ഐഎഫ്എഫ്‍കെ 2023 അന്താരാഷ്‍ട്ര മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച വിസ്‍പേഴ്‍സ് ഓഫ് ഫയര്‍ ആൻഡ് വാട്ടറിനറെ റിവ്യു.

പുകഞ്ഞുകൊണ്ടേയിരിക്കുന്ന ഒരു നാട്. കരിഞ്ഞ മണ്ണിനുള്ളില്‍ നിന്ന് പുകഞ്ഞുയരുന്ന തീ നാവ് നീട്ടിക്കൊണ്ടേയിരിക്കിരിക്കുന്നു. ആ നാടിന്റെ 'അടക്കംപറച്ചില്‍'. അതോ നിലവിളികളോ?. ഒരു നാട് വിതുമ്പുന്നതിന്റെ നേര്‍ക്കാഴ്‍ചകള്‍. ഒപ്പം പ്രകൃതിയുടെ നിഗൂഢതയിലേക്കുള്ള ഉള്‍ച്ചേരലുകളും. ഇക്കുറി ഐഎഫ്എഫ്‍കെയില്‍ അന്താരാഷ്‍ട്ര മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച വിസ്‍പേഴ്‍സ് ഓഫ് ഫയര്‍ ആൻഡ് വാട്ടര്‍ പ്രേക്ഷകന്റെ കാഴ്‍ചയിലും കേള്‍വിയിലും നിറയുന്നത് ചില തിരിച്ചറിവുകളിലേക്കുള്ള ധ്യാനാത്മകമായ ചൂണ്ടിക്കാട്ടലുകളിലൂടെയാകും.

യാഥാര്‍ഥ്യങ്ങളുടെ പൊരുള്‍ അനുഭവിപ്പിക്കുന്ന ചിത്രീകരണമാണ് സംവിധായകൻ വിസ്‍പേഴ്‍സ് ഓഫ് ഫയര്‍ ആൻഡ് വാട്ടറിനായി സ്വീകരിച്ചിരിക്കുന്നത്. അതിനാല്‍ കേവല കാഴ്‍ചയ്‍ക്കപ്പുറത്തെ ആസ്വാദനം ചിത്രം ആവശ്യപ്പെടുന്നുണ്ട്. ഉപരിവിപ്ലവമായ കേവലം ഒരു സിനിമാ കാഴ്‍ചയ്‍ക്ക് പുറമേ ആഴത്തിലിറങ്ങി പരിശോധിക്കാൻ സന്നദ്ധതയുള്ള പ്രേക്ഷക മനസ് തീര്‍ച്ചയായും വിസ്‍പേഴ്‍സ് ഓഫ് ഫയര്‍ ആൻഡ് വാട്ടറിന്റെ ആസ്വാദനത്തിന് ആവശ്യമാണ്. തീ പുകയുന്ന ഭൂമിയുടെ കഥകള്‍ ഖനനം ചെയ്‍തെടുക്കാൻ അത് കൂടിയേ തീരൂ.

ഇന്ത്യയില്‍ കല്‍ക്കരി സമ്പന്നമായ ഒരു പ്രദേശമാണ് ഝാര്‍ഖണ്ഡിലെ ഝാരിയ. കല്‍ക്കരി ഖനനം തടസ്സമില്ലാതെ നിര്‍ബാധം തുടരുന്നത് ആ നാടിനറെ കരിച്ചിരിക്കുന്നു. തീപിടിച്ച ആ നാടിന്റെ കഥകളും ദുരിതവും ഖനനം ചെയ്‍തെടുത്ത് അവതരിപ്പിക്കുന്നതിനൊപ്പം ചില ഉള്‍ക്കാഴ്‍ചകളിലേക്കും സഞ്ചരിക്കുകയാണ് വിസ്‍പേഴ്‍സ് ഓഫ് ഫയര്‍ ആൻഡ് വാട്ടര്‍. കൊല്‍ക്കത്ത സ്വദേശിയായ ഓഡിയോഗ്രാഫര്‍ ശിവ ഝാരിയ ഒരു പ്രൊജക്റ്റിനായി എത്തുകയാണ്. ആ നാടിന്റെയടക്കമുള്ള സ്വാഭാവികമായ ശബ്‍ദങ്ങള്‍ ഒരു ആര്‍ട് ഇൻസ്റ്റലേഷനായി പകര്‍ത്തുക എന്നതാണ് ദൗത്യം. ആ ദൗത്യത്തിലൂടെ തീപടരുന്ന ഝാരിയയുടെ കഥകളും പുറത്തെടുക്കപ്പെടുന്നു. അസ്വസ്ഥപ്പെടുത്തുന്ന ശബ്‍ദങ്ങള്‍ക്കൊപ്പം കുട്ടികളുടെ കളിചിരിയടേതേടക്കമുള്ള പ്രത്യാശകളിലേക്കും കാതുതുറക്കുന്നുണ്ട് ശിവ. ഡോക്യുമെന്റി സ്വഭാവത്തിന്റെ ശൈലി പിടിക്കുന്ന സിനിമയില്‍ ഝാരിയയുടെ ഭീതിജനമകായ ദൃശ്യങ്ങളും ശബ്‍ദത്തിനൊപ്പം അസ്വസ്ഥമാക്കും.

കല്‍ക്കരി ഖനനത്തിലൂടെ തുറക്കുന്ന സമ്പത്തിന്റെ സാധ്യതകളില്‍ ഇരുള്‍ പടരുന്ന ജീവിതങ്ങളുടെ നേര്‍ അനുഭവങ്ങളും മറ്റൊരടരായി വിസ്‍പേഴ്‍സ് ഓഫ് ഫയര്‍ ആൻഡ് വാട്ടറിന്റെ ഭാഗമാകുന്നുണ്ട്. നിരന്തരം രോഗബാധിതരാകുന്ന ആള്‍ക്കാരാണ് അന്നാട്ടില്‍. പൊട്ടിത്തകര്‍ന്ന തറ കാണിക്കുകയും മുമ്പ് ഒരിക്കല്‍ അത് ഒരു വീടായിരുന്നു എന്ന് ഒരാള്‍ ചൂണ്ടിക്കാട്ടുന്നതില്‍ വ്യക്തമാകുന്നുണ്ട് ഝാരിയിലെ വര്‍ത്തമാന കാലത്തെ ദുരിതം. കുടിയേറിയ ഒരു തൊഴിലാളി പലപ്പോഴായി തന്റെ ഗ്രാമത്തിലെ ആള്‍ക്കാര്‍ കാണാതാകുന്നതും സൂചിപ്പിക്കുന്നതും ദുരൂഹമാണ്. ചൂഷണവും കുടിയൊഴിപ്പക്കലിന്റെയുമൊക്കെ നേര്‍ക്കാഴ്‍ചയാതെ പറച്ചിലുകളുടെ അതിപ്രസരമില്ലാതെ വിസ്‍പേഴ്‍സ് ഓഫ് ഫയര്‍ ആൻഡ് വാട്ടര്‍ മാറുന്നുണ്ട്. ക്രിമിനലുകളുടെ താവളമായി പ്രദേശം മാറുന്നുണ്ട്. ഭൂഗര്‍ഭതീ ആളിപ്പടരുന്നത് അപകടാവസ്ഥയിലേക്കുന്ന ജീവിതങ്ങളുടെ ദുരിതം പശ്ചാത്തല കാഴ്‍ചകളാലു കേവലം ചെറു സംഭാഷണങ്ങളും മാത്രം ഉപയോഗിച്ച് വെളിപ്പെടുത്തുന്ന ചിത്രം നിരര്‍ഥകമായ വികസന പ്രതീക്ഷകളുടേയും വാഗ്‍ദാനങ്ങളുടെയും കപടതയെയും തെല്ലൊന്നു പരിഹസിക്കുന്നുമുണ്ട്.

