തമിഴില്‍ കഴിഞ്ഞ വര്‍ഷത്തെ മികച്ച വിജയങ്ങളിലൊന്നായിരുന്നു ഷങ്കര്‍ സംവിധാനം ചെയ്ത 2.0. രജനീകാന്തും അക്ഷയ്കുമാറും യഥാക്രമം നായകനെയും പ്രതിനായകനെയും അവതരിപ്പിച്ച ചിത്രം ഇന്ത്യന്‍ സിനിമയില്‍ ഷങ്കറില്‍ നിന്ന് മാത്രം പ്രതീക്ഷിക്കാനാവുന്ന ദൃശ്യവിസ്മയമെന്നാണ് പൊതുവില്‍ വിലയിരുത്തപ്പെട്ടത്. ബോക്‌സ്ഓഫീസില്‍ 500 കോടിയിലധികം നേടിയ ചിത്രത്തിന് സംഗീതം പകര്‍ന്നത് എ ആര്‍ റഹ്മാന്‍ ആയിരുന്നു. ചിത്രത്തിന്റെ ഒറിജിനല്‍ സൗണ്ട് ട്രാക്ക് പുറത്തുവിട്ടിരിക്കുകയാണ് നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സ്. എ ആര്‍ റഹ്മാനിലെ സംഗീതജ്ഞന്റെ സൂക്ഷ്മത അടയാളപ്പെടുത്തുന്ന 39 മിനിറ്റുകളാണ് പുറത്തെത്തിയ വീഡിയോയില്‍ ഉള്ളത്.