പാകിസ്ഥാനില്‍ നിന്ന് ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തി വഴിയാണ് പുതിയ വ്യാജ നോട്ടുകള്‍ രാജ്യത്തേക്ക് കടത്തുന്നതെന്നാണ് എന്‍.ഐ.എക്കും അതിര്‍ത്തി രക്ഷാ സേനക്കും വിവരം ലഭിച്ചത്. 2000 രൂപയുടെ 40 വ്യാജ നോട്ടുകളുമായി അടുത്തിടെ ഒരാള്‍ പശ്ചിമ ബംഗാളിലെ മാര്‍ഡയില്‍ നിന്ന് പിടിയിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഈ നോട്ടുകള്‍ പാക് ചാര സംഘടനയായ ഐ.എസ്.ഐയുടെ പിന്തുണയോടെ പാകിസ്ഥാനില്‍ അച്ചടിച്ചവയാണെന്ന് മനസിലായതെന്ന് എന്‍.ഐ.എ വൃത്തങ്ങള്‍ പറയുന്നു. വ്യാജന്റെ നിലവാരം അനുസരിച്ച് 400 മുതല്‍ 600 വരെ രൂപ വാങ്ങിയാണ് കള്ളക്കടത്തുകാര്‍ക്ക് ഇത് വിതരണം ചെയ്യുന്നത്.
യഥാര്‍ത്ഥ നോട്ടുകളില്‍ റിസര്‍വ് ബാങ്ക് സജ്ജീകരിച്ചിരിക്കുന്ന 17 സുരക്ഷാ അടയാളങ്ങളില്‍ 11ഉം ഈ വ്യാജ നോട്ടുകളിലുണ്ടായിരുന്നെന്നും അന്വേഷണ ഏജന്‍സികള്‍ പറയുന്നു. നേരത്തെ പ്രചാരത്തിലുണ്ടായിരുന്ന 500, 1000 രൂപാ നോട്ടുകളില്‍ ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ സുരക്ഷാ സംവിധാനങ്ങളൊന്നും പുതിയ 2000 രൂപാ നോട്ടുകളില്‍ സജ്ജീകരിച്ചിട്ടില്ലെന്ന് നേരത്തെ നോട്ടുകള്‍ അച്ചടിക്കുന്ന സെക്യൂരിറ്റി പ്രിന്റിങ് ആന്റ് മിന്റിങ് കോര്‍പറേഷന്‍ ജീവനക്കാരെ ഉദ്ധരിച്ച് വിവിധ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
