മമ്മൂട്ടിയുടെ 'റോഷാക്കി'ന്റെ റിവ്യു.

പേരിലെ കൗതുകം കൊണ്ടുതന്നെ ശ്രദ്ധ ക്ഷണിച്ച ചിത്രമാണ് 'റോഷാക്ക്'. നിഗൂഢത നിറച്ച പ്രമോഷണല്‍ മെറ്റീരിയലുകള്‍ കൊണ്ടും 'റോഷാക്കി'നെ പ്രേക്ഷകരുടെ സജീവ ചര്‍ച്ചയില്‍ പ്രഖ്യാപനം മുതല്‍ റിലീസ് വരെ നിലനിര്‍ത്തിയിരുന്നു. ഒടുവില്‍ തിയറ്ററുകളിലെത്തിയ 'റോഷാക്കി'ന്റെ സിനിമാ കാഴ്‍ചയും പ്രേക്ഷക പ്രതീക്ഷകളെ നിറവേറ്റാൻ പോന്നതുതന്നെയാണ്. പലതരം അടരുകളില്‍ മുഴുനീള ത്രില്ലിംഗ് അനുഭവം നല്‍കുന്ന ഒരു ചിത്രമാണ് 'റോഷാക്ക്'.

സ്‍കീനിലേക്ക് നടന്നുകയറുന്ന മമ്മൂട്ടിയിലൂടെയാണ് തുടക്കം. യുകെ പൗരനായ 'ലൂക്ക'യായി മമ്മൂട്ടി പൊലീസ് സ്റ്റേഷനില്‍ പരാതിപറയാനെത്തുകയാണ്. വാഹനാപകടത്തില്‍ മോഹാത്സ്യപ്പെട്ട താൻ കണ്ണു തുറന്നപ്പോള്‍ ഭാര്യയെ കാണാനില്ല എന്ന് 'ലൂക്ക' പൊലീസിനോട് പറയുന്നു. തുടര്‍ന്ന് 'ലൂക്ക'യുടെ ഭാര്യക്കായി ആ വനപ്രദേശത്ത് പൊലീസുകാരും നാട്ടുകാരുമെല്ലാം തിരച്ചില്‍ നടത്തുന്നു. 'ലൂക്ക'യുടെ ഭാര്യയെ കണ്ടുകിട്ടുന്നില്ല. ഭാര്യയെ കണ്ടുകിട്ടും എന്ന പ്രതീക്ഷയോടെ 'ലൂക്ക' അന്നാട്ടില്‍ തന്നെ കുറച്ചുനാള്‍ താമസിക്കാൻ തീരുമാനിക്കുന്നു. എന്നാല്‍ 'ലൂക്ക'യുടെ ആ തീരുമാനത്തിനു മുന്നില്‍ വേറെ ലക്ഷ്യങ്ങളുമുണ്ട്. എന്തായാരിക്കും ആ ലക്ഷ്യങ്ങള്‍. ആരാണ് യഥാര്‍ഥത്തില്‍ 'ലൂക്ക?'- ഇത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരത്തിലേക്കുള്ള യാത്രയാണ് 'റോഷാക്ക്'.

'കെട്ട്യോളാണ് എന്റെ മാലാഖ' എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ വരവറിയിച്ച സംവിധായകൻ നിസാം ബഷീറാണ് 'റോഷാക്കും' ഒരുക്കിയിരിക്കുന്നത്. പരീക്ഷണ സ്വഭാവമുള്ള ആഖ്യാനമാണ് നിസാം ബഷീര്‍ ചിത്രത്തിനായി സ്വീകരിച്ചിരിക്കുന്നത്. ദുരൂഹത നിറഞ്ഞ ഒരു കഥാസന്ദര്‍ഭം അവതരിപ്പിച്ചതിനു ശേഷം നിഗൂഢമായ വഴിത്തിരുവുകളിലൂടെ ആകാംക്ഷയിലേറ്റി ഒന്നൊന്നായി വെളിപ്പെട്ടുവരുന്ന തരത്തിലുളളതാണ് ചിത്രത്തിന്റെ ആഖ്യാനം. പതിവില്‍ നിന്നും വിഭിന്നമായ അനുഭവപശ്ചാത്തലത്തലമുള്ള പ്രമേയം വിശ്വസനീയമാക്കുന്നതും സംവിധായകന്റെ സമര്‍ഥമായ ആഖ്യാനമാണ്. 'ലൂക്കി'ന്റെ വ്യത്യസ്‍ത ചിന്തകളെയും അനുഭവങ്ങളെയും വെറും പറച്ചിലുകള്‍ മാത്രമാകെ അനുഭവഭേദ്യമാകുന്ന തരത്തില്‍, പ്രേക്ഷകന്റെ ചിന്തകളെയും ക്ഷണിച്ച് ദൃശ്യവത്ക്കരിക്കാൻ നിസാം ബഷീറിന് സാധിച്ചിട്ടുണ്ട്. സൈക്കോളജിക്കല്‍, സൂപ്പര്‍നാച്വറല്‍, റിവഞ്ച് ഡ്രാമ തുടങ്ങി വിവിധ അടരുകളുള്ള ചിത്രത്തെ ഒരു നിയന്ത്രിത ഴോണറില്‍ അതിരടയാളമിടാതെ പ്രേക്ഷകനുമായി കൃത്യമായി കണക്റ്റ് ചെയ്യിക്കാൻ നിസാം ബഷീറിനായിട്ടുണ്ട്. തിരക്കഥയെഴുത്തുകാരൻ സമീര്‍ അബ്‍ദുള്ളയുടെ ജാഗ്രതയും റോഷാക്കിനെ പണിക്കുറ്റം താരതമ്യേന കുറവുള്ള ചലച്ചിത്രമാക്കി മാറ്റാൻ സംവിധായകനെ സഹായിച്ചിട്ടുണ്ട്.

