ഫാന്റസി ഹൊറൽ- കോമഡി ജോണറുകൾ ഇഷ്ടപ്പെടുന്നവർക്ക് മാത്രമല്ല, കുട്ടികൾക്കും ഏറെ ഇഷ്ടപ്പെടാൻ സാധ്യതയുള്ള ചിത്രമാണ് ഹലോ മമ്മി. 

ലോകത്തിലെ ഏറ്റവും വലിയ ബന്ധമാണ് അമ്മയും മക്കളും തമ്മിലുള്ളത്. മക്കള്‍ക്ക് വേണ്ടി ഏതറ്റം വരെയും പോകുന്ന അമ്മമാരെ പുരാണങ്ങളിലും ഐതീഹ്യങ്ങളിലും എന്തിനേറെ നമ്മുടെ ചുറ്റുപാടുകളിലും കാണാന്‍ സാധിക്കും. അത്തരത്തില്‍ ഇരുപത്തി രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ച അമ്മയുടെ ആത്മാവ് തന്‍റെ മകള്‍ക്കൊപ്പം കൂടെയുണ്ടായിരുന്നാലോ?. എന്താകും അവസ്ഥ ?. അക്കഥ പറയുന്ന ചിത്രമാണ് ഇന്ന് തിയറ്ററുകളില്‍ എത്തിയ ഹലോ മമ്മി. മലയാള സിനിമയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത പ്രമേയവുമായി എത്തിയ ഈ വൈശാഖ് എലൻസ് ചിത്രം പ്രേക്ഷകരെ തിയറ്ററുകളില്‍ പിടിച്ചിരുത്തുമെന്ന് ഉറപ്പാണ്. 

ഫാന്റസി ഹൊറർ കോമഡി എന്റർടെയ്നർ എന്ന് ഹലോ മമ്മിയെ ഒറ്റവാക്കില്‍ വിശേഷിപ്പിക്കാം. അതോടൊപ്പം തന്നെ അമ്മ-മകള്‍ ബന്ധം, കുടുംബ ബന്ധങ്ങള്‍, റൊമാന്‍റിക്, അക്ഷന്‍ തുടങ്ങിയവയെല്ലാം ചിത്രത്തില്‍ അടങ്ങിയിരിക്കുന്നു. ബോണി, സ്റ്റെഫി, സാമുവല്‍, ബോസ്, തോംസണ്‍, കാഞ്ചമ്മ, ഗ്രേസി, ഫിലിപ്പ് തുടങ്ങിയവരാണ് ഹലോ മമ്മിയിലെ പ്രധാന കഥാപാത്രങ്ങള്‍. 

പെറ്റ് ഷോപ്പൊക്കെയായി നടക്കുന്ന, സമ്പന്ന കുടുംബത്തിലെ ആളാണ് ബോണി(ഷറഫുദ്ദീന്‍). ഷിംലയില്‍ നിന്നും താമസം മാറി കേരളത്തിലെത്തിയ മലയാളി കുടുംബമാണ് സ്റ്റെഫിയുടേത്(ഐശ്വര്യ ലക്ഷ്മി). ഇവര്‍ രണ്ട് പേരും തമ്മിലുള്ള വിവാഹ ആലോചന നടക്കുന്നതോടെയാണ് ഫസ്റ്റ് ഹാഫ് മുന്നേറുന്നത്. എന്നാല്‍ ഇരുപത്തി രണ്ട് വര്‍ഷം മുന്‍പ് മരിച്ച സ്റ്റെഫിയുടെ അമ്മ കുട്ടിക്കാലം മുതല്‍ അവള്‍ക്കൊപ്പം ഉണ്ട്. അവള്‍ക്ക് എന്തെങ്കിലും പ്രശ്നങ്ങള്‍ വന്നാല്‍ സംരംക്ഷിച്ച് ഒപ്പം നില്‍ക്കും. ആ വീട്ടിലേക്കാണ് ബോണി എത്തുന്നതും. അവിടം മുതൽ കഥ മാറുന്നു. തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. 

