ഇരുപത്തിയഞ്ചാമത്തെ സിനിമയില്‍ എത്തിനില്‍ക്കുമ്പോള്‍ താൻ തീര്‍ത്തും ഒരു സ്റ്റാര്‍ മെറ്റീരിയലാണ് എന്ന് ബള്‍ട്ടിയില്‍ അടിവരയിടുന്നുണ്ട് ഷെയ്‍ൻ നിഗം.

ആക്ഷന്റെ പൊടിപൂരം, അടിമുടി ഒരു എന്റര്‍ടെയ്‍നര്‍, ഷെയ്‍ൻ നിഗത്തിന്റെ തകര്‍പ്പൻ തിരിച്ചുവരവ്. ഇതൊക്കെയാണ് ബാള്‍ട്ടി എന്ന സിനിമയുടെ തിയറ്റര്‍ കാഴ്‍ച അനുഭവം.

കേരള- തമിഴ്‍നാട് അതിര്‍ത്തിയിലാണ് ബള്‍ട്ടിയുടെ കഥ നടക്കുന്നത്. കബഡിയുടെ പശ്ചാത്തലത്തിലാണ് ബള്‍ട്ടി ഒരുക്കിയിരിക്കുന്നത്. പഞ്ചമി റൈഡേഴ്‍സ് എന്ന കബഡി ക്ലബിന്റെ എല്ലാമെല്ലാമാണ് ക്യാപ്റ്റൻ കുമാറും ബള്‍ട്ടി പ്ലെയര്‍ ഉദയനുമടക്കമുള്ളവര്‍. ഗ്രൗണ്ടില്‍ അസാധ്യ മെയ്‍വഴക്കത്തിലൂടെ കബഡി മത്സരം കളിക്കുന്ന ഈ സുഹൃത്തുക്കളുടെ കഥയ്‍ക്കൊപ്പം സമാന്തരമായി അന്നാട്ടില്‍ പിടിമുറുക്കിക്കൊണ്ടിരിക്കുന്ന മൂന്ന് സംഘം വട്ടിപ്പലിശക്കാരുടെ പകയും പ്രതികാരവും ചതിയും കൊടുംക്രൂരതയുമെല്ലാം പറയുന്നു ബള്‍ട്ടി.

അതിര്‍ത്തി ഗ്രാമത്തില്‍ ഇന്ന് ഏറ്റവും സജീവമായ വട്ടിപ്പലിശക്കാരൻ ഭൈരവനാണ്. പൊര്‍താമരൈ ഫിനാൻസിന്റെ നടത്തിപ്പുകാരനാണ് ഭൈരവൻ. അവര്‍ക്ക് പൊര്‍താമരൈ കമഡി ടീമുമുണ്ട്. ആ സംഘത്തിന്റെ ടീമിലേക്ക് പഞ്ചമി റൈഡേഴ്‍സിലെ പ്രധാന താരങ്ങള്‍ ചേരുന്നു. അതോടുകൂടിയാണ് കഥയുടെ ഗതി മാറുന്നത്. തുടര്‍ന്ന് ഭൈരവന്റെ പ്രിയപ്പെട്ടവരായി മാറുന്ന കുമാറും ഉദയനുമടക്കമുള്ള പഞ്ചമി റൈഡേഴ്‍സിലെ നാല്‍വര്‍ സംഘം. ഇത് ഇവരുടെ ജീവിതത്തില്‍ വരുത്തുന്ന വഴിത്തിരിവാണ് സിനിമയെയും ആകാംക്ഷഭരിതമാക്കുന്നതും.

ഒരു പക്കാ ആക്ഷൻ എന്റര്‍ടെയ്‍നറായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. തുടക്കം മുതലേ ചടുലമായ ആക്ഷൻ രംഗങ്ങളാല്‍ സമ്പന്നമാണ് ബള്‍ട്ടി, ഫ്ലാഷ്‍ബാക്കില്‍ ബള്‍ട്ടിയുടെ കഥ പറഞ്ഞിരിക്കുന്നതും ആകര്‍ഷകമാണ്. കബഡി മത്സരത്തിന്റെ ആവേശവും അക്ഷരാര്‍ഥത്തില്‍ സിനിമയെ ത്രസിപ്പിക്കുന്നതാക്കുന്നു.