വികസന പ്രതീക്ഷകളുടെ പൊള്ളത്തരങ്ങളെ ഒരു വാര്‍ത്താ ശകലത്തിലൂടെയാണ് വിസ്‍പേഴ്‍സ് ഓഫ് ഫയര്‍ ആൻഡ് വാട്ടര്‍ വെളിപ്പെടുത്തുന്നത്. കഥാഗതിയില്‍ ഒരിടത്ത് കേള്‍ക്കുന്ന 'ദി സ്‌റ്റോറി ഓഫ് ഷൈനിംഗ് ഇന്ത്യ' എന്നത് കപട പൊങ്ങച്ചങ്ങളായി പ്രേക്ഷകൻ എളുപ്പത്തില്‍ തിരിച്ചറിയുന്നത് ഝാരിയയിലെ കാഴ്‍ചകള്‍ തൊട്ടുമുന്നില്‍ കണ്ടത് ഓര്‍മയില്‍ മായാതെ നില്‍ക്കുന്നതിനാലാകാം. മുംബൈയിലെ ഒരു മാധ്യപ്രവര്‍ത്തക അക്കഥകള്‍ പറയാൻ അവിടേയ്ക്ക് ധൈര്യപൂര്‍വം എത്തുന്നുമുണ്ട്. ശബ്‍ദങ്ങള്‍ക്കപ്പുറുമുള്ള ശിവയുടെ കാഴ്‍ചപ്പാടും മാറുന്നു.

കാടുകളില്‍ നിന്ന് ഖനിത്തൊഴിലിനായെത്തിയ ദീപക്കിനൊപ്പം ചേരുകയാണ് ശിവ. കാടിന്റെ നിഗൂഢമായ ഉള്ളറിലേക്ക് ചേര്‍ന്നും പോകുംവിധം ഫ്രെയിമിനുള്ളില്‍ പെടുന്ന ശിവയെയാണ് ആ രംഗത്ത് ചിത്രീകരിച്ചിരിക്കുന്നതും. പ്രകൃതിയറിവുകളില്‍ നിസാരനായി പരിണാമപ്പെടുമ്പോള്‍ അധികാരികള്‍ ചോദ്യങ്ങളില്‍ കുരുക്കിലാക്കാൻ ശ്രമിക്കുന്നതിനോട് അസ്വസ്ഥതയോടെ പെരുമാറുകയാണ് ശിവ. കരിഞ്ഞുണങ്ങിയ നാട്ടില്‍ നിന്ന് പച്ചപ്പുകളിലേക്കെത്തുമ്പോള്‍ ചിത്രത്തില്‍ ജീവന്റെ നീരുറവയായി മാറുന്ന ജലപ്രവാഹത്തിലേക്ക് ഇറങ്ങുന്ന ശിവയെയും കാണിക്കുന്നുണ്ട്. പുനരുജ്ജീവനത്തിന്റെ ആശ്വാസമായി കാണാമെങ്കിലും മറുവശത്ത് വിവേചനരഹിതമായ വികസനവും ആര്‍ത്തിയാലും ഒരു പ്രദേശമാകെ വരളുന്ന കാഴ്‍ചയും തൊട്ടടുത്ത നിമിഷം പ്രേക്ഷകനിലേക്ക് എത്തുന്നുണ്ട്. ശൂന്യമായ സ്‍ക്രീനുകള്‍ വിസ്‍പേഴ്‍സ് ഓഫ് ഫയര്‍ ആൻഡ് വാട്ടറില്‍ പലവട്ടം തെളിയുകയും ചെയ്യുന്നുണ്ട്. രേഖീയമായ ആഖ്യാനത്തിനപ്പുറം വ്യഖ്യാനങ്ങള്‍ക്കുള്ള സാധ്യതയാണ് സംവിധായകൻ തുറന്നിടുന്നതും.

മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ലുബ്ധക് ചാറ്റർജിയാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. വിസ്‌പേഴ്‌സ് ഓഫ് ഫയർ ആൻഡ് വാട്ടറില്‍ ശബ്‍ദവും നായകനായ സാഗ്‍നിക് മുഖര്‍ജിക്കൊപ്പം നിറഞ്ഞുനില്‍ക്കുന്നു. ഉത്തം നസ്‍കാറാണ് ശബ്‍ദ സന്നിവേശം. കെന്നെത്ത് സൈറസ് ശബ്‍ദത്തിനൊപ്പം ഝാരിയയിലെ ദുരിത കാഴ്‍ചകള്‍ യാഥാര്‍ഥ്യ പൂര്‍ണമായി പകര്‍ത്തി സ്‌പേഴ്‌സ് ഓഫ് ഫയർ ആൻഡ് വാട്ടറിന് പ്രത്യേക മാനം നല്‍കുന്നു.

Read More: പൃഥ്വിരാജിന്റെയും പ്രഭാസിന്റെയും അതിശയിപ്പിക്കുന്ന സൗഹൃദം, വീഡിയോ പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക