Asianet News MalayalamAsianet News Malayalam

12th Man review : ത്രസിപ്പിക്കുന്ന മിസ്റ്ററി ത്രില്ലര്‍, 'ട്വല്‍ത്ത് മാൻ' റിവ്യു

മോഹൻലാല്‍ നായകനായ പുതിയ ചിത്രം 'ട്വല്‍ത്ത് മാൻ' റിവ്യു (12th Man review).

Mohanlal Jeethu Joseph film 12th Man review
Author
Kochi, First Published May 20, 2022, 11:09 AM IST

മലയാളത്തില്‍ കുറ്റാന്വേഷണ കഥകള്‍ പാളിച്ചകളില്ലാതെ മെനഞ്ഞെടുക്കുന്ന ചലച്ചിത്രകാരൻമാരില്‍  ആദ്യ പേരുകാരനെന്നതില്‍ ജീത്തു ജോസഫിന് മറ്റൊരു സാക്ഷ്യപത്രം കൂടി. അപസര്‍പ്പക നോവലുകളുടെ അന്തംവിടുന്ന വായനാനുഭവത്തിന്റെ കാഴ്‍ചാ പതിപ്പാണ് ജീത്തു ജോസഫ് 'ട്വല്‍ത്ത് മാനി'ലൂടെ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിച്ചിരിക്കുന്നത്. മോഹൻലാലിന്റെ രസകരവും പക്വതയുമാര്‍ന്ന പ്രകടനവും ചേര്‍ന്നതിനാല്‍ 'ട്വല്‍ത്ത് മാൻ' മികവാര്‍ന്ന ഒരു മിസ്റ്ററി ത്രില്ലറായി മാറുന്നു. തിരക്കഥയാണ്  'ട്വല്‍ത്ത് മാൻ' എന്ന ചിത്രത്തിന്റെ കാതല്‍ (12th Man review).

പതിനൊന്ന് സുഹൃത്തുക്കളെ ഓരോരുത്തരായി പരിചയപ്പെടുത്തുകയാണ് തുടക്കത്തില്‍ തന്നെ സംവിധായകൻ. ശേഷം ഇവരിരൊരാളുടെ ബാച്ചിലര്‍ പാര്‍ട്ടിയിലേക്ക് പ്രേക്ഷകരുടെ ശ്രദ്ധ ക്ഷണിക്കുന്നു. ആറ് സ്‍ത്രീകളും അഞ്ച് പുരുഷൻമാരുമാണ് റിസോര്‍ട്ടിലെ സംഘത്തിലുള്ളത്. ബാച്ചിലര്‍ പാര്‍ട്ടി പുരോഗമിക്കവേ ഇവരില്‍ ഒരാള്‍ കൊല്ലപ്പെടുന്നു. ആരാണ് കൊലയാളി എന്ന ഉത്തരം തേടുകയാണ് സിനിമ.

Mohanlal Jeethu Joseph film 12th Man review

അടച്ചിട്ട മുറിയിലാണ് അന്വേഷണം. ഫോണ്‍ കോളുകളിലൂടെയും വാട്‍സ്‍ആപ് മെസേജുകളിലൂടെയും ശേഷിച്ച പത്ത് പേരുടെ സംഭാഷണങ്ങളിലൂടെയുമൊക്കെ ഓരോ രഹസ്യങ്ങള്‍ പുറത്തുവരുന്ന തരത്തിലാണ് ചിത്രത്തിന്റെ ആഖ്യാനം. ഇഴച്ചലുകളില്ലാതെ ക്ലോസ്‍ഡ് റൂമിലെ കേസന്വേഷണം പുരോഗിമിക്കുന്നുവെന്നത് തന്നെ ജീത്തു ജോസഫിന്റെ ആഖ്യാനപാടവത്തിന്റെ തെളിവ്. ആരാകും കുറ്റവാളിയെന്ന സംശയം തെന്നിത്തെന്നി ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പോകുകയാണ്. കുറ്റാന്വേഷണത്തിന്റെ ആദ്യാവസാനം വരെ ആത്മഹത്യയാണോ കൊലപാതകമാണോ, ആരാണ് കൊലപാതകിയെന്ന ചോദ്യങ്ങള്‍ മാറിമറയുന്നു. ഒടുവില്‍ അവസാനരംഗം വരെ രഹസ്യത്തിന്റെ തുമ്പ് പ്രേക്ഷകന് കിട്ടാത്ത വിധമാണ് തിരക്കഥാകാരൻ കെ ആര്‍ കൃഷ്‍ണകുമാറിന്റെയും സംവിധായകൻ ജീത്തു ജോസഫിന്റെയും ആഖ്യാനം. ഒരു കഥയില്‍ മറ്റൊരു കഥയിലേക്കും ഒരു രഹസ്യത്തില്‍ നിന്ന് മറ്റൊരു രഹസ്യത്തിലേക്കും മാറിമാറിയെത്തി ഒടുവില്‍ അന്വേഷണം പൂര്‍ത്തിയാകുംവരെ ത്രില്ലടിപ്പിക്കുന്ന കാഴ്‍ചാനുഭവമാണ് ട്വല്‍ത് മാനിന്റേത്.

