18 വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന, മഹേഷ് നാരായണൻ സംവിധാനം ചെയ്ത ചിത്രം പ്രതീക്ഷ കാത്തോ?
18 വര്‍ഷങ്ങള്‍ക്കിപ്പുറം മലയാള സിനിമയുടെ ഏറ്റവും വലിയ താര ബ്രാന്‍ഡുകള്‍ ഒന്നിക്കുന്ന ചിത്രം. അതും ആഖ്യാനത്തില്‍ സ്വന്തം സിഗ്നേച്ചര്‍ ഉള്ള പുതുതലമുറയിലെ ശ്രദ്ധേയ സംവിധായകന്‍ മഹേഷ് നാരായണന്‍റെ സംവിധാനത്തില്‍. ഒപ്പം ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര, രേവതി, രാജീവ് മേനോന്‍ എന്നിങ്ങനെ തിളക്കം കൂടുന്ന താരനിര. ഒരു ശരാശരി സിനിമാപ്രേമിക്ക് കാത്തിരിക്കാന്‍ ആവശ്യത്തിലധികം കാരണങ്ങള്‍ ഉള്ള ചിത്രമായിരുന്നു പേട്രിയറ്റ്. മലയാളത്തില്‍ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന ലാര്‍ജ് സ്കെയില്‍ ക്യാന്‍വാസില്‍ മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ചെത്തുമ്പോള്‍ മഹേഷ് നാരായണന്‍ എന്താവും കാത്തുവച്ചിരിക്കുക എന്നതായിരുന്നു ചിത്രത്തിന്‍റെ സസ്പെന്‍സ്. റിലീസിന് മുന്‍പ് അണിയറക്കാര്‍ പറഞ്ഞതൊന്നും വെറുതെ ആയിരുന്നില്ലെന്ന് ബോധ്യപ്പെടുത്തുന്നതാണ് ചിത്രത്തിന്‍റെ കാഴ്ചാനുഭവം.
നിത്യജീവിതത്തെ അനായാസമാക്കുന്ന, സാങ്കേതികവിദ്യയുടെ വളര്‍ച്ച എത്തരത്തിലൊക്കെ ദുരുപയോഗം ചെയ്യപ്പെടാനും സാധിക്കുന്ന ഒന്നാണെന്ന് മുന്നറിയിപ്പ് നല്‍കുന്ന സിനിമയാണ് പേട്രിയറ്റ്. നമ്മുടെ മറ്റൊരു അവയവം പോലെ മാറിയിരിക്കുന്ന സ്മാര്‍ട്ട് ഫോണിന്‍റെ ഉപയോഗം എത്രത്തോളം സുരക്ഷിതമാണെന്നും ഇന്‍റര്‍നെറ്റ് കാലത്ത് വിലയില്ലാതാവുന്ന സ്വകാര്യതയില്‍ ഇനി ആശങ്കപ്പെടേണ്ടതില്ലെന്ന് ധരിക്കുന്നത് ശരിയാണോ എന്നും തുടങ്ങി നാം ജീവിക്കുന്ന കാലത്തെക്കുറിച്ച് ഗൗരവമുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന ചിത്രമാണ് ഇത്. അണിയറക്കാര്‍ റിലീസിന് മുന്‍പ് പറഞ്ഞിരുന്നതുപോലെ അഭിനയിക്കുന്ന താരങ്ങളെ സെലിബ്രേറ്റ് ചെയ്യുക എന്ന ലക്ഷ്യത്തോടെ മാത്രം എഴുതിയിരിക്കുന്ന മസാലകളൊന്നും മഹേഷ് നാരായണന്‍റെ തിരക്കഥയില്‍ ഇല്ല. മറിച്ച് പൂര്‍ണാര്‍ഥത്തില്‍ ഒരു പ്ലോട്ട് ഡ്രിവണ്‍ സിനിമയാണ് പേട്രിയറ്റ്.
ഒരു ഗാന്ധി അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കുന്ന ഭരണ പാര്‍ട്ടിയുടെ രണ്ട് ഉന്നത നേതാക്കള്‍ തമ്മിലുള്ള സംഭാഷണങ്ങളോടെ അടുത്ത മൂന്ന് മണിക്കൂര്‍ നമ്മള്‍ കാണാന്‍ പോകുന്ന വേറിട്ട ഒരു ലോകത്തേക്ക് സ്വാഭാവികമായ എന്‍ട്രി ഒരുക്കുകയാണ് മഹേഷ് നാരായണന്‍. ഇന്ദ്രപ്രസ്ഥവും അവിടുത്തെ അധികാരത്തിന്‍റെ ഇടനാളികളും കാഴ്ചയില്‍ അത്രയും വിശ്വസനീയതയോടെ എത്തിച്ചു എന്നത് ഒരു സംവിധായകന്‍ എന്ന നിലയില്‍ മഹേഷ് നാരായണന്‍റെ ആദ്യ വിജയമാണ്. ദില്ലി മാത്രമല്ല, ചിത്രം അതിന്‍റെ കഥ പറച്ചിലില്‍ ഷിഫ്റ്റ് ചെയ്ത് പോകുന്ന ഇടങ്ങളൊക്കെയും വിശ്വസനീയമായി പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ മഹേഷിന് സാധിച്ചിട്ടുണ്ട്. സ്ഥലങ്ങള്‍ മാത്രമല്ല, കഥാപാത്രങ്ങളായി വിശ്വസനീയത തോന്നുന്ന അഭിനേതാക്കളും അവരുടെ ബോഡി ലാംഗ്വേജും പെര്‍ഫോമന്‍സുകളുമൊക്കെയാണ് ചിത്രത്തില്‍. ഒപ്പം മലയാളത്തിന്‍റെ ബിഗ് സ്ക്രീനില്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ചില സീക്വന്‍സുകളുമുണ്ട് ചിത്രത്തില്‍.
കേന്ദ്ര സര്‍ക്കാരില്‍ ഒരു മുന്‍ സയന്‍റിഫിക് അഡ്വൈസര്‍ ആയിരുന്ന ആളാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന ഡോ. ഡാനിയല്‍ ജെയിംസ്. ജോലിയില്‍ എപ്പോഴും എത്തിക്സ് കാത്തുസൂക്ഷിക്കുന്ന, ടെക്നോളജി ഉപയോഗത്തിലെ അണ്‍ എത്തിക്കല്‍ ആയ കാര്യങ്ങളെ തടയാന്‍ ശ്രമിച്ചിട്ടുള്ള, ശ്രമിക്കുന്ന ഒരാള്‍. എന്നാല്‍ രാജ്യത്തിന്‍റെ പല പ്രധാന മിഷനുകളുടെയും ബുദ്ധികേന്ദ്രമായിരുന്ന അയാള്‍ ഒരിക്കല്‍ രാജ്യത്തിന് അനഭിമതനാവുകയാണ്. അധികാരകേന്ദ്രങ്ങള്‍ തനിക്കെതിരെ തിരിയുമ്പോള്‍ എങ്ങനെയുമുള്ള സ്വയരക്ഷ മാത്രമല്ല അയാള്‍ക്ക് മുന്നിലുള്ള മിഷന്‍, മറിച്ച് അയാളുടെ എത്തിക്സിന് ശരിയെന്ന് തോന്നുന്ന സുപ്രധാനമായ ചില കാര്യങ്ങളും അയാള്‍ക്ക് പൂര്‍ത്തിയാക്കാനുണ്ട്. അതിനായി ഡാനിയല്‍ ജെയിംസ് നടത്തുന്ന ശ്രമങ്ങളാണ് പേട്രിയറ്റിന്‍റെ പ്ലോട്ട്.
പല താരങ്ങളെ ചേര്‍ത്തുവച്ച് മറ്റൊരു ട്വന്‍റി 20 ആക്കാനല്ല ഇവിടെ മഹേഷ് നാരായണന്‍റെ ശ്രമം. മറിച്ച് ഒരു ചെറു കഥാപാത്രത്തിന്‍റെ പോലും കാസ്റ്റിംഗ് സുപ്രധാനമാണ് ഈ ചിത്രത്തില്‍. മമ്മൂട്ടിക്കും മോഹന്‍ലാലിനും മലയാളത്തിന്‍റെ ബിഗ് എംസ് എന്ന ബഹുമാനം കൊടുക്കുന്നുണ്ടെങ്കിലും സിനിമയില്‍ ആത്യന്തികമായി അവര്‍ ഡോ. ഡാനിയല്‍ ജെയിംസും കേണല്‍ റഹിം നായിക്കുമാണ്. മമ്മൂട്ടിയുടെ ഡാനിയലിന് ഏറ്റവും ആവശ്യമുള്ള സമയത്ത് സഹായവുമായി എത്തുന്ന ആളാണ് ആത്മസുഹൃത്തായ കേണല്‍ റഹിം. രേവതിയും കുഞ്ചാക്കോ ബോബനും ഫഹദുമൊക്കെ തങ്ങള്‍ക്ക് അനുയോജ്യമായ കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചിരിക്കുന്നതെങ്കിലും ചിത്രത്തിലെ ഏറ്റവും മികച്ച കാസ്റ്റിംഗ് രാജീവ് മേനോന്‍റേതാണെന്ന് പറയേണ്ടിവരും. ജെ പി സുന്ദരം എന്ന പ്രമുഖ രാഷ്ട്രീയ നേതാവിനെ ആദ്യ കാഴ്ചയില്‍ തന്നെ രജിസ്റ്റര്‍ ചെയ്യുന്നുണ്ട് രാജീവ്. തുടര്‍ന്നുള്ള അദ്ദേഹത്തിന്‍റെ പെര്‍ഫോമന്‍സും അങ്ങനെ തന്നെ.
