Asianet News MalayalamAsianet News Malayalam

ത്രില്ലടിപ്പിക്കുന്ന ചാക്കോച്ചന്‍; 'നിഴല്‍' റിവ്യൂ

ജോണ്‍ ബേബി എന്ന ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ആണ് കുഞ്ചാക്കോ ബോബന്‍റെ നായക കഥാപാത്രം. ഒരു വാഹനാപകടത്തില്‍ നിന്നും ചെറിയ പരിക്കുകളോടെ രക്ഷപെട്ടതിനു ശേഷമുള്ള ദിവസങ്ങളിലാണ് ജോണ്‍ ബേബിയെ സംവിധായകന്‍ പ്രേക്ഷകര്‍ക്കു മുന്നിലേക്ക് അവതരിപ്പിക്കുന്നത്.

nizhala malayalam movie review
Author
Thiruvananthapuram, First Published Apr 9, 2021, 7:18 PM IST

സംസ്ഥാന അവാര്‍ഡ് ജേതാവായ എഡിറ്റര്‍ അപ്പു എന്‍ ഭട്ടതിരിയുടെ സംവിധായക അരങ്ങേറ്റം, കുഞ്ചാക്കോ ബോബനും നയന്‍താരയും ആദ്യമായി ഒരുമിച്ച് സ്ക്രീനിലെത്തുന്ന ചിത്രം, ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സിനിമ.. ഫേസ് ഗാര്‍ഡ് മാസ്‍ക് വച്ച കുഞ്ചാക്കോ ബോബന്‍റെ വ്യത്യസ്‍ത ഗെറ്റപ്പിനൊപ്പം റിലീസിനു മുന്‍പ് 'നിഴല്‍' നേടിയ പ്രേക്ഷകശ്രദ്ധ ഇക്കാരണങ്ങളാലായിരുന്നു. 

ജോണ്‍ ബേബി എന്ന ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ആണ് കുഞ്ചാക്കോ ബോബന്‍റെ നായക കഥാപാത്രം. ഒരു വാഹനാപകടത്തില്‍ നിന്നും ചെറിയ പരിക്കുകളോടെ രക്ഷപെട്ടതിനു ശേഷമുള്ള ദിവസങ്ങളിലാണ് ജോണ്‍ ബേബിയെ സംവിധായകന്‍ പ്രേക്ഷകര്‍ക്കു മുന്നിലേക്ക് അവതരിപ്പിക്കുന്നത്. എന്നാല്‍ ആശ്വാസത്തിനു പകരം പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോഡര്‍ (post traumatic stress disorder) എന്ന മാനസികനിലയിലാണ് അയാള്‍. അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദത്തിന്‍റെ ഉപോല്‍പ്പന്നമായി ഇന്ദ്രിയങ്ങളെപ്പോലും വിശ്വസിക്കാനാവാത്ത, കണ്‍മുന്നില്‍ അയഥാര്‍ഥമായ ചില കാഴ്ചകള്‍ കാണുന്ന ദിനങ്ങള്‍. ഈ ദിനങ്ങളിലൊന്നിലാണ് സുഹൃത്തായ ചൈല്‍ഡ് സൈക്കോളജിസ്റ്റ് ശാലിനി (ദിവ്യപ്രഭ) അയാളോട് ഒരു അനുഭവം പങ്കുവെക്കുന്നത്. സ്‍കൂള്‍ ക്ലാസില്‍ ഒരു കഥ പറയാന്‍ അധ്യാപിക ആവശ്യപ്പെട്ടപ്പോള്‍ ഞെട്ടിക്കുന്ന ഒരു കൊലപാതക കഥ പറഞ്ഞ രണ്ടാം ക്ലാസുകാരനെക്കുറിച്ചാണ് അത്. കുട്ടി എങ്ങനെ ഇത്തരമൊരു കഥ പറഞ്ഞുവെന്ന ശാലിനിയുടെ ചോദ്യത്തില്‍ അതേക്കുറിച്ച് അന്വേഷിക്കാനിറങ്ങുന്ന ജോണ്‍ ബേബിയെ കാത്തിരിക്കുന്നത് ഞെട്ടിക്കുന്ന ചില ആകസ്‍മികതകളാണ്. പരസ്‍പരം ബന്ധപ്പെട്ടിരിക്കുന്നവയെന്ന് ഒറ്റ നോട്ടത്തില്‍ വിശ്വസിക്കാനാവാത്ത സംഭവങ്ങളുടെ വസ്‍തുതകള്‍ തേടി ജോണ്‍ ബേബി നടത്തുന്ന അന്വേഷണങ്ങളാണ് 'നിഴലി'ന്‍റെ പ്ലോട്ട്.