ഒരു മിസ്റ്ററി ത്രില്ലറിന്റെ കാഴ്‍ച സതീഷ് കുറുപ്പിന്റെ ഛായാഗ്രാഹണത്തില്‍ ഭദ്രമാണ്. റിസോര്‍ട്ടിലെ സാഹചര്യങ്ങളും മൂഡും രാത്രി ടോണും കൃത്യമായി പ്രയോജനപ്പെടുത്തിയിരിക്കുന്നു സതീഷ് കുറുപ്പിന്റെ ക്യാമറാക്കാഴ്‍ച. ഒരു കഥ പല കഥകളായി വഴിപിരിയുകയും പലപ്പോഴായി കൂട്ടിച്ചേരുകയും ചെയ്യുന്ന ആഖ്യാനത്തിന് പാകത്തിലുള്ളതാണ് വി എസ് വിനായകന്റെ കട്ടുകള്‍. അനില്‍ ജോണ്‍സണിന്റെ സംഗീതവും 'ട്വല്‍ത്ത് മാന്റെ' മൊത്തം സ്വഭാവത്തോട് ചേര്‍ന്ന് നില്‍ക്കുന്നു.

Mohanlal Jeethu Joseph film 12th Man review

'ട്വല്‍ത്ത് മാനി'ലൂടെ മോഹൻലാലിന്റെ രസകരമായ ഒരു ഇൻട്രോയും ഏറെക്കാലത്തിന് ശേഷം പ്രേക്ഷകന് കാണാം. ആരാണ്, എന്താണ് എന്ന ഒരു സൂചനയും നല്‍കാതെയാണ് മോഹൻലാലിന്റെ കഥാപാത്രത്തിന്റെ എൻട്രി. വളരെ രസകരമായ മാനറിസങ്ങളോടെ മോഹൻലാല്‍ പ്രേക്ഷകരുടെ ശ്രദ്ധ കവരുന്നുണ്ട്. കഥയുടെ രണ്ടാം പാതിയില്‍ മറ്റൊരു മുഖമാണ് മോഹൻലാലിന്. വളരെ കയ്യടക്കത്തോടെയും പ്രകടനത്തില്‍ മോഹൻലാല്‍ മിസ്റ്ററി ത്രില്ലറിന്റെ ത്രില്ല് അനുഭവപ്പെടുത്തുന്നു. അനുശ്രീ, ശിവദ, പ്രിയങ്ക നായര്‍, അനു സിത്താര, ലിയോണ ലിഷോയ്, അദിതി രവി സൈജു കുറുപ്പ്, ഉണ്ണി മുകുന്ദൻ, രാഹുല്‍ മാധവ്, ചന്തു നാഥ്, അനു മോഹൻ, നന്ദു തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഓരോരുത്തരും അവരവര്‍ക്ക് കിട്ടിയ സ്‍ക്രീൻ സ്‍പേസ് ഫലപ്രദമായി ഉപയോഗിച്ചിട്ടുണ്ട്.

Read More : 'ദൃശ്യ'വുമായി താരതമ്യം ചെയ്യാനാകുന്ന സിനിമയല്ല, 'ട്വല്‍ത്ത് മാനെ' കുറിച്ച് ജീത്തു ജോസഫ്

Follow Us:
Download App:
  • android
  • ios