപ്പോള്‍ ഏതാണ്ട് അവസാനിച്ചിരിക്കുകയാണ്.

തിരുവനന്തപുരം: ടിവി ചാനലുകള്‍ ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാവുന്ന രീതിയിലുളള ട്രായ് (ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) അവതരിപ്പിച്ച സംവിധാനം രാജ്യത്ത് നടപ്പിലായി ഒരാഴ്ച കഴിഞ്ഞിട്ടും ഉപഭോക്താക്കള്‍ക്ക് ആശയക്കുഴപ്പം മാറുന്നില്ല.

ഒരാഴ്ചയായിട്ടും പുതിയ സംവിധാനത്തിലേക്ക് മാറിയത് ഏകദേശം 40 ശതമാനം ഉപഭോക്താക്കള്‍ മാത്രമാണ്. ഇഷ്ടമുളള ചാനലുകള്‍ മാത്രം തെരഞ്ഞെടുക്കാനുളള മിക്ക സേവനദാതാക്കളും നല്‍കിയ സമയപരിധി ഇപ്പോള്‍ ഏതാണ്ട് അവസാനിച്ചിരിക്കുകയാണ്. എന്നാലും ചാനലുകള്‍ തെരഞ്ഞെടുക്കാനുളള സൗകര്യം തുടര്‍ന്നും ഉപഭോക്താക്കള്‍ക്ക് നല്‍കണമെന്നാണ് ട്രായിയുടെ നിര്‍ദ്ദേശം. 

പുതിയ സംവിധാനത്തിലേക്ക് പൂര്‍ണ്ണമായി ഉപഭോക്തക്കള്‍ എത്താല്‍ ഇനിയും മാസങ്ങള്‍ വേണ്ടി വന്നേക്കുമെന്നാണ് ഈ മേഖലയിലുളളവര്‍ നല്‍കുന്ന സൂചന. ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന തരത്തില്‍ ചാനലുകള്‍ പിന്‍വലിക്കരുതെന്നും ട്രായ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. 

എന്നാല്‍, ട്രായിയുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ചാനലുകള്‍ തെരഞ്ഞെടുക്കാത്തവര്‍ക്ക് പേ ചാനലുകള്‍ പടിപടിയായി നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. പുതിയ സംവിധാനത്തിലേക്ക് മാറാതെ നില്‍ക്കുന്ന ഉപഭോക്താക്കള്‍ക്ക് അടിസ്ഥാന പാക്കേജ് നല്‍കാനുളള തീരുമാനവും ഭാവിയില്‍ സേവനദാതാക്കള്‍ കൈക്കോണ്ടേക്കും. 

പുതിയ സംവിധാനത്തില്‍ ടിവി ചാനലുകളുടെ മാസവരി സംഖ്യയില്‍ 15 ശതമാനത്തിന്‍റെയെങ്കിലും കുറവ് വരുമെന്നാണ് ട്രായ് നല്‍കുന്ന സൂചന. ചാനലുകളുടെ തെരഞ്ഞെടുപ്പില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് പരാതികള്‍ അറിയിക്കാന്‍ ഔദ്യോഗിക വെബ്സൈറ്റില്‍ ട്രായ് സംവിധാനമൊരുക്കിയിട്ടുണ്ട്. ഉപഭോക്താക്കളുടെ പരാതിയില്‍ ട്രായ് നിരവധി സേവനദാതാക്കള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ട്.