പേടിഎമ്മിന്‍റെ മാതൃ സ്ഥാപനമായ വണ്‍97 കമ്മ്യൂണിക്കേഷനില്‍ 2,000 മുതല്‍ 2,500 കോടി രൂപ വരെയാവും ബഫറ്റ് നിക്ഷേപിക്കുക
ചെന്നൈ: ആഗോള തലത്തിലെ പ്രമുഖ നിക്ഷേപകനായ വാറന്‍ ബഫറ്റിന്‍റെ ബെര്‍ക്ഷെയര്‍ ഹതാവേ ഇന്‍ക് പേടിഎമ്മില്‍ നിക്ഷേപിക്കാനൊരുങ്ങുന്നു. കോടീശ്വരനായ വാറന്‍ ബഫറ്റ് ഒരു ഇന്ത്യന്‍ കന്പനിയില്‍ നടത്തുന്ന ആദ്യ നിക്ഷേപമാണിത്. പുറത്ത് വരുന്ന വിവരങ്ങള്‍ അനുസരിച്ച് പേടിഎമ്മിന്‍റെ മാതൃ സ്ഥാപനമായ വണ്‍97 കമ്മ്യൂണിക്കേഷനില്‍ 2,000 മുതല്‍ 2,500 കോടി രൂപ വരെയാവും ബഫറ്റ് നിക്ഷേപിക്കുക.
നിലവില്‍ ആലിബാബ, സോഫ്റ്റ് ബാങ്ക് എന്നിവര്‍ക്ക് പേടിഎമ്മില്‍ നിക്ഷേപമുണ്ട്. ആലിബാബയ്ക്ക് 42 ശതമാനവും സോഫ്റ്റ് ബാങ്കിന് 20 ശതമാനവും ഓഹരി പങ്കാളിത്തവുമാണ് പേടിഎമ്മിലുളളത്. പേടിഎമ്മിന്‍റെ സ്ഥാപകനായ വിജയ് ശേഖര്‍ ശര്‍മ്മയ്ക്ക് നിലവില്‍ 16 ശതമാനം ഓഹരിയാണ് കന്പനിയിലുളളത്.
വാറന്‍ ബഫറ്റിന്‍റെ കന്പനിയുമായി പേടിഎം ഉന്നത മാനേജ്മെന്‍റ് ചര്‍ച്ചകള്‍ നടത്തിവരുകയാണ്. തുടക്കത്തില്‍ മൂന്ന് മുതല്‍ നാലുശതമാനം വരെ ഓഹരികള്‍ ബഫറ്റിന് കൈമാറുന്നതിനാണ് സാധ്യതയെന്നാണ് വിപണി നിരീക്ഷകരുടെ പക്ഷം.
