ഇന്ദ്രജിത്ത് നായകനായ ധീരത്തിന്റെ റിവ്യു.
അഴിക്കുന്തോറും മുറുകുന്ന കുരുക്കു പോലെ ആകാംക്ഷയില്‍ കോര്‍ത്തിട്ട ഒരു ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലര്‍ സിനിമാ കാഴ്‍ചയാണ് ധീരം. ആദ്യ രംഗത്തില്‍ തന്നെ ഴോണര്‍ വെളിപ്പെടുത്തി മുന്നോട്ടുപോകുന്ന സിനിമ. അവസാനം മാത്രം സസ്‍പെൻസ് വെളിവാകുന്ന രീതിയില്‍ ഒരുക്കിയിരിക്കുന്ന സിനിമയുമാകുന്നു ധീരം. തിയറ്ററില്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ഒരു സിനിമാ കാഴ്‍ചയാകുന്നു ധീരം.
ഐജി ജേക്കബ് ചെറിയാന്റെ മരുമകൻ ജോണ്‍ കുര്യൻ കൊല്ലപ്പെടുന്നു. ആ കൊലപാതക കേസ് അന്വഷിക്കാൻ നിയോഗിക്കപ്പെടുന്നതാകട്ടെ എഎസ്‍പി സ്റ്റാലിൻ ജോസഫാണ്. ജോണ്‍ കുര്യന്റെ കൊലപാതകത്തിന് പിന്നാലെ നാല് യുവാക്കളും കൊല്ലപ്പെടുന്നു. ഓരോ യുവാവിന്റെ കൊലപാതകത്തിലും ഓരോ ലീഡ് കൊലയാളി ബാക്കിവയ്‍ക്കുന്നു. ആ യുവാക്കള്‍ തമ്മിലുള്ള ബന്ധം എന്താണ്?. എന്തിനാണ് ആ യുവാക്കളെ കൊലയാളി കൊന്നത്?. ആ അന്വേഷണമാണ് എഎസ്‍പി മുന്നില്‍ ഉള്ളത്.
എ സര്‍ട്ടിഫിക്കറ്റോടെയാണ് ധീരം തിയറ്ററുകളിലെത്തിയിരിക്കുന്നത്. കട്ടുകള്‍ ധീരത്തിന്റെ ആകെ സത്തയെ ബാധിക്കുമെന്നതിനാലാകാം ധീരം പ്രവര്‍ത്തകര്‍ എ സര്‍ട്ടിഫിക്കറ്റോടെ തന്നെ ചിത്രം പ്രദര്‍ശനത്തിനെത്തിക്കാൻ തീരുമാനിച്ചതും. അത്ര കണ്ട് ഇമോഷണലായ രംഗങ്ങള്‍ ചിത്രത്തിന്റെ ആകെ കഥയ്‍ക്ക് അനിവാര്യമാണുതാനും. എല്ലാത്തരം പ്രേക്ഷരെയും ധീരത്തിന്റെ കാഴ്‍ചക്കാരാക്കുന്നതില്‍ പ്രധാനവുമാണ് ആ രംഗങ്ങള്‍.
നിരവധി ട്വിസ്റ്റുകളും സിനിമയെ ഉദ്വേഗജനകമാക്കുന്നു. കേസ് അന്വേഷണത്തിന്റെ സ്വാഭാവിക പരിണാമത്തില്‍ അവസാനിക്കുന്നതല്ല ധീരം എന്ന പ്രത്യേകതയുമുണ്ട്. തെറ്റേത് ശരിയേത് എന്ന് ഒരു അന്വേഷണ ഉദ്യോഗസ്ഥന്റെ യുക്തിക്കും വികാരവിചാരങ്ങള്‍ക്കും വിടുന്ന രീതിയാണ് സിനിമയുടേത്. ആ തീരുമാനത്തില്‍ പ്രേക്ഷകനും ഒപ്പം ചേരുമോ ഇല്ലയോ എന്നത് സിനിമ ബാക്കിയാക്കുന്ന ചോദ്യം.
ജിതിൻ സുരേഷ് ടിയാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. ചടുലമായ ചലച്ചിത്ര ആഖ്യാനമാണ് ജിതിന്റേത്. ഓരോ രംഗത്തിനപ്പുറവും അടുത്തതെന്ത് എന്ന ചോദ്യമുനയില്‍ പ്രേക്ഷകനെ കോര്‍ത്തിടുന്ന ആഖ്യാനമാണ് ധീരത്തില്‍ ജിതിൻ സുരേഷ് ടി സ്വീകരിച്ചിരിക്കുന്നത്. ദീപു എസ് നായര്‍, സന്ദീപ് സദാനന്ദൻ എന്നിവര്‍ ചേര്‍ന്ന് എഴുതിയ തിരക്കഥയും സിനിമയുടെ നട്ടെല്ലാകുന്നു.
ഒരു ഇടവേളയ്‍ക്ക് ശേഷം ഇന്ദ്രജിത്ത് സുകുമാരന്റെ ധീരമായ കഥാപാത്ര തെരഞ്ഞെടുപ്പുമാകുന്നു ധീരം. സ്റ്റാലിൻ ജോസഫ് എന്ന പൊലീസ് ഓഫീസറെയാണ് ഇന്ദ്രജിത്ത് അവതരിപ്പിച്ചിരിക്കുന്നത്. പക്വമായ വേഷപ്പകര്‍ച്ചയിലൂടെ സ്റ്റാലിനെ അവിസ്‍മരണീയമാക്കിയിരിക്കുന്നു ഇന്ദ്രജിത്ത് സുകുമാരൻ. ഇന്ദ്രജിത്തിന്റെ ഭാവങ്ങളും ചലനങ്ങളും നിഗൂഢത നിലനിര്‍ത്തുന്ന ഒരു കഥാസന്ദര്‍ഭത്തിനും മുതിര്‍ന്ന പൊലീസ് ഓഫീസര്‍ക്കും കൃത്യമായ അളവില്‍ ചേരുംപടി ചേരുന്നു. നിരവധി ശക്തരായ സ്‍ത്രീ കഥാപാത്രങ്ങളും സിനിമയുടെ പ്രത്യേകതയാകുന്നു. ദിവ്യാ പിള്ള, അവന്തിക മോഹൻ തുടങ്ങിയവര്‍ക്ക് പുറമേ ഒരു സര്‍പ്രൈസ് നടിയും ചിത്രത്തില്‍ വേറിട്ട വേഷപ്പകര്‍ച്ചയില്‍ എത്തിയിരിക്കുന്നു. നിഷാന്ത് സാഗര്‍, സാഗര്‍ സൂര്യ, രണ്‍ജി പണിക്കര്‍ തുടങ്ങിയവരും അവരവരുടെ വേഷങ്ങള്‍ മികച്ചതാക്കിയിരിക്കുന്നു.
സൗഗന്ദ് എസ് യുവാണ് ഛായാഗ്രാഹണം. സൗഗന്ദിന്റെ ക്യാമറാക്കാഴ്‍ചകള്‍ സിനിമയുടെ പ്രമേയത്തിനൊത്തുള്ളതാണ്. സിനിമയുടെ പശ്ചാത്തലത്തോട് ചേര്‍ന്നു നില്‍ക്കുന്നതാണ് സംഗീത സംവിധായകൻ മണികണ്ഠൻ അയ്യപ്പയുടെ സംഗീതം. നാഗൂരൻ രാമചന്ദ്രന്റെ കട്ടുകളും ധീരം സിനിമയുടെ സ്വഭാവത്തിനൊത്തുള്ളതാണ്.
