Asianet News MalayalamAsianet News Malayalam

തെക്കിനി വീണ്ടും തുറന്ന് ഗംഗ, നൂറുവട്ടം കണ്ടാലും അതേ ഫ്രഷ്നെസ്; മണിച്ചിത്രത്താഴ് വീണ്ടും കണ്ടപ്പോൾ..

ആദ്യ കാഴ്ചയിൽ പൊട്ടിക്കരഞ്ഞ ഞാൻ, എല്ലാവരെയും പോലെ വീണ്ടും വീണ്ടും മണിച്ചിത്രത്താഴ് ടിവിയിൽ ആവർത്തിച്ച് കണ്ടപ്പോൾ കരുതിയിരുന്നില്ല എന്നെങ്കിലും ബിഗ് സ്ക്രീനിൽ ആ ചിത്രം കാണാൻ കഴിയുമെന്ന്.

mohanlal movie manichitrathazhu re release review, 4k dolby atmos
Author
First Published Aug 17, 2024, 2:54 PM IST | Last Updated Aug 19, 2024, 1:42 PM IST

ഴാം ക്ലാസിൽ പഠിക്കുന്ന സമയം. അന്നൊരിക്കൽ ദൂരദർശനിൽ മോഹൻലാൽ സിനിമ വരുന്നുണ്ട്, കാണാൻ പോകണമെന്ന് അമ്മയും ചേച്ചിമാരും പറഞ്ഞു. ശക്തിമാനൊക്കെ കണ്ടുനടന്ന എനിക്കും അതിലൊരു കൗതുകവും ആവേശവും തോന്നി. ഒടുവിൽ അയല്‍പ്പക്കത്തെ വീട്ടിലെ കുഞ്ഞ് കളർ ടിവിയിൽ തെളിഞ്ഞ് വന്നു സ്വർഗചിത്ര അപ്പച്ചൻ അവതരിപ്പിക്കുന്ന 'മണിച്ചിത്രത്താഴ്'. ടൈറ്റിലിനൊപ്പം ത്രിശൂലം(ചിത്രത്താഴ്) പോലിരിക്കുന്നൊരു പൂട്ടും. എന്റെ കണ്ണുടക്കിയത് ആ താഴിലേക്കാണ് എന്ന് പറയേണ്ടതില്ലല്ലോ. പിന്നാലെ 'അക്കുത്തിക്കാനക്കൊമ്പിൽ..' എന്ന് തുടങ്ങിയ പാട്ടിനൊപ്പം ഓരോ അണിയറ പ്രവർത്തകരുടെയും പേരുകൾ എഴുതി വന്നു. കൗതുകത്തോടെ അതെല്ലാം നോക്കിക്കണ്ടു.

ഉണ്ണിത്താന്റെ ഒരു ശ്ലോകത്തോടെ തുടങ്ങിയ സിനിമ ഓരോ നിമിഷം കഴിഞ്ഞപ്പോഴും ആവേശത്തോടെ ഞാൻ കണ്ടിരുന്നു. ശ്രീദേവിയും നകുലനും ഗംഗയും ഡോ. സണ്ണിയും കാട്ടുപറമ്പനും തമ്പിയും ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടും കിണ്ടിയും(ചന്തു) അല്ലിയും ഭാസുര കുഞ്ഞമ്മയും മഹാദേവനും ഉണ്ണിത്താനും തുടങ്ങി ഓരോ കഥാപാത്രങ്ങളും സീനുകളും പാട്ടുകളും ആ ഏഴാംക്ലാസുകാരിയോട് ഇഷ്‍ടംകൂടി. ഗംഗ, നാഗവല്ലിയായി മാറുന്നത് കണ്ട് ഞെട്ടി, പേടിച്ചു വിറച്ചു. കരഞ്ഞുകൊണ്ട് അമ്മയെ കെട്ടിപ്പിടിച്ചു. ആ ഒരനുഭവം മറ്റൊരു സിനിമ കണ്ടിട്ടും പിന്നീട് എനിക്ക് ഉണ്ടായിട്ടില്ല. അന്ന് മുതൽ മണിച്ചിത്രത്താഴ് എന്ന സിനിമ മനസിൽ കയറിക്കൂടിയതാണ്. പിന്നീട് പ്രായം കൂടുംന്തോറും ആ സിനിമ ആവർത്തിച്ച് കണ്ടുകൊണ്ടേയിരുന്നു. എട്ടുംപൊട്ടും തിരിയാത്ത പ്രായത്തിൽ കണ്ടിരുന്ന കഥാപാത്രങ്ങൾ ആരൊക്കെയാണ് അവതരിപ്പിച്ചതെന്ന് മനസിലായി. സിനിമയുടെ മറ്റ് അടരുകള്‍, സൈക്കോളജിക്കൽ എലമെന്റ്, അസ്വാദന തലങ്ങൾ എല്ലാം മാറിക്കൊണ്ടിരുന്നു. പക്ഷേ ആ ഏഴാം ക്ലാസുകാരി ആദ്യം കണ്ടപ്പോഴേ തിരിച്ചറിഞ്ഞ ഒരു മുഖമേ ഉള്ളൂ..മോഹൻലാൽ.

