ജലമാമാങ്കങ്ങളുടെ രാജാവായ നെഹ്രു ട്രോഫി ജലമേളയ്ക്ക് ഇനി രണ്ടാഴ്ചകള്‍ കൂടി മാത്രം. ആലപ്പുഴ പുന്നമടക്കായലില്‍ ചുണ്ടനും ഇരുട്ടുകുത്തിയും ഓടിയും വെപ്പുമൊക്കെ മത്സരത്തിനിറങ്ങും മുന്‍പ് ഇത്തവണത്തെ നെഹ്രു ട്രോഫിയുടെ ഔദ്യോഗിക ഗാനം പുറത്തെത്തി. ജോസി ആലപ്പുഴ സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് സച്ചിന്‍ വാര്യരും ജോസി ആലപ്പുഴയും ചേര്‍ന്നാണ്. മ്യൂസിക് വീഡിയോ ആയിട്ടാണ് പാട്ട് പുറത്തെത്തിയിരിക്കുന്നത്.

ബി കെ ഹരിനാരായണന്റേതാണ് വരികള്‍. വീഡിയോ സംവിധാനം ചെയ്ത് എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നത് തേജസ് സതീശന്‍. ഛായാഗ്രഹണം പ്രണവ് രമേശ്. ഏരിയല്‍ സിനിമാറ്റോഗ്രഫി അരുണ്‍ അശോക്. നെഹ്രു ട്രോഫി ജലമേളയുടെ ആവേശവും ആഹ്ലാദവും ഈണത്തിലും ദൃശ്യങ്ങളിലുമായി കാഴ്ചവെക്കുന്ന ഗാനത്തിന് 'ആവേശം' എന്നാണ് പേരിട്ടിരിക്കുന്നത്.