നവാഗതനായ ഉണ്ണി ശിവലിംഗമാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. നവാഗതന്റെ പതര്‍ച്ചകളില്ലാതെ ഇരുത്തംവന്ന സംവിധായകന്റെ ആഖ്യാന വൈഭവത്തോടെ ബള്‍ട്ടി ഒരുക്കാൻ ഉണ്ണി ശിവലിംഗത്തിന് സാധിച്ചിട്ടുമുണ്ട്. ചടുലമായ ആഖ്യാനം പ്രമേയത്തിന്റെ സ്വാഭാവത്തെ സാധൂരിക്കുന്ന തരത്തിലുമുള്ളതാണ്. സിനിമാറ്റിക്കും എന്നാല്‍ വിശ്വസനീയവുമായ തിരക്കഥയാണ് സംവിധായകൻ ബള്‍ട്ടിക്കായി ഒരുക്കിയിരിക്കുന്നത്.

അഭിനേതാക്കളുടെ കാര്യമെടുത്താൻ ഷെയ്‍ൻ നിഗത്തിന്റെ ഒരു വിളയാട്ടമാണ് ബള്‍ട്ടി. ഇരുപത്തിയഞ്ചാമത്തെ സിനിമയില്‍ എത്തിനില്‍ക്കുമ്പോള്‍ താൻ തീര്‍ത്തും ഒരു സ്റ്റാര്‍ മെറ്റീരിയലാണ് എന്ന് ബള്‍ട്ടിയില്‍ അടിവരയിടുന്നുണ്ട് ഷെയ്‍ൻ നിഗം. ആര്‍ഡിഎക്സിലുടെ ആക്ഷനും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച ഷെയ്‍ൻ നിഗം ബള്‍ട്ടിയില്‍ അസാധ്യ മെയ്‍വഴക്കത്തോടെയാണ് സംഘട്ടന രംഗങ്ങള്‍ കൈകാര്യം ചെയ്‍തിരിക്കുന്നത് എന്നും എടുത്തുപറയേണ്ടതാണ്. പ്രണയവും ഇമോഷനുമെന്നും ഷെയ്‍നില്‍ ഭദ്രം. ഷെയ്‍ൻ നിഗത്തിന്റെ ഒരു റീ ലോഞ്ച് ആയി കണക്കാക്കാവുന്നതുമാണ് ബള്‍ട്ടി.

ഷെയ്‍ൻ നിഗത്തിനു പുറമേ ശന്തനു ഭാഗ്യരാജ് ആണ് ബള്‍ട്ടിയില്‍ നിറഞ്ഞുനില്‍ക്കുന്നത്. തമിഴ് പശ്ചാത്തലമുള്ള കഥാപാത്രമായ കുമാറായി ശന്തനു മിന്നിത്തിളങ്ങിയിരിക്കുന്നു. വിവിധ അടരുകളുള്ള ഒരു കഥാപാത്രമാണ് സിനിമയില്‍ ശന്തനുവിന്റേത്. ഭൈരവനായി എത്തിയിരിക്കുന്ന തമിഴ് താരവും സംവിധായകനുമായ ശെല്‍വരാഘവൻ പക്വതയാര്‍ന്ന പ്രകടനത്തിലൂടെ പ്രതിനായക സങ്കല്‍പ്പങ്ങള്‍ക്ക് പുത്തൻ ഭാവം പകര്‍ന്നിരിക്കുന്നു. ജീമാ എന്ന കഥാപാത്രമായി ബാള്‍ട്ടി സിനിമയില്‍ എത്തിയ പൂര്‍ണിമാ ഇന്ദ്രജിത്തും പ്രകടനം കൊണ്ട് തലയെടുപ്പോടെ നില്‍ക്കുന്നു. സംവിധായകൻ അല്‍ഫോണ്‍സ് പുത്രന്റെ സോഡാ ബാബു എന്ന കഥാപാത്രവും വേറിട്ടുനില്‍ക്കുന്നു. സായ് അഭ്യങ്കർ ആദ്യമായി മലയാളത്തിലെത്തിയിരിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ബള്‍ട്ടിക്ക് ഉണ്ട്. പ്രമേയത്തിനൊത്ത സംഗീതത്താല്‍ പാട്ടുകള്‍ ഇമ്പമുള്ളതാക്കിയിരിക്കുന്നു. പശ്ചാത്തല സംഗീതവും സിനിമയുടെ ത്രില്ലിംഗ് സ്വഭാവത്തെ എൻഹാൻസ് ചെയ്യുന്നു. ആക്ഷൻ സന്തോഷ്, വിക്കി എന്നിവരുടെ സ്റ്റണ്ട് കൊറിയോഗ്രാഫിയും ബള്‍ട്ടിയുടെ മികവ് ഉയര്‍ത്തിയിരിക്കുന്നു. അലക്സ് ജെ പുളിക്കലിന്റെ ഛായാഗ്രാഹണവും ചടുലമായ ആഖ്യാനത്തിനൊത്തുള്ളതാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക