Asianet News MalayalamAsianet News Malayalam

ബോക്സോഫീസ് വിജയത്തിന്‍റെ ഹുക്കും, അതിരടിയായി രജനി : ജയിലര്‍ റിവ്യൂ

സാധാരണ രജനി ചിത്രങ്ങളില്‍ കാണുന്ന ഇന്‍ട്രോ സോംഗോ, ഗംഭീര എന്‍ട്രിയോ ഇല്ലാതെ സാധാരണമായി രജനിയെ കാണിക്കുന്നു എന്നതില്‍ തന്നെ ജയിലറിലെ പുതുമ പ്രേക്ഷകന് നല്‍കുന്നുണ്ട്. 

jailer movie review Blockbuster action entertainer from Rajinikanth vvk
Author
First Published Aug 10, 2023, 9:52 AM IST

ണ്ണാത്തയ്ക്ക് ശേഷം രജനികാന്ത് ഒരു ചെറിയ ഇടവേളയെടുത്തിരുന്നു എന്നത് തമിഴ് സിനിമ ലോകത്തെ രഹസ്യമായ കാര്യമല്ല. തനിക്ക് അനുയോജ്യമായ ഒരു വേഷത്തെ തേടുകയായിരുന്നു രജനി. രണ്ട് മണിക്കൂര്‍ 48 മിനുട്ട് സമയത്തിന് ശേഷം ജയിലര്‍ സിനിമ അവസാനിച്ച് രചന സംവിധാനം നെല്‍സണ്‍ എന്ന് എഴുതിക്കാണിക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് കിട്ടുന്ന സംതൃപ്തിയിലുണ്ടാകും രജനി നടത്തിയ ഈ കാത്തിരിപ്പിന്‍റെ ഫലം. ബോക്സോഫീസ് കണക്കുകളില്‍ മുന്നില്‍ നിന്നിട്ടും ഏറെ വിമര്‍ശനം നേരിട്ട ബീസ്റ്റിന് ശേഷം ശരിക്കും നെല്‍സണ്‍ എന്ന സംവിധായകന്‍ നടത്തി അദ്ധ്വാനം കൂടി സ്ക്രീനില്‍ കാണിക്കുന്നുണ്ട് ജയിലര്‍,  ഒരു ആക്ഷന്‍ പാക്ക്ഡ് ചിത്രം ഒപ്പം തന്നെ ഹ്യൂമറിനും, ഇമോഷനും നല്‍കുന്ന പ്രധാന്യവും എടുത്ത് പറയേണ്ടതാണ്. ശരിക്കും തീയറ്റര്‍ വൈബ് പടമാണ് ജയിലര്‍. 

പൊലീസുകാരനായ മകന്‍, ഭാര്യ, മരുമകള്‍, മകന്‍റെ ആറുവയസുകാരന്‍ മകന്‍ എന്നിവര്‍ക്കൊപ്പം റിട്ടേയര്‍മെന്‍റ് ജീവിതം നയിക്കുന്ന മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന പഴയ പൊലീസ് ഓഫീസറായി രജനി എത്തുന്നു. സാധാരണ രജനി ചിത്രങ്ങളില്‍ കാണുന്ന ഇന്‍ട്രോ സോംഗോ, ഗംഭീര എന്‍ട്രിയോ ഇല്ലാതെ സാധാരണമായി രജനിയെ കാണിക്കുന്നു എന്നതില്‍ തന്നെ ജയിലറിലെ പുതുമ പ്രേക്ഷകന് നല്‍കുന്നുണ്ട്. ഒരു കുപ്രസിദ്ധ കേസ് ആന്വേഷിച്ചുവരുകയായിരുന്ന മകന്‍റെ തിരോധാനത്തോടെ അതിന്‍റെ പിന്നിലെ കാരണം അന്വേഷിച്ച് മുത്തുവേല്‍ പാണ്ഡ്യന്‍ ഇറങ്ങുന്നതോടെയാണ് ചിത്രം ടേക്ക് ഓഫ് ചെയ്യുന്നത്. 

ശരിക്കും മാസ് രജനിയുടെ വരവ് പിന്നീടാണ്. ഒരു കമ്പക്കെട്ടിന് തീകൊളുത്തിയ പോലെ പിന്നീട് തീയറ്ററിനെ ഇളക്കി മറിക്കുന്ന പല സ്വീക്വന്‍സുകളും സ്ക്രീനില്‍ എത്തുന്നു. ഇന്‍റര്‍വെല്‍ ബ്ലോക്കാണ് അതില്‍ എടുത്തു പറയേണ്ട ഒരു കാര്യം. നെല്‍സണ്‍ എന്ന സംവിധായകന്‍ പലപ്പോഴും തന്‍റെ  കഴിവ് തെളിയിച്ചിട്ടുള്ള 'ഡൈനിംഗ് ടേബിള്‍' സീന്‍ ആണ് ഇത്. ഈ രംഗത്തില്‍ രജനി കാര്യമായ ആക്ഷന്‍ രംഗങ്ങള്‍ ഒന്നും തന്നെ ചെയ്യുന്നില്ല പക്ഷെ തീയറ്റര്‍ ഇളക്കി മറിക്കുന്ന സ്വാഗ് തന്നെ പ്രേക്ഷകന് അനുഭവപ്പെടുന്നു.

ചിത്രത്തിലെ പ്രധാന വില്ലന്‍ വേഷത്തില്‍ എത്തുന്ന വിനായകനാണ്. വര്‍മ്മ എന്ന മലയാളിയായ വില്ലന്‍ ശരിക്കും ചിത്രത്തില്‍ നിറഞ്ഞാടുകയാണെന്ന് പറയാം. പല രംഗത്തിലും രജനി സ്ക്രീനില്‍ നില്‍ക്കുമ്പോഴും വിനായകന്‍ സ്കോര്‍ ചെയ്യുന്നു എന്നതാണ് പ്രേക്ഷകന് കിട്ടുന്ന അനുഭവം. അതില്‍ തന്നെ രജനി കുടുംബത്തെ കൊല്ലാന്‍ വേണ്ടി വരുന്ന വിനായകന്‍റെ രംഗം അടക്കം എടുത്തു പറയേണ്ടതാണ്. എന്തായാലും തമിഴ് കരിയറില്‍ വിനയാകന്‍റെ എണ്ണം പറഞ്ഞ റോളായി ജയിലറിലെ പ്രതിനായകന്‍ വര്‍മ്മ അടയാളപ്പെടുത്തു.

ക്യാമിയോ റോളുകളുടെ ഒരു നിര തന്നെ അണിനിരത്തിയാണ് നെല്‍സണ്‍ തന്‍റെ കഥ പറയുന്നത്. ശിവരാജ് കുമാര്‍, ജാക്കി ഷെറോഫ്, മോഹന്‍ലാല്‍, തെലുങ്ക് താരം സുനില്‍, തമന്ന എല്ലാം സ്ക്രീനില്‍ മാസും, കോമഡിയും ഒക്കെ നിറച്ച് ചിത്രത്തിന്‍റെ കഥഗതിയെ സ്വാദീനിക്കുന്നുണ്ട്. നെല്‍സണ്‍ തന്‍റെ സ്ഥിരം രീതിയിലുള്ള ഒരു ആക്ഷന്‍ ചിത്രമാണ് ഒരുക്കിയിരിക്കുന്നത്. ഡാര്‍ക്ക് ഹ്യൂമറിന്‍റെ ഉപയോഗത്തിനൊപ്പം ഒരോ രംഗത്തിലും താരങ്ങളെ നന്നായി തന്നെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ആദ്യഭാഗത്തെ യോഗി ബാബു, രജനി കോമ്പിനേഷന്‍ രംഗങ്ങള്‍ തീയറ്ററില്‍ മികച്ച പ്രതികരണം തന്നെയാണ് സൃഷ്ടിക്കുന്നത്. 

അനിരുദ്ധിന്‍റെ സംഗീതമാണ് ചിത്രത്തിന്‍റെ ആത്മാവ് എന്ന് പറയാം. ഹുക്കും എന്ന ഗാനം നേരത്തെ തന്നെ രജനി ഫാന്‍സ് ഏറ്റെടുത്തതാണ്. ആ ഗാനത്തിനെ ഗംഭീരമായി തന്നെ ഉപയോഗിച്ചിട്ടുണ്ട് അനിരുദ്ധ് ചിത്രത്തില്‍. ഒപ്പം തന്നെ ഇമോഷണല്‍ രംഗത്തില്‍ പോലും ഹുക്ക് ചെയ്യുന്ന രീതിയിലാണ് അനിരുദ്ധ് സംഗീതം നല്‍കിയിരിക്കുന്നത്. 

ബീസ്റ്റ് ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്നും കുതിച്ച് കയറാനുള്ള നെല്‍സണ്‍ എന്ന സംവിധായകന്‍റെ ശ്രമം വിജയകരമായി എന്നതാണ് ജയിലര്‍ കാണിക്കുന്നത്. അതിന് തുണയായി തലൈവര്‍ രജനിയുടെ സ്വാഗും, ക്യാമിയോ റോളുകളും, മികച്ച വില്ലന്‍ വേഷവും. തീയറ്ററില്‍ ആഘോഷിക്കാന്‍ സാധിക്കുന്ന ഒരു ഫുള്‍ എന്‍റര്‍ടെയ്നറാണ് ജയിലര്‍.

എങ്ങനെയുണ്ട് രജനികാന്തിന്റെയും മോഹൻലാലിന്റെയും 'ജയിലര്‍', ആദ്യ പ്രതികരണങ്ങള്‍

asianet news live


 

Follow Us:
Download App:
  • android
  • ios