ഇറക്കുമതി തീരുവ കൂട്ടിയത് പ്രതിഫലിക്കുന്നു ഡോളറിനെതിരെ രൂപയുടെ വിലയിടിവും പ്രതിസന്ധി ഷവോമി ഫോണിനും ടിവിയ്ക്കും വില കൂട്ടി
കൊച്ചി: രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ വില വർദ്ധിക്കുന്നു. ഇറക്കുമതി തീരുവ കൂട്ടിയതും രൂപയുടെ മൂല്യത്തകർച്ചയുമാണ് വില വർദ്ധനയ്ക്ക് പിന്നിൽ. ചൈനീസ് കന്പനി ഷവോമി മൊബൈൽ ഫോണുകൾക്ക് ആയിരം രൂപ വില കൂട്ടി. ബജറ്റിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഇറക്കുമതി തീരുവയിലെ വർദ്ധന ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ വിലയിൽ പ്രതിഫലിച്ച് തുടങ്ങിയിരിക്കുന്നു.
ആദ്യം വില കൂട്ടിയത് ചൈനയിൽ നിന്നുള്ള ഇലക്ട്രോണിക് നിർമാതാക്കളായ ഷവോമി. മൊബൈൽ ഫോൺ ഘടകങ്ങളുടെ ഇറക്കുമതി തീരുവ കൂട്ടിയതാണ് വില വർദ്ധനയ്ക്ക് കാരണമെന്ന് ഷവോമി അറിയിച്ചു. ചൈനയിൽ നിന്ന് മൊബൈൽ ഫോൺ ഘടകങ്ങൾ ഇറക്കുമതി ചെയ്ത് ഇന്ത്യയിൽ വച്ച് കൂട്ടിയോജിപ്പിക്കുകയാണ് ഭൂരിപക്ഷം കന്പനികളും ചെയ്യുന്നത്. ഇതിനൊപ്പം ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം 14 മാസത്തെ കുറഞ്ഞ നിരക്കിലേക്ക് താഴ്ന്നതും വില വർദ്ധനയിൽ പ്രതിഫലിക്കുന്നു.
എൽഇഡി ടിവികളുടെ വിലയും ഷവോമി അയ്യായിരം രൂപ കൂട്ടി. സാംസംഗ്, സോണി, എൽജി, പാനസോണിക് തുടങ്ങിയ കന്പനികളും ഷവോമിയുടെ ചുവട് പിടിച്ച് വില വർദ്ധിപ്പിക്കുന്നതിനെ കുറിച്ചുള്ള ആലോചനയിലാണ്. ഏഴ് ശതമാനം വരെ വില കൂട്ടാനാണ് നീക്കം. അതേസമയം ഉത്സവ സീസണല്ലാത്തതിനാൽ ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ ഡിമാൻഡിലെ ഇടിവ് വില വർദ്ധിപ്പിക്കുന്നതിൽ നിന്ന് പ്രമുഖ കന്പനികളെ പുറകോട്ടടിപ്പിക്കുന്നുണ്ട്.