mohanlal movie manichitrathazhu re release review, 4k dolby atmos

ആദ്യ കാഴ്ചയിൽ പൊട്ടിക്കരഞ്ഞ ഞാൻ, എല്ലാവരെയും പോലെ വീണ്ടും വീണ്ടും മണിച്ചിത്രത്താഴ് ടിവിയിൽ ആവർത്തിച്ച് കണ്ടപ്പോൾ കരുതിയിരുന്നില്ല എന്നെങ്കിലും ബിഗ് സ്ക്രീനിൽ ആ ചിത്രം കാണാൻ കഴിയുമെന്ന്. ഒടുവിൽ ഇന്ന് ഞാനും വീണ്ടും കണ്ടു. നാഗവല്ലിയും ഡോ സണ്ണിയും നകുലനും മന്ത്രവാദക്കളവും തെക്കിനിയും കാലാനുവർത്തിയായി നിൽക്കുന്ന സംഭാഷണങ്ങളും സീനുകളും പുത്തൻ ദൃശ്യമികവിന്റെ അകമ്പടിയോടെ. പുതിയൊരു സിനിമയ്ക്ക് കാണാൻ പോകുന്ന ആകാംക്ഷയോടെ.  

നെടുമുടി വേണു, ഇന്നസെന്റ്, തിലകൻ, കെപിഎസി ലളിത, കുതിരവട്ടം പപ്പു തുടങ്ങി ഓര്‍മകളുടെ സ്‍ക്രീനിലേക്ക് മറഞ്ഞ പ്രതിഭകളെ ഓർമിപ്പിച്ച് കൊണ്ടാണ് മണിച്ചിത്രത്താഴ് ടൈറ്റിൽ തെളിഞ്ഞത്. പകരക്കാരാകാൻ മറ്റാർക്കും കഴിയില്ലല്ലോ, അവർക്ക് തുല്യം അവർ മാത്രം', എന്ന തോന്നലിലാകണം ഓരോ പ്രേക്ഷകനും ദീർഘനിശ്വാസത്തോടെ അവരെ ഓർത്തെടുക്കുന്നുണ്ടായിരുന്നു. നെഞ്ചിൽ എവിടെയോ ഒരു വിങ്ങലുണർന്നു. മുപ്പത്തിയൊന്ന് വർഷങ്ങൾക്ക് ശേഷം മലയാളത്തിന്റെ കൾട്ട് ക്ലാസിക് വീണ്ടും എത്തിയപ്പോൾ അവർ കാത്തിരുന്നത് പ്രതിഭാധനരായ ഈ പ്രിയ താരങ്ങളെ ഒന്നു കൂടി കാണാനും കൂടിയായിരുന്നു എന്നത് തിയറ്ററിൽ നിന്നുയർന്ന കയ്യടികളിൽ നിന്നും വ്യക്തമായി. മനോഹര ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയ സിനിമയുടെ ഗാനരചയിതാക്കളായ ബിച്ചു തിരുമലയും സംഗീത സംവിധായകരായ എം ജി രാധാകൃഷ്‍ണനും ജോൺസണും നമുക്കൊപ്പമില്ല എന്നതും സങ്കടപ്പെടുത്തി.

