വാള്‍മാര്‍ട്ട് ഏറ്റെടുത്തതോടെ പുതുവഴികള്‍ തുറക്കാന്‍ ഫ്ലിപ്പ്കാര്‍ട്ട് വാള്‍മാര്‍ട്ടിനെ യു.എസ്സില്‍ വിശേഷിപ്പിക്കുന്നത് ലോ കോസ്റ്റ് റീടെയ്ലര്‍ എന്നാണ് 

ദില്ലി: വാള്‍മാര്‍ട്ട് ഏറ്റെടുത്തതോടെ ഫ്ലിപ്പ്കാര്‍ട്ടിന്‍റെ വെബ്സൈറ്റിലും മറ്റും അനവധിപേര്‍ പുതിയ സേവനങ്ങള്‍ക്ക് തുടക്കമായോ എന്ന സജീവ അന്വേഷണത്തിലാണിപ്പോള്‍. ഫ്ലിപ്പ്കാര്‍ട്ടെന്നാല്‍ ടെക്ക് ഉല്‍പ്പന്നങ്ങള്‍ക്കും ടെക്സ്റ്റെയില്‍ ഉല്‍പ്പന്നങ്ങള്‍ക്കുമുളള ഇടമെന്ന പൊതുധാരണ ഇന്ത്യക്കാര്‍ക്കിടയിലുണ്ട്. 

എന്നാല്‍ ഇപ്പോള്‍ കഥയില്‍ അല്‍പ്പം മാറ്റം വരാനുളള സാഹചര്യം ഉടലെടുത്തുകഴിഞ്ഞു. ഫ്ലിപ്പിലെ 77 ശതമാനം ഓഹരികള്‍ യു.എസ്. റീടെയ്ല്‍ ഭീമന്‍ വാള്‍മാര്‍ട്ട് വാങ്ങിയെന്നതാണത്. ഗ്രോസറി, ഹൈപ്പര്‍മാര്‍ക്കറ്റ്, ഡിപ്പാര്‍ട്ട്മെന്‍റ് സ്റ്റോര്‍ തുടങ്ങിയ ബിസിനസ്സുകളുടെ ആഗോള ലീഡര്‍മാരിലൊരാളാണ് വാള്‍മാര്‍ട്ട്. സ്വാഭാവികമായും പഴം, പച്ചക്കറി, വീട്ടുസാധനങ്ങള്‍ ഉള്‍പ്പെടുന്ന ഗ്രോസറി സാധനങ്ങള്‍കൂടി ഇനിമുതല്‍ ഫ്ലിപ്പിന്‍റെ സൈറ്റിലൂടെയുളള വിറ്റഴിക്കല്‍ സജീവമായേക്കും. 

ഇന്ത്യയിലെ ഏറ്റവും വലിയ ഇ- കൊമേഴ്സ് കമ്പനിയാണ് ഫ്ലിപ്പ്കാര്‍ട്ട്. മുഖ്യ എതിരാളിയായ യു.എസ്. ഇ-കൊമേഴ്സ് ഭീമന്‍ ആമസോണ്‍ ടെക്ക് ഉല്‍പ്പന്നങ്ങള്‍ക്കൊപ്പം പാന്‍ട്രിയെന്ന ബ്രാന്‍ഡിന് കീഴില്‍ ഗ്രോസറി സാധനങ്ങളും വിറ്റഴിക്കുന്നുണ്ട്. പ്രധാന നഗര കേന്ദ്രങ്ങളില്‍ ഈ സര്‍വ്വീസിന് വലിയ സ്വാധീനവുമുണ്ട്. വാള്‍മാര്‍ട്ട് അവരുടെ സബ്സിഡയറിയാക്കപ്പെട്ട ഫ്ലിപ്പിന്‍റെ വെബ്സൈറ്റില്‍ ഗ്രോസറി സാധനങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് ഒരു എഫ്.എം.സി.ജി.( ഫാസ്റ്റ് മൂവെബിള്‍ കണ്‍സ്യൂമര്‍ ഗുഡ്സ്) ഓണ്‍ലൈന്‍ സ്റ്റോര്‍ തുടങ്ങാനുളള സാധ്യത വിദൂരമല്ലന്നാണ് റീട്ടെയ്ല്‍ രംഗത്തുളളവരുടെ നിഗമനം.

ഫ്ലിപ്പ്കാര്‍ട്ട് ഓണ്‍ലൈനായി എഫ്.എം.സി.ജി. സ്റ്റോര്‍ തുടങ്ങിയാല്‍ അത് ആമസോണിന്‍റെ ഗ്രോസറി വിപണിയിലേക്കുളള കൈകടത്തല്‍ കൂടിയാവും. ഫ്ലിപ്പിന്‍റെ വിതരണ സംവിധാനം ശക്തമാണെന്നതിനാല്‍ വാള്‍മാര്‍ട്ടിന് ഇന്ത്യന്‍ ഉപദ്വീപിന്‍റെ നഗരമേഖലകളിലെവിടെയും ഇനിമുതല്‍ അനായാസം എത്തിച്ചേരാനാവും. വിപണിയില്‍ മത്സരം കടുക്കുന്നത് വിലക്കുറവിന്‍റെയും മികച്ച സേവനത്തിന്‍റെയും രൂപത്തില്‍ ഇന്ത്യക്കാരായ സാധാരണ ജനത്തിന് ഗുണമായും ഭവിച്ചേക്കാം.

വാള്‍മാര്‍ട്ടിനെ അമേരിക്കയില്‍ വിശേഷിപ്പിക്കുന്നത് ലോ കോസ്റ്റ് റീടെയ്ലര്‍ എന്നാണ് ഇതുതന്നെയാവും അവരുടെ ഇന്ത്യന്‍ നയമെന്നും പ്രതീക്ഷിക്കാം. ഫ്ലിപ്പ്കാര്‍ട്ട് സപ്ലേ ചെയിന് കീഴില്‍ അനേകം എഫ്.എം.സി.ജി. സേവനദാതാക്കളെക്കൂടി ഉള്‍പ്പെടുത്താനുളള ആലോചനകള്‍ ഉന്നതതലത്തില്‍ നടക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് ഫ്ലിപ്പിലൂടെ പുതുചുവട് വയ്ക്കാനുളള വാള്‍മാര്‍ട്ടിന്‍റെ പരിശ്രമമായി വിലയിരുത്തപ്പെടുന്നു.