പതിയെ തുടങ്ങി ഫസ്റ്റ് ഹാഫ് പകുതിയ്ക്ക് മുന്നേ തന്നെ പ്രേക്ഷകന് ഹലോ മമ്മിയില്‍ ആവേശം ജനിപ്പിക്കാന്‍ തിരക്കഥാകൃത്തായ സാൻജോ ജോസഫിനും സംവിധായകനും സാധിച്ചു എന്നത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. ഒപ്പം ആകാംക്ഷയും ആവേശവും ജനിപ്പിക്കുന്ന സം​ഗീതം ഒരുക്കിയ ജേക്സ് ബിജോയും കയ്യടി അർഹിക്കുന്നു. പലപ്പോഴും കഥയുടെ ഉള്ളിലേക്ക് പ്രേക്ഷകനെ തള്ളിവിട്ടത് ഈ സം​ഗീതം തന്നെ. മോളിവുഡിൽ ഇതുവരെ കാണാത്ത കഥ പറഞ്ഞ ചിത്രം അതി​ഗംഭീരമായി പ്രേക്ഷകർക്ക് മുന്നിലെത്തിക്കാൻ നവാഗതനായ വൈശാഖ് എലൻസിന് സാധിച്ചു എന്നത് പ്രശംസനീയമാണ്. ചിരിയുടെ മേമ്പൊടിയോടെ എത്തിയ ചിത്രമാണെങ്കിലും ഇടയ്ക്ക് പ്രേക്ഷകരുടെ കണ്ണിനെ ഈറനണിയിക്കാനും ഹലോ മമ്മിയ്ക്കായിട്ടുണ്ട്.

ഹലോ മമ്മിയിൽ എടുത്തുപറയേണ്ടുന്ന മറ്റൊരു കാര്യം ക്ലൈമാക്സ് ആണ്. ഹോളിവുഡ് പടത്തിലൊക്കെ കണ്ട് പരിചയിച്ച ഒരു ക്ലൈമാക്സ് എലമെന്റ് ആണ് ഹലോ മമ്മിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. അതും വളരെ എൻ​ഗേജിം​ഗ് ആയി അവതരിപ്പിച്ചിട്ടുമുണ്ട്. 

ഉന്നം പിടിച്ച് സിസിലി; 'റൈഫിൾ ക്ലബി'ലെ ഉണ്ണിമായയുടെ ക്യാരക്ടർ ലുക്ക് എത്തി

ചിത്രത്തിലെ ഓരോ അഭിനേതാക്കളുടെയും പ്രകടനം എടുത്ത് പറയേണ്ടുന്നതാണ്. ഷറഫുദ്ദീൻ- ഐശ്വര്യ ലക്ഷ്മി കോമ്പോ കസറിക്കയറുമ്പോൾ, ബിന്ദു പണിക്കരും ജ​ഗദീഷും വൻ പ്രകടനം ഹലോ മമ്മിയിൽ കാഴ്ചവച്ചിട്ടുണ്ട്. അജു വർ​ഗീസ്, ജോണി ആന്റണി, ജോമോൻ തുടങ്ങിയവരുടെ പ്രകടനത്തോടൊപ്പം ഹിന്ദി ചലച്ചിത്ര-ടെലിവിഷൻ മേഖലകളിലൂടെ ശ്രദ്ധനേടിയ സണ്ണി ഹിന്ദുജ വില്ലൻ വേഷം അതി​ഗംഭീരമായി അവതരിപ്പിച്ചിരിക്കുന്നു. എന്തായാലും ഫാന്റസി ഹൊറൽ- കോമഡി ജോണറുകൾ ഇഷ്ടപ്പെടുന്നവർക്ക് മാത്രമല്ല, കുട്ടികൾക്കും ഏറെ ഇഷ്ടപ്പെടാൻ സാധ്യതയുള്ള, എല്ലാ ചേരുവകളും പാകത്തിന് ചേർത്ത് തയ്യാറാക്കി എടുത്തൊരു ചിത്രമാണ് ഹലോ മമ്മി. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം