ഗിരീഷ് എ.ഡി സംവിധാനം ചെയ്ത് നിവിൻ പോളി നായകനായ ബെത്‌ലഹേം കുടുംബ യൂണിറ്റ് ആഗോളതലത്തിൽ 300 കോടി രൂപ നേടി മലയാളത്തിലെ എക്കാലത്തെയും വലിയ പണംവാരി ചിത്രമായി മാറി. ഏറ്റവും വേഗത്തിൽ ഈ അപൂർവ്വ നേട്ടം കൈവരിച്ച ചിത്രമാണിത്.
ഗിരീഷ് എ.ഡി സംവിധാനം ചെയ്ത് നിവിൻ പോളി നായകനായി എത്തിയ 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളിൽ സർവ്വകാല കളക്ഷൻ റെക്കോർഡുമായി അഞ്ചാം വാരത്തിലും പ്രദർശനം തുടരുന്നു. 28-ാം ദിനത്തിലും സംസ്ഥാനത്തുടനീളം 266 കേന്ദ്രങ്ങളിലാണ് ചിത്രം നിറഞ്ഞ സദസ്സിൽ പ്രദർശനവുമായി മുന്നേറുന്നത്. നിവിൻ പോളിയുടെ കരിയറിലെ ഏറ്റവും മികച്ച വിജയമായി മാറിയ ചിത്രം മലയാളത്തിലെ ഏറ്റവും വേഗമേറിയ 300 കോടി ചിത്രമെന്ന അപൂർവ്വ നേട്ടവും സ്വന്തമാക്കികഴിഞ്ഞു.
ആഗോളതലത്തിൽ 300 കോടിയും കടന്ന് കുതിക്കുന്ന ചിത്രം മലയാളത്തിലെ എക്കാലത്തെയും മികച്ച കളക്ഷൻ നേടുന്ന സിനിമയായിരിക്കുകയുമാണ്. നിവിൻ പോളിക്കൊപ്പം മമിത ബൈജുവാണ് ചിത്രത്തിൽ നായിക വേഷത്തിലുള്ളത്. ഭാവന സ്റ്റുഡിയോസിന്‍റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തിൽ ശ്രദ്ധേയ വേഷങ്ങളിലുള്ളത്. കേരളത്തിന് പുറമെ തമിഴ്‌നാട്, ആന്ധ്ര-തെലങ്കാന മേഖലകളിലും ജിസിസി രാജ്യങ്ങളിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
സിനിമയുടെ ബോക്‌സ് ഓഫീസ് നേട്ടം നിലനിർത്താൻ അണിയറപ്രവർത്തകർ ഉപയോഗിച്ച ഷോർട് ഫിലിം അടക്കമുള്ള വേറിട്ട പ്രൊമോഷൻ തന്ത്രങ്ങളും ചിത്രത്തെ വാർത്തകളിൽ സജീവമാക്കി നിർത്തുകയുണ്ടായി. മുമ്പ് സൂപ്പർ ഹിറ്റായ ചിത്രങ്ങള്‍ക്കൊക്കെ നാലാം വാരം ആകുമ്പോഴേക്കും തിയേറ്ററുകകൾ കുറയാറാണ് പതിവ്. 130, 150 തിയേറ്ററുകളാണ് ഒട്ടുമിക്ക സിനിമകള്‍ക്കും പൊതുവെ ലഭിക്കാറുള്ളത്. എന്നാൽ 'ബെത്‍ലഹേം കുടുംബ യൂണിറ്റ്' കാണാൻ അഞ്ചാം വാരത്തിലും പ്രേക്ഷകരുടെ തിരക്കാണ് എവിടേയും.
വിഷ്ണു വിജയന്‍റെ വ്യത്യസ്തയാർന്ന സംഗീതവും അജ്‌മൽ സാബുവിന്‍റെ ക്യാമറക്കണ്ണുകളും ആകാശ് ജോസഫ് വർഗ്ഗീസിന്‍റെ കൃത്യതയാർന്ന എഡിറ്റിംഗും സിനിമയ്ക്ക് നൽകിയ മികവ് ചെറുതല്ല. പ്രായഭേദമന്യേ ഏവരും വീണ്ടും തിയേറ്ററുകളിലേക്ക് റീവാച്ചിനായി വരുന്നതിനാൽ തന്നെ ഇപ്പോഴും ഹൗസ്ഫുൾ ഷോകളുമായി പ്രദർശനം തുടർന്നുകൊണ്ടിരിക്കുകയാണ്.



