പ്രേക്ഷകർ കാത്തിരിക്കുന്ന സണ്ണി വെയ്ൻ ചിത്രമാണ് അനുഗ്രഹീതൻ ആന്റണി. ലക്ഷ്യ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ എം ഷിജിത്ത് നിർമിച്ച് പ്രിൻസ് ജോയ് ഒരുക്കുന്ന ചിത്രത്തിലെ പുതിയ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. 'നീയെ' എന്ന് തുടങ്ങുന്ന ഗാനത്തിന് മികച്ച സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്. നിവിൻ പോളിയുടെ ഫേസ്ബുക് പേജിലൂടെയാണ് ഗാനം പുറത്തിറങ്ങിയത്. അരുൺ മുരളീധരൻ സംഗീത സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ ഗാന രചന നിർവഹിച്ചിരിക്കുന്നത് മനു മഞ്ജിത്താണ്. വിനീത് ശ്രീനിവാസനും ഹരിത ബാലകൃഷ്ണനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. 96 എന്ന സിനിമയിലൂടെ സുപരിചിതയായ ഗൗരി കിഷൻ സണ്ണി വെയ്നിന്റെ നായികയായി മലയാളത്തിലേക്ക് എത്തുന്നു എന്ന പ്രത്യേകത കൂടി അനുഗ്രഹീതൻ ആന്റണിക്കുണ്ട്. 
 

നേരത്തെ ചിത്രത്തിലെ തന്നെ കാമിനി എന്ന ഗാനം 21 മില്യണിലധികം ആളുകളാണ് കണ്ടത്. ജിഷ്ണു സ് രമേശിന്റേയും അശ്വിൻ പ്രകാശിന്റെയും കഥക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിക്കുന്നത് നവീൻ ടി മണിലാൽ ആണ്.  സണ്ണി വെയിനിനും ഗൗരിക്കുമൊപ്പം, സിദ്ധിഖ്, ഇന്ദ്രൻസ്, സൂരജ് വെഞ്ഞാറമൂട്, ബൈജു സന്തോഷ്, ഷൈൻ ടോം ചാക്കോ, മാല പാർവതി, മുത്തുമണി, മണികണ്ഠൻ ആചാരി, ജാഫർ ഇടുക്കി എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ അനുഗ്രഹീതൻ ആന്റണിയുടെ ഭാഗമായുണ്ട്. സെൽവകുമാറാണ്  ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്തിരിക്കുന്നത്. അപ്പു ഭട്ടതിരി എഡിറ്ററും അരുൺ വെഞ്ഞാറമൂട് ആർട്ട് ഡയറക്ടറുമാണ്. ശങ്കരൻ എ എസും, സിദ്ധാർത്ഥൻ കെ സിയും സൗണ്ട് ഡിസൈൻ ചെയ്തിരിക്കുന്ന അനുഗ്രഹീതൻ ആന്റണിയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ബിജു ബെർണാഡ് ആണ്. സണ്ണി വെയ്നും ഗൗരിയും പ്രണയജോടികളായി എത്തുന്ന സിനിമ എന്ന നിലയിൽ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.