രാജ്യ ചരിത്രത്തില്‍ ഇന്നുവരെ ഇത്രയധികം ആഘാതമുണ്ടാക്കിയ ഒരു സാമ്പത്തിക പരിഷ്കരണം നടപ്പിലാക്കിയിട്ടില്ലെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. റിസര്‍വ് ബാങ്കിനെപ്പോലും പഴികേള്‍പ്പിച്ച വിവാദങ്ങള്‍ അരങ്ങുതകര്‍ക്കുമ്പോഴും രാജ്യത്തിന്റെ ധനകാര്യ ഉപദേഷ്ടാവ് ഒരു പൊതുപരിപാടിയിയില്‍ പങ്കെടുക്കുകയോ മാധ്യമങ്ങളോട് സംസാരിക്കുകയോ ചെയ്തിട്ടില്ല. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കാന്‍ ഒരു മടിയും കാണിക്കാത്ത അരവിന്ദ് സുബ്രമണ്യന്റെ ശബ്ദം ഇപ്പോള്‍ പുറത്തുവരാത്തത് അദ്ഭുതത്തോടെയാണ് പലരും കാണുന്നത്. സജീവമായിരുന്ന അദ്ദേഹത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് നവംബര്‍ 10ന് ശേഷം നിര്‍ജ്ജീവമാണ്.

1000, 500 രൂപാ നോട്ടുകള്‍ പിന്‍വലിക്കാനുള്ള പിന്‍വലിക്കാനുള്ള ഇത്രയും വലിയ ഒരു തീരുമാനം കേന്ദ്ര ധനകാര്യ ഉപദേഷ്ടാവിനെ പോലും അറിയിച്ചിരുന്നില്ലെന്ന ആരോപണമാണ് ഇതോടൊപ്പം ഉയരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പുറമെ നാല് ഉദ്ദ്യോഗസ്ഥര്‍ മാത്രമാണ് ഈ തീരുമാനം അറിഞ്ഞതെന്നും ഈ നാലു പേരില്‍ രാജ്യത്തിന്റെ സാമ്പത്തിക ഉപദേഷ്ടാവ് പോലും ഉള്‍പ്പെട്ടിരുന്നില്ലെന്നുമുള്ള മുന്‍ ധനകാര്യ മന്ത്രി പി ചിദംബരത്തിന്റെ ആരോപണം ശരിയാണെന്നാണ് വ്യക്തമാവുന്നത്. 

ബിജെപി സര്‍ക്കാറിന്റെ തീവ്രവലതുപക്ഷ നിലപാടുകളോട് മുമ്പും പലതവണ അരവിന്ദ് സുബ്രമണ്യം ഇടഞ്ഞുനിന്നിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ചില്‍ രാജ്യത്ത് ബീഫ് വിവാദം കൊടുമ്പിരികൊള്ളുന്നതിനിടെ മുംബൈ സര്‍വകലാശാലയില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കവെ ബീഫ് വിവാദവും ഗ്രാമീണ സാമ്പത്തിക രംഗത്ത് അത് ഉണ്ടാക്കുന്ന പ്രത്യാഖ്യാതവും സംബന്ധിച്ചു അഭിപ്രായം വിദ്യാര്‍ത്ഥികള്‍ ആരാഞ്ഞിരുന്നു. ഇതിന് മറുപടി പറഞ്ഞാല്‍ തന്റെ പണി പോകുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തുടര്‍ന്ന് സാമ്പത്തിക ഉപദേഷ്ടാവ് പദവിയില്‍ നിന്ന് അരവിന്ദ് സുബ്രമണ്യനെ മാറ്റണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവ് സുബ്രമണ്യന്‍ സ്വാമി രംഗത്തെത്തിയിരുന്നു. എന്നാല്‍ ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‍ലിയുടെ പൂര്‍ണ്ണ പിന്തുണ അദ്ദേഹത്തിന് ലഭിച്ചിരുന്നു. 

രാജ്യത്തെ സാമ്പത്തിക രംഗത്തെ ഒന്നാകെ ഉലയ്ക്കുന്ന വലിയ പരിഷ്കരണങ്ങള്‍ക്ക് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനെപ്പോലെ അരവിന്ദ് സുബ്രമണ്യനും എതിരായിരുന്നു. മുന്‍ വര്‍ഷങ്ങളിലെ സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട് ഇതിന് തെളിവാണ്. 127 മില്യന്‍ തൊഴിലാളികള്‍ ജോലി ചെയ്യുന്ന ചെറുകിട-ഇടത്തരം മേഖലകളെ മുഴുവന്‍ അട്ടിമറിക്കുന്ന ഇത്തരമൊരു തീരുമാനം അദ്ദേഹത്തിന്റെ അംഗീകാരത്തോടെ നടപ്പാക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ തിരിച്ചറിഞ്ഞിരിക്കണം. അതുകൊണ്ടുതന്നെ മോദി ഇത്ര സുപ്രധാനമായ തീരുമാനം രാജ്യത്തിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിനെ അറിയിക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായില്ലെന്ന് വേണം കരുതാന്‍. ഇത്ര വലിയ തീരുമാനത്തില്‍ പോലും യാതോരു അഭിപ്രായവും പറയാകാത്ത സ്ഥിതിക്ക് ഇനി അദ്ദേഹം പദവിയില്‍ തുടരുമോ എന്നതാണ് ഇനി അറിയേണ്ടത്. സ്വന്തം അധികാരം കേന്ദ്ര സര്‍ക്കാറിന് മുന്നില്‍ അടിയറവ് വെച്ചെന്ന് പഴി കേള്‍ക്കേണ്ടി വന്ന റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെയും കറന്‍സി മാനേജ്മെന്റ് ചുമതലയുള്ള ഡെപ്യൂട്ടി ഗവര്‍ണര്‍ ആര്‍. ഗാന്ധിയുടെയും കൂട്ടത്തിലേക്കാണ് അരവിന്ദ് സുബ്രമണ്യന്റെയും പേര് എഴുതിച്ചേര്‍ക്കപ്പെടുന്നത്.