മമ്മൂട്ടിയുടെ ഇന്നോളമുള്ള വേഷങ്ങളില്‍ നിന്ന് ഒരു പരിധിവരെ വേറിട്ടതാണ് 'ലൂക്ക'യുടെ രൂപവും ഭാവവും. 'റോഷാക്കി'ന്റെ പ്രമേയം ആവശ്യപ്പെടുന്ന നിഗൂഢത ചിത്രത്തിലുടനീളം നിലനിര്‍ത്താൻ അടിത്തറയാകുന്നത് മമ്മൂട്ടിയുടെ സൂക്ഷ്‍മതയാര്‍ന്ന ഭാവപ്രകടനമാണ്. സംഘര്‍ഷഭരിതവും വിഭിന്നവുമായ അനുഭവപശ്ചാത്തലമുള്ള കഥാപാത്രത്തിലേക്കാണ് ഇക്കുറി മമ്മൂട്ടിയുടെ പ്രവേശനമെന്നതിനാല്‍ അത് പ്രേക്ഷകന്റെ ആസ്വാദനതലത്തെയും പ്രവര്‍ത്തനക്ഷമമാക്കുന്നു. 'ലൂക്ക'യുടെ സൂക്ഷ്‍മതലത്തിലുള്ള മുഖഭാവങ്ങളിലും സംഭാഷണ താളത്തിലും മമ്മൂട്ടി സ്‍ക്രീനില്‍ അദ്ഭുതപ്പെടുത്തുന്നു. ഏറെക്കാലം സ്‍ക്രീനില്‍ നിന്ന് മാറിനിന്ന് ബിന്ദു പണിക്കരുടെ അതിഗംഭീരമായ തിരിച്ചുവരവിനും 'റോഷാക്ക്' സഹായകരമായി. വേഷപകര്‍ച്ചകള്‍ പലവിധം വേണ്ട 'സീത' എന്ന കഥാപാത്രത്തിന്റെ ഉള്ളറിഞ്ഞുള്ള പ്രകടനമാണ് ബിന്ദു പണിക്കരുടേത്. ഷറഫുദ്ധീൻ, ജഗദീഷ് എന്നിവരുടെ നോട്ടങ്ങളും ചലനങ്ങളും ശ്രദ്ധയാകര്‍ഷിക്കുന്നതാണ്. ഗ്രേസ് ആന്റണി, സഞ്‍ജു ശിവ്‍റാം, കോട്ടയം നസീര്‍ തുടങ്ങിയിവരും പ്രകടനത്തില്‍ പ്രമേയത്തിന്റെ ആവശ്യകതയ്‍ക്ക് അനുസരിച്ച് ഉയര്‍ന്നുനില്‍ക്കുന്നു.

'റോഷാക്കി'ന്റെ പ്രമേയത്തെ അതിന്റെ തീവ്രവതയില്‍ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ഘടകം പശ്ചാത്തല സംഗീതമാണ്. ചിത്രത്തിന്റെ ത്രില്ലര്‍- ഹൊറര്‍ അനുഭവം നിലനിര്‍ത്തുന്നത് പശ്ചാത്തല സംഗീതമാണ്. മിഥുൻ മുകുന്ദനാണ് പശ്ചാത്തല സംഗീതം ചെയ്‍തിരിക്കുന്നത്. പരീക്ഷണമാതൃകയില്‍ മുന്നേറുമ്പോള്‍ തന്നെ ചലച്ചിത്രത്തിന്റെ ആസ്വാദനത്തിന് ഭംഗം വരാതെ ഓരോ ഷോട്ടും രംഗങ്ങളും കോര്‍ത്തെടുത്തതെന്ന പോലെ ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത് കിരണ്‍ ദാസ് ആണ്.

'റോഷാക്കി'നെ ഒരു മികച്ച തിയറ്റര്‍ അനുഭവമാക്കി മാറ്റുന്നത് നിമിഷ് രവിയുടെ ക്യാമറാക്കണ്ണുകള്‍ കൂടിയാണ്. കേവലം പ്രകൃതിഭംഗിക്കപ്പുറം പ്രമേയത്തിന്റെ ആവശ്യകത നിറവേറ്റുന്ന തരത്തിലാണ് നിമിഷ് രവിയുടെ ഛായാഗ്രാഹണം. മമ്മൂട്ടി കമ്പനിയുടെ നിര്‍മാണ നിലവാരത്തില്‍ വിട്ടുവീഴ്‍ചയ്ക്ക് തയ്യാറായിട്ടില്ല എന്നതിന് 'റോഷാക്കി'ന്റെ തിയറ്റര്‍ കാഴ്‍ച സാക്ഷ്യം. സാങ്കേതികത്തിവുള്ള ഒരു സിനിമാനുഭവമായിരിക്കും 'റോഷാക്ക്' എന്നത് തീര്‍ച്ച.

Read More: 'റോഷാക്ക്'; മമ്മൂട്ടിയുടെ പുത്തന്‍ അവതാരം': പ്രേക്ഷക പ്രതികരണങ്ങള്‍ ഇങ്ങനെ