ഇമ്രാൻഖാന്റെ പാർട്ടി പതാകയുടെ നിറമാണ് കേക്കിനും നൽകിയിരിക്കുന്നത്. മാത്രമല്ല ചവിട്ടി നിൽക്കുന്ന പരവതാനിയും കഴുത്തിലിട്ടിരിക്കുന്ന ഷാളും ഇതേ കളർ തന്നെ. 

പാകിസ്താൻ: തെഹരീക് ഇ ഇൻസാഫ് നേതാവ് ഇമ്രാൻ ഖാന്റെ മാതൃകയിലുളള കേക്കാണ് ഇപ്പോൾ പാകിസ്താനിലെ ചർച്ചാ വിഷയം. രാജ്യത്തിന്റെ പുതിയ പ്രധാനമന്ത്രിയായി ഇമ്രാൻ ചുതലയേൽക്കുന്നതിന്റെ മുന്നോടിയായിട്ടാണ് ഈ കേക്ക് വൈറലായിരിക്കുന്നത്. വൺസ് അപ്പോൺ എ കേക്ക് എന്ന ബേക്കറി സ്ഥാപനത്തിന്റെ ഉടമസ്ഥയായ വർദ സഹീദാണ് ഈ കേക്കിന്റെ നിർമ്മാതാവ്. രാജ്യത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടാണ് ഇമ്രാൻ ഖാൻ നേതാവായ പാർട്ടി അധികാരത്തിലേറാൻ പോകുന്നത്. പ്രധാനമന്ത്രിക്ക് സമൂഹമാധ്യമങ്ങളിലൂടെ അഭിനന്ദന പ്രവാഹമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. 

ഇമ്രാൻഖാന്റെ പാർട്ടി പതാകയുടെ നിറമാണ് കേക്കിനും നൽകിയിരിക്കുന്നത്. മാത്രമല്ല ചവിട്ടി നിൽക്കുന്ന പരവതാനിയും കഴുത്തിലിട്ടിരിക്കുന്ന ഷാളും ഇതേ കളർ തന്നെ. കഴിഞ്ഞ വർഷമാണ് താൻ ഈ കേക്ക് നിർമ്മിച്ചതെന്നാണ് ബേക്കറി ഉടമസ്ഥയായ വർദ സഹീദിന്റെ വെളിപ്പെടുത്തൽ. ഈ വർഷം ഇതേ മാതൃകയിൽ തന്നെ മറ്റൊരു കേക്ക് നിർമ്മിക്കാനായിരുന്നു താൻ തീരുമാനിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ വർഷം നിർമ്മിച്ച ഈ കേക്കാണ് ശ്രദ്ധ നേടിയത്. ഇത്രയും ശ്രദ്ധ നേടുമെന്ന് താൻ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ലെന്ന് സഹീദ പറയുന്നു. 

ഫേസ്ബുക്കിലാണ് കേക്കിന്റെ ഫോട്ടോ ആദ്യം പോസ്റ്റ് ചെയ്തത്. അതിന് ശേഷം തന്റെ ഇൻബോക്സിലേക്ക് കേക്ക് ആവശ്യപ്പെട്ടു കൊണ്ടുള്ള സന്ദേശങ്ങളുടെ പ്രവാഹമായിരുന്നു എന്ന് സഹീദ പറയുന്നു. ഇമ്രാൻ ഖാൻ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന അന്നേ ദിവസത്തേയ്ക്കാണ് മിക്കവരും ഓർഡർ നൽകിയിരിക്കുന്നത്. നാല് കിലോ​ഗ്രാമാണ് കേക്കിന്റെ ഭാരം. ഓ​ഗസ്റ്റ് 11 നാണ് ഇമ്രാൻ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്.