mohanlal movie manichitrathazhu re release review, 4k dolby atmos

ആദ്യ സൃഷ്‍ടിക്ക് ഒരു കോട്ടവും തട്ടാതവണ്ണം മികവാർന്ന രീതിയിൽ ആണ് പുത്തൻ സാങ്കേതികവിദ്യ സിനിമയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. കണ്ടും കേട്ടും പഴകിയ പശ്ചാത്തല സംഗീതവും പാട്ടുകളും തിയറ്ററിൽ സമ്മാനിച്ചത് ചെറുതല്ലാത്ത ആവേശവും സിനിമാനുഭവവും. ഓരോ മലയാളികൾക്കും മനഃപാഠമാണ് മണിച്ചിത്രത്താഴിലെ സംഭാഷങ്ങളും സീനുകളും. മുൻകൂട്ടി അറിയാവുന്ന കോമഡി രംഗങ്ങൾ ആണെങ്കിലും പൊട്ടിച്ചിരിയോടെ പ്രേക്ഷകർ അതേറ്റെടുക്കുന്നത് കണ്ടപ്പോൾ, എന്തെന്നില്ലാത്ത സന്തോഷം തോന്നി. ഇന്നത്തെ കാലത്ത് നഷ്‍ടമായി കൊണ്ടിരിക്കുന്ന ശുദ്ധഹാസ്യത്തിന്റെ ഓർമയായിരുന്നു എനിക്കപ്പോൾ.

പശ്ചാത്തല സംഗീതവും പാട്ടുകളും ആയിരുന്നു തിയറ്റർ എക്സ്പീരിയൻസിലെ വലിയ ഹൈലൈറ്റ്. മലയാളികൾക്ക് അത്രകണ്ട് പരിചയമില്ലാതിരുന്ന ഒരു പ്ലോട്ടിനെ അത്രയും സ്വാഭാവികതയോ‍ടെ അനുഭവവേദ്യമാക്കിയത് ജോൺസൺ മാഷിന്റെയും എം.ജി.രാധാകൃഷ്‍ണന്റെയും സംഗീതമാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. മന്ത്രവാദക്കളത്തിന്റെ അന്തരീക്ഷവും ഓരോ ഗാനങ്ങളും ശോഭനയുടെ നാഗവല്ലിയായുള്ള പകർന്നാട്ട രംഗങ്ങളും തുടങ്ങി ഓരോ സീനുകളിലും ഈ പ്രതിഭകൾ സമ്മാനിച്ച കയ്യൊപ്പുകൾ വളരെ വലുതാണ്. പ്രണയം മാത്രമല്ല ഹെറർ ബിജിഎമ്മുകളും തനിക്ക് വഴങ്ങുമെന്ന് ജോൺസൺ മാഷ് തെളിയിച്ച ചിത്രം, വീണ്ടും കണ്ടപ്പോഴും ഈ സംഗീത മാന്ത്രികത പ്രേക്ഷകരെ ഒരേസമയം ഭയപ്പെടുത്തുകയും കോരിത്തരിപ്പിക്കുകയും പിടിച്ചിരുത്തുകയും ചെയ്യുന്നുണ്ട്. ഇനി എത്രതന്നെ ആവർത്തിച്ച് കണ്ടാലും കേട്ടാലും ഒരിക്കലും പുതുമ നഷ്ടമാകാതെ നിലനിൽക്കും ആ മാജിക്.

മണിച്ചിത്രത്താഴ് തിയറ്ററിൽ വരുന്നുവെന്ന് അറിഞ്ഞപ്പോൾ മുതൽ കാണാൻ ആഗ്രഹിച്ചത് ക്ലൈമാക്സ് ആണ്. ഒരുപക്ഷേ മറ്റുള്ളവരും അങ്ങനെയാകും. പണ്ട് ഡിവിഡി കാസറ്റിൽ ഇട്ട് പലയാവർത്തി കണ്ടിട്ടുണ്ടെങ്കിലും ആ സീനുകൾ ബിഗ് സ്ക്രീനിൽ കാണാൻ വല്ലാത്ത കൊതിയായിരുന്നു.