മമ്മൂട്ടിയെ യഥാര്‍ഥ പ്രായത്തിന് ചേര്‍ന്ന തരത്തില്‍ ഏറ്റവും മികച്ച രീതിയില്‍ അവതരിപ്പിച്ചിരിക്കുന്ന ചിത്രം കൂടിയാണ് പേട്രിയറ്റ്. ദില്ലിയുടെ അധികാര ഇടനാഴികളില്‍ ജോലി ചെയ്യുന്ന ഒരാളുടെ രൂപഭാവങ്ങള്‍ മമ്മൂട്ടിയില്‍ ഭദ്രമായിരുന്നു. അദ്ദേഹം ഇതുവരെ അവതരിപ്പിച്ചിട്ടില്ലാത്ത തരത്തിലുള്ള കഥാപാത്രം കൂടിയാണ് ഡാനിയല്‍ ജെയിംസ്. മോഹന്‍ലാലിനെ സംബന്ധിച്ചും കഥാപാത്രത്തിന്‍റെ ചില സവിശേഷതകള്‍ ആദ്യമാണ്. ആരാധകര്‍ക്ക് കൈയടിക്കാനുള്ള മൊമെന്‍റുകള്‍ കുറവാണെങ്കിലും അത്തരത്തിലുള്ള ചില നിമിഷങ്ങള്‍ ചിത്രത്തിലുണ്ട്. മഹേഷ് നാരായണനൊപ്പം ചിത്രത്തില്‍ കൈയടി അര്‍ഹിക്കുന്നത് ഛായാഗ്രാഹകന്‍ മനുഷ് നന്ദനാണ്. ഹിന്ദിയില്‍ വന്‍ പടങ്ങള്‍ ചെയ്തിട്ടുള്ള, തമിഴിലും തെലുങ്കിലുമൊക്കെ പ്രതിഭ തെളിയിച്ചിട്ടുള്ള മനുഷിന്‍റെ മോളിവുഡ് അരങ്ങേറ്റം കൂടിയാണ് പേട്രിയറ്റ്. ആദ്യം മുതല്‍ അവസാനം വരെ തിരക്കഥയിലുള്ള ചടുലതയെ അതേപടി സ്ക്രീനിലേക്ക് ട്രാന്‍സിലേറ്റ് ചെയ്തിട്ടുണ്ട് അദ്ദേഹം. സംവിധായകനൊപ്പം രാഹുല്‍ രാധാകൃഷ്ണനും ചേര്‍ന്നാണ് ഒരിക്കലും ഒഴുക്ക് തടസപ്പെടുത്താത്ത രീതിയില്‍ ചിത്രം കട്ട് ചെയ്തിരിക്കുന്നത്. സംഗീത സംവിധായകന്‍ എന്ന നിലയില്‍ സുഷിന്‍ ശ്യാം തന്‍റെ ലെവല്‍ ഒരിക്കല്‍ക്കൂടി അടയാളപ്പെടുത്തുകയാണ് പേട്രിയറ്റിലൂടെ. താന്‍ ഇതുവരെ ചെയ്യാത്ത തരത്തിലുള്ള സിനിമയ്ക്ക് സുഷിന്‍ നല്‍കിയിരിക്കുന്ന സ്കോര്‍ ഈ മേഖലയിലേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു പാഠപുസ്തകമാണ്.
ആരാണ് ദേശസ്നേഹി എന്ന സമകാലിക പ്രാധാന്യമുള്ള ചോദ്യം കൂടി ഉയര്‍ത്തുന്നുണ്ട് ചിത്രം. ഡിസെന്‍റ്, വിമതന്‍ എന്നാണ് പേട്രിയറ്റ് എന്ന ടൈറ്റില്‍ സ്ക്രീനില്‍ ആദ്യമായി വരുമ്പോള്‍ പശ്ചാത്തലത്തിലുള്ള ഡയലോഗ്. ചിത്രം പറയുന്ന രാഷ്ട്രീയവും അതുതന്നെ.



