ചിത്രം തിയറ്ററുകളിലെത്താന്‍ രണ്ട് ദിവസം കൂടി

മമ്മൂട്ടിയെ (Mammootty) നായകനാക്കി അമല്‍ നീരദ് (Amal Neerad) സംവിധാനം ചെയ്യുന്ന ഭീഷ്മ പര്‍വ്വത്തിന്‍റെ (Bheeshma Parvam) സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം ആണ്. ചിത്രത്തിലെ നേരത്തെ പുറത്തെത്തിയ ഗാനങ്ങളൊക്കെ ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടംപിടിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ഒരു പുതിയ ഗാനവും പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. രതിപുഷ്‍പം എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്. ആലപിച്ചിരിക്കുന്നത് ഉണ്ണി മേനോന്‍. എണ്‍പതുകളിലും മറ്റും കേട്ടുശീലിച്ച മട്ടിലുള്ള ഗാനവും ആലാപനവുമാണ് ഗാനത്തിന്‍റേത്.

അതേസമയം ചിത്രം തിയറ്ററുകളിലെത്താന്‍ രണ്ട് ദിവസം കൂടിയേ ബാക്കിയുള്ളൂ. ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷം എത്തുന്ന അമല്‍ നീരദ്- മമ്മൂട്ടി ചിത്രം എന്ന നിലയില്‍ പ്രഖ്യാപന സമയം മുതല്‍ വലിയ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണിത്. ബിഗ് ബിയുടെ തുടര്‍ച്ചയായ 'ബിലാലാ'ണ് മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് (Amal Neerad) ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ ഈ പ്രോജക്റ്റ് നീളുകയായിരുന്നു. പകരമാണ് ഭീഷ്‍മ പര്‍വ്വം അപ്രതീക്ഷിതമായി പ്രഖ്യാപിക്കപ്പെട്ടത്. അമല്‍ നീരദിനൊപ്പം ദേവദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. അഡീഷണല്‍ സ്ക്രിപ്റ്റ് രവിശങ്കര്‍, അഡീഷണല്‍ ഡയലോഗ്‍സ് ആര്‍ജെ മുരുകന്‍. ആനന്ദ് സി ചന്ദ്രന്‍ ആണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍, സംഗീതം സുഷിന്‍ ശ്യാം, വരികള്‍ റഫീഖ് അഹമ്മദ്, വിനായക് ശശികുമാര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ സുനില്‍ ബാബു, ജോസഫ് നെല്ലിക്കല്‍, വസ്ത്രാലങ്കാരം സമീറ സനീഷ്, സൗണ്ട് ഡിസൈന്‍ തപസ് നായക്, സ്റ്റണ്ട് ഡയറക്ടര്‍ സുപ്രീം സുന്ദര്‍, അസോസിയേറ്റ് ഡയറക്ടര്‍ ലിനു ആന്‍റണി. ഡിസൈന്‍ ഓള്‍ഡ് മങ്ക്സ്. പിആര്‍ഒ ആതിര ദില്‍ജിത്ത്. സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫര്‍ഹാന്‍ ഫാസില്‍, ദിലീഷ് പോത്തന്‍, നെടുമുടി വേണു, ജിനു ജോസഫ്, സുദേവ് നായര്‍, കെപിഎസി ലളിത, നദിയ മൊയ്‍തു, ലെന, ശ്രിന്ദ, വീണ നന്ദകുമാര്‍ തുടങ്ങി വലിയ താരനിരയാണ് അണിനിരക്കുന്നത്.

സിനിമയെ ബോധപൂര്‍വ്വം തകര്‍ക്കാന്‍ ശ്രമിക്കുന്നത് നല്ല പ്രവണതയല്ല: മമ്മൂട്ടി

അതേസമയം മറ്റു മൂന്ന് ശ്രദ്ധേയ പ്രോജക്റ്റുകള്‍ കൂടി മമ്മൂട്ടിയുടേതായി പുറത്തെത്താനുണ്ട്. നവാഗതയായ റത്തീനയുടെ പുഴു, ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം, എസ് എന്‍ സ്വാമി- കെ മധു ടീമിന്‍റെ സിബിഐ സിരീസിലെ അഞ്ചാം ചിത്രം എന്നിവയാണ് അവ. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് പുഴു. സെന്‍സറിംഗ് നടപടികള്‍ ഇതിനകം പൂര്‍ത്തിയാക്കിയ ചിത്രത്തിന് കട്ടുകളൊന്നുമില്ലാത്ത യു സര്‍ട്ടിഫിക്കറ്റ് ആണ്. 'ഉണ്ട'യുടെ രചയിതാവ് ഹര്‍ഷദിന്‍റെ കഥയ്ക്ക് ഹര്‍ഷദിനൊപ്പം ഷര്‍ഫുവും സുഹാസും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം പാര്‍വ്വതി തിരുവോത്ത് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതും ശ്രദ്ധേയമാണ്. അതേസമയം പുതുതലമുറയിലെ ശ്രദ്ധേയ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി മമ്മൂട്ടിയെ നായകനാക്കി ആദ്യമായി ഒരുക്കുന്ന ചിത്രം എന്ന നിലയില്‍ വലിയ പ്രേക്ഷക പ്രതീക്ഷയുള്ള ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം.

YouTube video player