ഷാനിൽ മുഹമ്മദ്‌ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന അവിയൽ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. നിവിൻ പോളിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഗാനം പുറത്തിറക്കിയത്. മനമേ എന്ന് തുടങ്ങുന്ന ഗാനം ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. 

പോക്കറ്റ് എസ്ക്വയർ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ  ഒരുങ്ങുന്ന ചിത്രത്തിന്‍റെ ഗാനങ്ങൾക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്  ശങ്കർ ശർമ, ശരത് എന്നിവർ ചേർന്നാണ്. മനു മഞ്ജിത്, നിസ്സാം ഹുസൈൻ, മാത്തൻ, ജിസ് ജോയ് തുടങ്ങിയവരാണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്. സിറാജ്ജുദ്ധീൻ കേതിക്കി നാരായണൻ തുടങ്ങിയവരാണ് ഗാന രംഗത്ത് കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്. ജോജു ജോർജ്,  അനശ്വര രാജൻ, ആത്മീയ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സുജിത്ത് സുരേന്ദ്രൻ നിര്‍മിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് സുദീപ് എളമൺ, ജിംഷി ഖാലിദ്, രവി ചന്ദ്രൻ, ജിക്കു ജേക്കബ് പീറ്റർ എന്നിവർ ചേർന്നാണ്. എഡിറ്റിങ് റഹ്മാൻ മുഹമ്മദും അലി ലിജോ പോളും നിർവഹിക്കുന്നു.