nizhala malayalam movie review

 

ത്രില്ലറുകളില്‍ ചിലപ്പോഴൊക്കെ കടന്നുവരാറുള്ള നോണ്‍-ലീനിയര്‍ നരേറ്റീവിനു പകരം നേരിട്ടുള്ള ലളിതമായ കഥപറച്ചിലാണ് സംവിധായകന്‍ അവലംബിച്ചിരിക്കുന്നത്. നായക കഥാപാത്രത്തെ അയാളുടെ പശ്ചാത്തലമടക്കം പരിചയപ്പെടുത്തിയതിനു ശേഷം അയാള്‍ക്ക് പൂര്‍ത്തിയാക്കാനുള്ള ഒരു മിഷന്‍ മുന്നിലേക്ക് വരുന്നു, ഒപ്പം മറ്റു പ്രധാന കഥാപാത്രങ്ങളും. ആദ്യ കേള്‍വിയില്‍ തന്നെ നിഗൂഢത അനുഭവപ്പെടുത്തുന്ന, രണ്ടാം ക്ലാസ്സുകാരന്‍റെ കഥപറച്ചില്‍ എന്ന പ്ലോട്ട് പരിചയപ്പെടുത്തിയതിനു ശേഷം നരേഷനെ അനായാസം മുന്നോട്ട് നയിക്കുകയാണ് സംവിധായകന്‍. നിരവധി കഥാപാത്രങ്ങളോ സബ് പ്ലോട്ടുകളോ കടന്നുവരുന്നതിനു പകരം ഈ ഒറ്റ പ്ലോട്ടിന്‍റെ വികാസം എന്ന നിലയിലാണ് 'നിഴലി'ന്‍റെ ഘടന. ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എന്ന നിലയിലുള്ള അധികാരം ഉപയോഗിക്കുന്നുണ്ടെങ്കിലും ഏറെക്കുറെ വ്യക്തിപരമായാണ് ജോണ്‍ ബേബി നടത്തുന്ന അന്വേഷണങ്ങള്‍. സ്പെഷല്‍ ബ്രാഞ്ച് അടക്കം തന്നെ നിരീക്ഷിക്കുന്നുവെന്ന ബോധ്യത്തിലും ഫോക്കസ് നഷ്ടപ്പെടാതെ മുന്നോട്ടുപോകുന്നു അയാള്‍.

nizhala malayalam movie review

 

'അഞ്ചാം പാതിരാ'യിലെ 'ഡോ. അന്‍വര്‍ ഹുസൈന്' ശേഷം ഒരു ഇന്‍വെസ്റ്റിഗേഷന്‍റെ ഭാഗമാവുന്ന കുഞ്ചാക്കോ ബോബന്‍ കഥാപാത്രമാണ് ജോണ്‍ ബേബി. എന്നാല്‍ ഇവിടെ ക്രൈം സമ്മാനിക്കുന്ന ഞെട്ടലിനേക്കാള്‍ അതിന്‍റെ നിഗൂഢതയ്ക്കാണ് പ്രാധാന്യം. അപകടത്തില്‍ മൂക്കിന്‍റെ പാലത്തിനേറ്റ പരിക്ക് കാരണം ഫേസ് ഗാര്‍ഡ് മാസ്‍ക് വച്ച നിലയിലാണ് 'ജോണ്‍ ബേബി'യെ നമ്മള്‍ കാണുന്നത്. ഫസ്റ്റ് ഹാഫ് അവസാനിക്കുവോളം തുടരുന്ന ഈ ലുക്കിലും കഥാപാത്രത്തെ തന്മയത്വത്തോടെ അവതരിപ്പിച്ചു എന്നതിനാണ് കുഞ്ചാക്കോ ബോബനുള്ള മാര്‍ക്ക്. ആദ്യമായി ഒരുമിച്ച് സ്ക്രീനിലെത്തുന്ന ചാക്കോച്ചനും നയന്‍താരയ്ക്കുമിടയിലുള്ള ഒരു കെമിസ്ട്രി അനുഭവപ്പെടുത്തുന്നുണ്ട് ചിത്രം. ഒരു മോഷന്‍ ഗ്രാഫിക്സ് കമ്പനിയില്‍ ജോലി ചെയ്യുന്ന, സിംഗിള്‍ മദര്‍ ആയ 'ശര്‍മ്മിള' എന്ന കഥാപാത്രത്തെയാണ് നയന്‍താര അവതരിപ്പിച്ചിരിക്കുന്നത്. നയന്‍താരയെപ്പോലെ താരപരിവേഷമുള്ള ഒരു അഭിനേത്രിയെ ആ വേഷത്തില്‍ കാസ്റ്റ് ചെയ്‍തതിന്‍റെ ഗുണം സിനിമയ്ക്കുണ്ട്. അതേസമയം പരസ്യചിത്രങ്ങളിലൂടെ നേരത്തേ ശ്രദ്ധ നേടിയിട്ടുള്ള ഇസിന്‍ ഹാഷ് എന്ന ബാലതാരമാണ് നിഴലിലെ ഏറ്റവും ശ്രദ്ധേയ കാസ്റ്റിംഗ്. 'ക്രിയേറ്റീവ്' ആയ രണ്ടാംക്ലാസുകാരന്‍ നിധിനെ കാണികള്‍ക്ക് സംശയങ്ങളൊന്നും തോന്നാത്ത തരത്തില്‍ സ്ക്രീനില്‍ എത്തിച്ചിട്ടുണ്ട് ഇസിന്‍. സൈജു കുറുപ്പും റോണി ഡേവിഡുമാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

