വെറുമൊരു സാധാരണ സോഫ്റ്റ്‍വെയര്‍ എഞ്ച്നിയറായിരുന്ന അയാള്‍ ഇന്ന് ചൈനയിലെ ഏറ്റവും സ്വാധീന ശക്തിയുളള മനുഷ്യനാണ്

ഷാങ് യെമിംഗ് എന്ന 29 വയസ്സുകാരന് ഒരാശയം തോന്നി. നിര്‍മ്മിത ബുദ്ധിക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് ഒരു വാര്‍ത്താധിഷ്ഠിത ആപ്ലിക്കേഷന്‍ തുടങ്ങുക. ആശയത്തിന് ഇപ്പോള്‍ ആറ് വര്‍ഷം പ്രായമായിരിക്കുന്നു. ബൈറ്റ്ഡാന്‍സ് എന്ന ആ വാത്താധിഷ്ഠിത കമ്പനിയുടെ ഇന്നത്തെ ആകെ ആസ്തതി 7,500 കോടി ഡോളറാണ്.

വെറുമൊരു സാധാരണ സോഫ്റ്റ്‍വെയര്‍ എഞ്ച്നിയറായിരുന്ന അയാള്‍ ഇന്ന് ചൈനയിലെ ഏറ്റവും സ്വാധീന ശക്തിയുളള മനുഷ്യനാണ്. ആറ് വര്‍ഷങ്ങള്‍ക്കിപ്പുറം 35 -ാം വയസ്സിലും അയാള്‍ തന്‍റെ കമ്പനിയുടെ വ്യാപ്തി ലോകജനതയ്ക്കിടയില്‍ വളര്‍ത്തിയെടുക്കാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു.

ബൈറ്റ്ഡാന്‍സ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന മേഖല ന്യൂസും വീഡിയോ ഷെയറിംഗുമാണ്. സോഫ്റ്റ് ബാങ്ക് 150 കോടി ഡോളര്‍ ഷാങ് യെമിംഗിന്‍റെ കമ്പനിയില്‍ നിക്ഷേപിക്കാന്‍ മുന്നോട്ട് വന്നതാണ് കമ്പനിയെ വീണ്ടും വിദേശ മാധ്യമ വാര്‍ത്തകളുടെ തലക്കെട്ടാക്കിയിരിക്കുന്നത്. 

വിജയകരമായ നിക്ഷേപം ക്ഷണിക്കല്‍ പ്രവര്‍ത്തനങ്ങളിലൂടെ ബൈറ്റ്ഡാന്‍സ് ഇന്ന് ലോകത്ത് ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പുകളിലൊന്നാണ്. 2017 ലേതുമായി താരതമ്യപ്പെടുത്തുമ്പോള്‍ കമ്പനിയുടെ മൂല്യം ഇരട്ടിയായാണ് വര്‍ദ്ധിച്ചിരിക്കുന്നത്.

ബൈറ്റ്ഡാന്‍സിനെ പ്രശസ്തമാക്കിയത് ജിന്‍രി ടോറ്റിയാവേ (ഇന്നത്തെ വാര്‍ത്തകള്‍) എന്ന വിഭാഗമാണ്. സമൂഹ മാധ്യമങ്ങളില്‍ തരംഗമായവ, പ്രധാന വാര്‍ത്തകള്‍ തുടങ്ങിയവ പ്രധാനം ചെയ്യുന്ന ന്യൂസ് റിപ്പബ്ലിക്ക് ആണ് മറ്റൊരു പ്രാധാന ഉല്‍പ്പന്ന വിഭാഗം. മ്യൂസിക്കലി, ടോപ്പ് ബസ് തുടങ്ങിയ മറ്റ് അനവധി സങ്കേതങ്ങളും ഇവര്‍ക്കുണ്ട്.

ചൈനയിലെ ബീജിങ്ങ് ആസ്ഥാനമായി 2012 ല്‍ തുടങ്ങിയ കമ്പനി 2015 ഓടെ ആഗോള തലത്തിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചിരിക്കുയാണ്. ചൈനയിലെ ഏറ്റവും പ്രശസ്തരായ ന്യൂസ് കണ്ടന്‍റ് നിര്‍മ്മാതാക്കളായ കമ്പനിയുടെ വളര്‍ച്ച ഇന്ന് ശരവേഗത്തിലാണ്.