mohanlal movie manichitrathazhu re release review, 4k dolby atmos

പൂർണമായും നാഗവല്ലിയായി മാറിയ ഗംഗയുടെ 'ഒരു മുറൈ വന്ത് പാർത്തായ..' മുതൽ ആരംഭിക്കുന്ന ക്ലൈമാക്സ്, ആകാശത്തൂടെ പോകുന്ന വിമാനത്തെ നോക്കിക്കാണുന്ന ഒരു കൊച്ചു കുട്ടിയുടെ കൗതുകത്തോടെ നോക്കിയിരുന്നു. അത്രയും നേരം ചിരികളാലും കരഘോഷങ്ങളാലും മുഖരിതമായ തിയറ്റർ പതിയെ നിശബ്ദമായി. പതിറ്റാണ്ടുകളായുള്ള നാഗവല്ലിയുടെ പ്രതികരവും തിയറ്ററിൽ തെളിമയോടെ കേട്ട സൗണ്ട് എഫ്ക്സും പശ്ചാത്തല സംഗീതവും ഒക്കെ കൂടിയായപ്പോൾ തിയറ്ററിലെ നിറഞ്ഞ ആള്‍ക്കൂട്ടത്തിനൊപ്പം ശ്വാസം അടക്കിപ്പിടിച്ചു അക്ഷമയോടെ ഞാനുമിരുന്നു.

കാർന്നോരെ, നാഗവല്ലി ഉഗ്രകോപത്തോടെ ആഞ്ഞ് വെട്ടാൻ ഒരുങ്ങിയപ്പോൾ, എന്നിലെ ആ പഴയ ഏഴാം ക്ലാസുകാരി മിന്നി മറഞ്ഞു കൊണ്ടിരുന്നു. പതിയെ മുഖം പൊത്തി. വിരലുകൾക്ക് ഇടയിലൂടെ ക്ലൈമാക്സ് കണ്ടു. ഒടുവിൽ നകുലന്റെ പഴയ ഗംഗയെ തിരികെ കൊടുത്ത് ഡോ. സണ്ണി തിരികെ പോകാൻ ഇറങ്ങുമ്പോൾ എത്തുന്ന കാട്ടുപറമ്പന്റെ സീൻ വേണ്ടി വന്നു പന്ത്രണ്ട് വയസുകാരിയില്‍ നിന്നും തിരികെ എത്താൻ.

mohanlal movie manichitrathazhu re release review, 4k dolby atmos

'വരുവാനില്ലാരുമീ..' പശ്ചാത്തലത്തിലും സണ്ണിയെ കാണാൻ ഓടിയെത്തുന്ന ശ്രീദേവിയും പുതുജീവിതം നയിക്കാൻ പോകുന്ന ഗംഗയും നകുലനും യാത്ര പറഞ്ഞിറങ്ങുമ്പോൾ, എന്റെ ഉള്ളിൽ ഒരു കാര്യം മാത്രം. 'ഇനിയാർക്കും ഒരിക്കലും ആവർത്തിക്കാനും അനുകരിക്കാനും സാധിക്കാത്ത ദൃശ്യവിസ്‍മയമാണ് മലയാളത്തിന്റെ മണിച്ചിത്രത്താഴ്'. അത്രയ്ക്കുണ്ട് ഫാസിൽ എന്ന സംവിധായകനും മധു മുട്ടം എന്ന തിരക്കഥാകൃത്തും കൂടി സമ്മാനിച്ച ഈ ബ്ലോക് ബസ്റ്റർ ചിത്രം. ഇനി എത്ര തലമുറകൾ മാറി മാറി വന്നാലും മലയാളത്തിന്റെ കൾട്ടായി മണിച്ചിത്രത്താഴും നാഗവല്ലിയും തെക്കിനിയുമെല്ലാം പുതുമ നഷ്‍ടപ്പെടാതെ നിലനിൽക്കുക തന്നെ ചെയ്യും.

അനാവശ്യ വിവാദം, മമ്മൂട്ടിയുടെ ഒരു ചിത്രവും അവാർഡിന് അപേക്ഷിച്ചിട്ടില്ല: ജൂറി അംഗം ബി പത്മകുമാർ

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios