ആലിയ ഭട്ട് ചിത്രം 'ഗംഗുഭായ് കത്തിയവാഡി' റിവ്യു വായിക്കാം.

ഒടുവില്‍ ആലിയ ഭട്ട് 'ഗംഗുഭായി'യായി സ്‍ക്രീനില്‍ എത്തിയിരിക്കുന്നു. ട്രെയിലര്‍ പുറത്തിറങ്ങിയതുമുതല്‍ ആരാധകര്‍ കാത്തിരിക്കുകയായിരുന്നു ആലിയ ഭട്ട് ചിത്രം 'ഗംഗുഭായ് കത്തിയവാഡി'ക്കായി. പ്രതീക്ഷകള്‍ ചിത്രം നിറവേറ്റുമോ എന്നായിരുന്നു പിന്നീടുള്ള ചോദ്യം. ആലിയ ഭട്ടിന്റെ പ്രകടനത്തെ കണക്കിലെടുത്താല്‍ ഉത്തരം അതേയെന്നാകുമെങ്കിലും 'ഗംഗുഭായ് കത്തിയവാഡി'യെ മൊത്തമായാണ് പരിഗണിക്കേണ്ടത് എന്നതിനാല്‍ വൻ സിനിമാനുഭവമായി മാറുന്നുമില്ലാണ് വാസ്‍തവം (Gangubai Kathiawadi review). 

സഞ്‍ജയ് ലീല ബൻസാലി സംവിധായകനായി വരുമ്പോള്‍ എല്ലാവരും പ്രതീക്ഷിക്കുക ഒരു വിഷ്വല്‍ ട്രീറ്റാകും. ഗംഭീരമായ സെറ്റുകള്‍ മുതല്‍ വസ്‍ത്രങ്ങള്‍, കഥാസന്ദര്‍ഭങ്ങള്‍, വൻ താരനിര എന്നിങ്ങനെയായിരിക്കും സഞ്‍ജയ് ലീല ബൻസാലി ചിത്രത്തിനെ കുറിച്ച് ആലോചിക്കുമ്പോള്‍ തോന്നുക. അങ്ങനെ ഒരു കാഴ്‍ച വിരുന്നിനുള്ള ശ്രമം 'ഗംഗുഭായ് കത്തിയവാഡി'യും സഞ്‍ജയ് ലീല ബൻസാലി ശ്രമിച്ചിട്ടുണ്ട്. പക്ഷേ സഞ്‍ജയ് ബൻസാലിയുടെ തന്നെ മുൻ സിനിമകളുമായി താരതമ്യം ചെയ്യുമ്പോള്‍ 'ഗംഗുഭായ്‍ക്ക്' ആ നിലവാരത്തില്‍ എത്താൻ സാധിച്ചിട്ടില്ലെന്ന് പറയേണ്ടി വരും.

.

നിഷ്‍കളങ്കയായ ഒരു കൗമാരക്കാരിക്ക് താൻ പ്രണയിച്ച പുരുഷനാല്‍ വേശ്യാലയത്തില്‍ എത്തിപ്പെടേണ്ടി വരുന്നു. പിന്നീടുള്ള അവളുടെ പോരാട്ടവും എങ്ങനെ 'ഗംഗുഭായ്' ആയി മാറുന്നതുമെന്ന കഥയാണ് ചിത്രം പറയുന്നത്. സ്വന്തം കാര്യങ്ങള്‍ തീരുമാനിക്കാൻ കെല്‍പ്പുള്ള സ്‍ത്രീയിലേക്ക് ആലിയ ഭട്ടിന്റെ കഥാപാത്രം മാറുന്നു. 'റഹീം ലാല'യുമായുള്ള സഹോദര - സഹോദരി ബന്ധവും പരമാര്‍ശിക്കുന്നതാണ് ചിത്രം. ഹുസൈന്‍ സെയ്‍ദിയുടെ 'മാഫിയ ക്വീന്‍സ് ഓഫ് മുംബൈ' എന്ന പുസ്‍തകത്തിലെ 'ഗംഗുഭായ് കൊത്തേവാലി' എന്ന സ്‍ത്രീയുടെ ജീവിതകഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ് ചിത്രം. 

സഞ്‍ജയ് ബൻസാലിയുടെ മുൻ ചിത്രങ്ങളിലേത് പോലെ വൻ സെറ്റുകള്‍ ഇവിടെയും ആകര്‍ഷണമായി മാറുന്നുണ്ട്. എന്നാല്‍ ആലിയ ഭട്ടിന്റെ പ്രകടനമാണ് സിനിമയുടെ വിജയഘടകമായി മാറുന്നത്. മാംസക്കച്ചവടത്തിലേക്ക് നിർബന്ധിതമായി തള്ളപ്പെട്ട ഓരോ സ്‍ത്രീയുടെയും പ്രതീകമായി മാറുന്ന രംഗങ്ങളില്‍ ആലിയയുടെ കണ്ണുകളിലെ നിസഹായതയും വേദനയും നിഷ്‍കളങ്കതയുമെല്ലാം സിനിമ കണ്ടവരെ അലട്ടും. 'റഹീം ലാല'യായി അഭിനയിച്ച അജയ് ദേവ്‍ഗണിന്റെ പ്രകടനവും മികച്ചതാണ്. തന്നെയല്ലാതെ മറ്റൊരു അഭിനേതാവിനെ 'റഹീം ലാല'യായി സങ്കല്‍പ്പിക്കാക്കാനാകാത്ത വിധം മനോഹരമാക്കിയിരിക്കുന്നു അജയ് ദേവ്‍ഗണ്‍. ചിത്രത്തിൽ ഒരു സർപ്രൈസ് പാക്കേജായി ശന്തനു മഹേശ്വരി എത്തിയിരിക്കുന്നു. വിജയ് റാസ് ഉൾപ്പെടെയുള്ള മറ്റ് താരനിരയും ചിത്രത്തിലുണ്ട്.

Read More : 'ഗംഗുഭായ്ക്കായി' ആലിയ ഭട്ട് വാങ്ങിയത് വാങ്ങിയത് കോടികൾ

'ഗംഗുഭായ്‍യെ' അടിസ്ഥാനമാക്കിയുള്ള ഒരു സിനിമ ആയിരുന്നിട്ട് കൂടി അതിനൊത്തെ തിരക്കഥയിലേക്ക് എത്താനായില്ല എന്നതാണ് ചിത്രത്തിന് പ്രതികൂലമാകുന്നത്. സംവിധായകനും ഒരുപാട് സാധ്യതകളുള്ള ചിത്രമായിരുന്നെങ്കിലും അതിനൊത്ത തലത്തിലേക്ക് എത്തിയിട്ടില്ല. വിജയ് റാസിനെ പോലുള്ള താരങ്ങളില്‍ നിന്നും സ്വാഭാവികമായും ഒരുപാട് പ്രതീക്ഷിക്കും. പക്ഷേ സ്‍ക്രീൻ വളരെ കുറവായിരുന്നു വിജയ് റാസയ്‍ക്ക്. ഇതിനകം തന്നെ പുറത്തുവിട്ട ചിത്രങ്ങള്‍ ഗാനങ്ങള്‍ മനോഹരമെങ്കിലും ചിത്രത്തിന്റെ മൊത്തം ഘടനയ്‍ക്ക് വലിയ അനുകൂല ഘടകമായി മാറിയിട്ടില്ല. ചുരുക്കത്തില്‍ ആലിയ ഭട്ടാണ് ചിത്രത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്നത്.