ആദായ നികുതി അടയ്ക്കാനും വലിയ തുകകള്‍ക്കുള്ള പണം ഇടപാടുകള്‍ക്കും ഇപ്പോള്‍ പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. നികുതി പരിധിയില്‍ വരില്ലെങ്കിലും തിരിച്ചറിയല്‍ രേഖയെന്ന നിലയില്‍ പാന്‍കാര്‍ഡ് ഉപയോഗിക്കുന്നവര്‍ നിരവധിയാണ്. ഇപ്പോള്‍ ഉപയോഗിക്കപ്പെടുന്ന പാന്‍ കാര്‍ഡുകളില്‍ പലതും കൃത്രിമമായ രേഖകള്‍ സമര്‍പ്പിച്ച് കൈക്കലാക്കിയതാണെന്ന് ആദായ നികുതി വകുപ്പ് തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇവയെ ആധാറുമായി ബന്ധിപ്പിച്ച് വ്യാജന്മാരെ പുറത്താക്കാനാണ് പദ്ധതി. സ്കൂളിലെ ഉച്ചക്കഞ്ഞി വിതരണവും ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് സൗജന്യമായി നല്‍കുന്ന പാചക വാതക കണക്ഷനും അടക്കമുള്ള സേവനങ്ങള്‍ക്ക് കഴിഞ്ഞ മാസം തന്നെ ആധാര്‍ നിര്‍ബന്ധമാക്കിയിരുന്നു.

ബയോമെട്രിക് വിവരങ്ങളായ വിരലടയാളം, കണ്ണുകളുടെ ചിത്രം എന്നിവ ശേഖരിക്കുന്നതിനാല്‍ വ്യാജ ആധാര്‍ നമ്പറുകള്‍ തയ്യാറാക്കാന്‍ കഴിയില്ല. വിവരങ്ങള്‍ ഓണ്‍ലൈനായി പരിശോധിക്കാനും കഴിയും. ഇക്കാര്യങ്ങള്‍ കണക്കിലെടുത്താണ് ജൂലൈ ഒന്നുമുതല്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ പാന്‍ കാര്‍ഡിനൊപ്പം ആധാറും നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ബില്‍ ചൊവ്വാഴ്ച ലോക്സഭ പാസാക്കിയിരുന്നു. ഇതിന് പിന്നാലെ പാന്‍കാര്‍ഡിന് പകരം ഉപയോഗിക്കാവുന്ന രേഖയായി ആധാര്‍ മാറുമെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്.