nizhala malayalam movie review

 

എഡിറ്റര്‍ എന്ന നിലയില്‍ ശ്രദ്ധേയനായ ഒരാളുടെ സംവിധായക അരങ്ങേറ്റ ചിത്രത്തിന്‍റെ (അതും ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ചിത്രം) പേസിംഗ് കൗതുകമുണര്‍ത്തുന്ന ഒന്നാണ്. ചടുലമായ കട്ടുകളെ ആശ്രയിക്കാതെ, തിരക്കഥയില്‍ അതീവ ആത്മവിശ്വാസമുള്ള ഒരു സംവിധായകനെയാണ് 'നിഴലി'ല്‍ കാണാനാവുക. വിഷ്വലി ആദ്യന്തം ഏകദേശം ഒറ്റ പേസിംഗിലാണ് ചിത്രം പോകുന്നത്. അതേസമയം കൃത്യമായ ഇടവേളകളില്‍ റിവീല്‍ ചെയ്യപ്പെടുന്ന നിര്‍ണ്ണായക വിവരങ്ങള്‍ ക്ലൈമാക്സിനോടടുക്കവെ 'ഞെട്ടിക്കല്‍ ശേഷി' ആര്‍ജ്ജിക്കുന്നുണ്ട്. ദീപക് ഡി മേനോന്‍റെ ഫ്രെയ്‍മുകള്‍ ചിത്രത്തിന്‍റെ നട്ടെല്ലായി നില്‍ക്കുന്നുണ്ട്. അനാവശ്യ ഗിമ്മിക്കുകളൊന്നുമില്ലാതെ ജോണറിന്‍റെ ഗൗരവവും മൂഡും ഛായാഗ്രാഹകന്‍ കാത്തുസൂക്ഷിച്ചിട്ടുണ്ട്. സൂരജ് എസ് കുറുപ്പിന്‍റെ സംഗീതവും സംവിധായകന് നിര്‍ണ്ണായക സഹായമായി മാറുന്നുണ്ട്. 

ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ എന്ന ജോണറിനോട് നീതി പുലര്‍ത്തുന്ന ചിത്രമാണ് നിഴല്‍. അതേസമയം മിസ്റ്ററി എന്ന ഘടകം കൂടി കടന്നുവരുന്ന, ഫ്രഷ്നെസ് അനുഭവിപ്പിക്കുന്ന ഒരു പ്ലോട്ടുമാണ് ചിത്രത്തിന്‍റേത്. കുഞ്ചാക്കോ ബോബന്‍ സമീപകാലത്ത് നടത്തുന്ന വിവേകപൂര്‍ണ്ണമായ തിരഞ്ഞെടുപ്പുകളുടെ തുടര്‍ച്ചയാണ് ഈ ചിത്രവും. 

Follow Us:
Download App:
  • android
  • ios