നാല്പത്തഞ്ച് കോടിയിലേറെ കാഴ്ചക്കാരെ സ്വന്തമാക്കി സൂപ്പർഹിറ്റ് ഗാനം ‘ബുട്ട ബൊമ്മ‘. ‘അല വൈകുണ്ഠപുരമുലോ’ എന്ന ചിത്രത്തിൽ അല്ലു അർജുൻ–പൂജ ഹെഗ്ഡെ ജോഡികൾ തകർത്താടിയ ​ഈ ​ഗാനം ആസ്വാദകരെ ഒന്നാകെ ചുവട് വയ്പ്പിക്കുകയായിരുന്നു.  തമൻ എസ് സംഗീതം നൽകിയ പാട്ടിന് അർമാൻ മാലിക്ക് ആണ് ​ഗാനം ആലപിച്ചത്. രാമജോഗയ്യ ശാസ്ത്രിയുടേതാണു വരികൾ.

45 കോടി പിന്നിട്ടതിന്റെ റിപ്പോർട്ടുകൾ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തന്നെയാണ് പുറത്തു വിട്ടത്. ‘ബുട്ട ബൊമ്മ’യുടെ വിജയാഘോഷത്തിന്റെ ഭാഗമായി പുറത്തിറക്കിയ സ്പെഷൽ പോസറ്ററും ശ്രദ്ധ നേടി. അല്ലു അർജുനും ഗായകൻ അർമാൻ മാലിക്കിനും നന്ദി പറഞ്ഞുകൊണ്ടായിരുന്നു തമൻ പോസ്റ്റർ പങ്കുവച്ചത്. 

ഈ വർഷം ഫെബ്രുവരിയിലാണ് പാട്ട് പുറത്തിറങ്ങിയത്. മികച്ച പ്രതികരണങ്ങളോടെ മുന്നേറിയ പാട്ട് സിനിമാപ്രേമികളെ ഒന്നാകെ കയ്യിലെടുത്തു. പലപ്പോഴായി പലരും പാട്ടിനൊപ്പം ചുവടുവച്ച് വിഡിയോകൾ പോസ്റ്റ് ചെയ്തു. 

ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണറെയും കെവിൻ പീറ്റേഴ്സനെയുമുൾപ്പെടെ ​ഗാനം ചുവടു വയ്പ്പിച്ചിരുന്നു.  ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്ത ചിത്രത്തിൽ അല്ലുവിനൊപ്പം ജയറാം, തബു, പൂജ ഹെഗ്ഡെ, സമുദ്രക്കനി, ഗോവിന്ദ് പത്മസൂര്യ എന്നിവരായിരുന്നു പ്രധാനവേഷങ്ങളിൽ എത്തിയത്.