Asianet News MalayalamAsianet News Malayalam

BTS : ഡിസംബര്‍ ആകുന്നതോടെ 'ബിടിഎസ്' പൊളിയുമോ; കൊറിയയില്‍ 'വന്‍ രാഷ്ട്രീയ വിവാദം'.!

പുരുഷന്മാർ 18–28 വയസ്സിനിടയിൽ കുറഞ്ഞത് 18 മാസമെങ്കിലും സൈനിക സേവനം ചെയ്തിരിക്കണമെന്നതാണ് ദക്ഷിണ കൊറിയയിലെ നിയമം. 

BTS May Get Pass From Military Service Under Minister Plan
Author
Seoul, First Published May 28, 2022, 7:23 PM IST

സിയോള്‍: ലോകമെങ്ങുമുള്ള സംഗീത ആരാധകരുടെ പുതിയ ഹരമാണ് കൊറിയന്‍ മ്യൂസിക്ക് ബാന്‍റായ ബിടിഎസ്. 2020 ല്‍ ഇറങ്ങിയ ഡൈനാമിറ്റ് എന്ന ഗാനത്തിലൂടെ ഭൂമിയിലെ എല്ലാ നാട്ടിലും ഇപ്പോള്‍ ബിടിഎസിനെ അറിയാത്തവര്‍ ചുരുക്കം. നമ്മുടെ നാട്ടിലെ യുവാക്കാളുടെ ഇന്‍സ്റ്റ റീല്‍സില്‍ പോലും നിറഞ്ഞ് നില്‍ക്കുന്നത് കൊറിയന്‍ പോപ്പ് (K Pop) അഥവ കെ പോപ്പ് ഗാനങ്ങളാണ്. അതിലെ മുന്‍നിരക്കാര്‍ ബിടിഎസും.

എന്നാല്‍ കഴിഞ്ഞ ഗ്രാമി അവാര്‍ഡ് വരെ നേടിയ ഈ സംഘത്തിന് മുന്നില്‍ ഡിസംബറോടെ ഒരു പ്രതിസന്ധി വന്നിരിക്കുകയാണ്. ബാങ്താൻ സൊന്യോന്ദാൻ അഥവാ ബുള്ളറ്റ് പ്രൂഫ് ബോയ് സ്കൗട്ട്സ് (BTS) എന്നാണ് ബിടിഎസിന്റെ പൂര്‍ണ്ണരൂപം. ആർഎം, ജെ-ഹോപ്പ്, ജിൻ, സുഗ, പാർക്ക് ജി-മിൻ, വി, ജംഗ്കൂക്ക് എന്നിവരാണ് ഇതില്‍ അംഗങ്ങള്‍. ഇതില്‍ ജിൻ വരുന്ന ഡിസംബറില്‍ 30 വയസ് തികയുകയാണ്. ഡിസംബര്‍ 4നാണ് ഇത്. അതിനാല്‍ തന്നെ ഇദ്ദേഹം ദക്ഷിണകൊറിയയിലെ നിയമം അനുസരിച്ച് നിര്‍ബന്ധിത സൈനിക സേവനത്തിന് പോകേണ്ടിവരും എന്നതാണ് ഇപ്പോള്‍ പ്രതിസന്ധി. 

ദക്ഷിണകൊറിയയിലെ നിര്‍ബന്ധിത സൈനിക നിയമം

പുരുഷന്മാർ 18–28 വയസ്സിനിടയിൽ കുറഞ്ഞത് 18 മാസമെങ്കിലും സൈനിക സേവനം ചെയ്തിരിക്കണമെന്നതാണ് ദക്ഷിണ കൊറിയയിലെ നിയമം. ഇപ്പോഴും യുദ്ധവിരാമം പ്രഖ്യാപിക്കാത്ത ഉത്തരകൊറിയയുമായുള്ള 'യുദ്ധത്തിലാണ്' സാങ്കേതികമായി ദക്ഷിണ കൊറിയ. അതിനാല്‍ തന്നെ രാജ്യത്തെ പുരുഷന്മാര്‍ ഇത് പാലിക്കാറുണ്ട്. എന്നാല്‍ ചിലര്‍ക്ക് ഈ നിയമത്തില്‍ ഇളവുണ്ട്. കൊറിയയുടെ പേര് അന്താരാഷ്ട്ര വേദികളില്‍ ഒളിംപിക്സില്‍ അടക്കം ഉയര്‍ത്തുന്ന കായിക താരങ്ങൾ, ശാസ്ത്രീയസംഗീതജ്ഞർ എന്നിവർക്ക് നിര്‍ബന്ധിത സൈനിക സേവനത്തില്‍ ഇളവുണ്ട്. 

എന്നാല്‍ മറ്റ് സാംസ്കാരിക പ്രവര്‍ത്തകര്‍ക്ക് ഇളവില്ല, സിനിമ, പോപ്പ് സംഗീതമൊക്കെ അതില്‍ വരും. അടുത്തകാലത്തായി കൊറിയന്‍ സിനിമയ്ക്കും, സംഗീതത്തിനും ആഗോളതലത്തില്‍ ലഭിക്കുന്ന വന്‍ പ്രചാരത്തെ ഒരു സംസ്കാരിക തരംഗമായാണ് കൊറിയക്കാര്‍ പറയുന്നത്. അത് അവര്‍ ഹാല്ല്യു എന്നാണ് ഇതിനെ വിളിക്കുന്നത്. എന്നാല്‍ ഹാല്ല്യുവിന്‍റെ മുന്‍നിരക്കാര്‍ക്ക് ഒന്നും സൈനിക സേവനത്തില്‍ ഇളവില്ല. ഇത് വേണോ എന്നത് ഒരു തര്‍ക്കമായി നിലനില്‍ക്കുന്നുണ്ട്.

അതേ സമയം മുന്‍പ് സൂചിപ്പിച്ചത് പോലെ 18–28 വയസ്സിനിടയിലാണ് നിര്‍ബന്ധിത സൈനിക സേവനം നടത്തേണ്ടത്. അതിനാല്‍ തന്നെ ബിടിഎസ് സംഘത്തില്‍ ഇതില്‍ ഇതിനകം ചെറിയ ഇളവ് കൊറിയന്‍ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. 30 വയസ്സിനു മുൻപ് എപ്പോഴെങ്കിലും സൈനിക സേവനം ചെയ്താൽ മതി എന്നതായിരുന്നു ഇളവ്. ഇത് ഇനി പാലിക്കേണ്ടി വരും.

ബിടിഎസ് തകരും എന്ന ആശങ്ക.!

BTS May Get Pass From Military Service Under Minister Plan

എന്ത് കൊണ്ട് ബിടിഎസ് ആരാധകര്‍ക്ക് ഇത് വലിയ സങ്കടം ഉണ്ടാക്കുന്നു എന്നാണ് ചോദ്യം എങ്കില്‍ ചരിത്രം തന്നെയാണ് കാരണം. മുൻപ് സൈനിക സേവനത്തിനായി അംഗങ്ങൾ പോയിട്ടുള്ള പല കെപോപ് ബാൻഡുകളും പിന്നീട് പിരിയുന്ന കാഴ്ചയാണ് കൊറിയന്‍ പോപ്പ് ആരാധകര്‍ കണ്ടത്. ബിടിഎസിന് മുന്‍പ് കൊറിയയില്‍ തരംഗമായ ഇൻഫിനിറ്റ് എന്ന ബാന്‍റിലും ഏഴുപേരാണ് ഉണ്ടായിരുന്നത്. 2010 ല്‍ രൂപീകരിച്ചതാണ് ഈ ബാന്‍റ്. ബാൻഡ് അംഗങ്ങൾ ഓരോരുത്തരായി സൈനിക സേവനത്തിന് പോകാൻ തുടങ്ങിയതോടെ 2019ഓടുകൂടി ഇൻഫിനിറ്റ് പിരിഞ്ഞുവെന്ന് പറയാം. 

ദക്ഷിണകൊറിയയുടെ ദേശീയ ബോയ് ബാൻഡ് എന്ന് അറിയപ്പെട്ടവരാണ് ബിഗ്ബാങ്. 2009–2016 കാലഘട്ടത്തിൽ കൊറിയയിലെ ഏറ്റവും മൂല്യമുള്ള സെലബ്രൈറ്റികളായിരുന്നു ഈ ബാന്‍റ് എന്നാല്‍ പിന്നീട് അംഗങ്ങള്‍ സൈനിക സേവനത്തിന് പോയതും, മറ്റ് പ്രശ്നങ്ങളും ഈ ബാന്‍റിന്‍റെ പ്രകടനത്തെ ബാധിച്ചു. ഇവര്‍ വമ്പൻ തിരിച്ചുവരവിന് ഒരുങ്ങുകയാണെന്നും വാര്‍ത്തയുണ്ട്.

ഇത്തരം ഒരു അനുഭവം ബിടിഎസിന് സംഭവിക്കുമോ എന്നതാണ് ലോകത്തെമ്പാടുമുള്ള ആരാധകരെ ആശങ്കയിലാക്കുന്നത്. പ്രത്യേകിച്ച് ജൂൺ 10ന് പുറത്തിറങ്ങുന്ന ബിടിഎസിന്റെ പുതിയ ആന്തോളജി ആൽബം 'പ്രൂഫ്' ഇറങ്ങുകയാണ്. ഇപ്പോഴത്തെ മ്യൂസിക്ക് വിപണി വൃത്തങ്ങളുടെ സൂചനകള്‍ പ്രകാരം, എല്ലാ റെക്കോഡുകളും ഈ അല്‍ബം തകര്‍ത്തേക്കുമെന്നാണ് സൂചന. അതിനൊപ്പം തന്നെ ഡിസംബര്‍ എത്തുന്നതോടെ  'പ്രൂഫ്' ബിടിഎസിന്‍റെ അവസാന ആല്‍ബമാകുമോ എന്ന ആശങ്കയും വ്യാപകമാണ്.

കൊറിയന്‍ സര്‍ക്കാര്‍ പിന്തുണ ബിടിഎസിന്.?

ബിടിഎസ് അംഗങ്ങളെ നിര്‍ബന്ധിത സൈനിക സേവനത്തില്‍ നിന്നും ഒഴിവാക്കണം എന്നാണ് ഉയരുന്ന ആവശ്യം. ജിൻ സൈനിക സേവനത്തിന് പോകുന്നുവെങ്കില്‍ തീര്‍ച്ചയായും ബിടിഎസിലെ ബാക്കി ആറുപേരും അവരുടെ സമയത്ത് അത് പിന്തുടരേണ്ടി വരും. ഇത് ആത്യന്തികമായി ലോകത്തെ തന്നെ പിടിച്ചുകുലുക്കിയ ഒരു സംഗീത 'വിപ്ലവ' സംഘത്തിന്‍റെ അവസാനമാകും. അതിനാല്‍ പൂര്‍ണ്ണമായും സൈനിക സേവനത്തില്‍ നിന്നും ഇളവാണ് ബിടിഎസ് പ്രതീക്ഷിക്കുന്നത്. കൊറിയന്‍ സാംസ്കാരിക മന്ത്രി ഹ്വാങ് ഹീ ഇത് നല്‍കും എന്ന സൂചന നല്‍കിയതാണ് ഇപ്പോള്‍ ഒരു പ്രതീക്ഷയായി നിലനില്‍ക്കുന്നത്. 

ലോകപ്രശസ്തരായ ഗായകരെ നിര്‍ബന്ധിത സൈനിക സേവനത്തിന് അയക്കുന്നത്, അവരുടെ കരിയര്‍ അവസാനിപ്പിക്കുന്നതിന് സമം എന്നാണ് കൊറിയന്‍ സാംസ്കാരിക മന്ത്രി പ്രതികരിച്ചത്. അതേ സമയം കൊറിയന്‍ പാര്‍ലമെന്‍റ് അംഗം സുങ് ഇൽ ബിടിഎസിനെ സൈനിക സേവനത്തിൽനിന്ന് ഒഴിവാക്കുന്നതിനുള്ള ബില്ല നാഷനൽ അസംബ്ലിയില്‍ അവതരിപ്പിച്ച്. ബിടിഎസിന്‍റെ നേട്ടം എണ്ണിയെണ്ണി അവതരിപ്പിച്ചു, ഇതിലൂടെ ബിടിഎസിന്‍റെ കാര്യം വന്‍ രാഷ്ട്രീയ ചര്‍ച്ചയായിരിക്കുകയാണ് കൊറിയയില്‍. 

എന്നാല്‍ ബില്ല് പാസാകുക പ്രയാസമാണ് എന്നാണ് പുതിയ റിപ്പോര്‍ട്ട്. മിലിട്ടറി മാൻപവർ അഡ്മിനിസ്ട്രേഷന് നിർണായക ശക്തി ആയതിനാല്‍ ബില്ലിനെതിരെ വലിയ വിഭാഗം നിലപാട് എടുത്തേക്കും. മിലിട്ടറി മാൻപവർ അഡ്മിനിസ്ട്രേഷനില്‍ അംഗമായ  കിം യോങ്മൂ ഈ  ബില്ലിനെ എതിര്‍ത്ത് രംഗത്ത് വന്നു. നിങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ എന്ത് അവാര്‍ഡ് വാങ്ങി എന്നത് ഒരിക്കലും സൈനിക സേവനത്തില്‍ നിന്നും ഒഴിവാക്കാനുള്ള കാരണമല്ലെന്നാണ് ഇവരുടെ വാദം. 

നിയമം വഴി ഒഴിവായാലും സൈന്യം ബിടിഎസിന് പണി കൊടുക്കുമോ?

BTS May Get Pass From Military Service Under Minister Plan

സമാനമായ സംഭവം 2002 കാലത്ത് കൊറിയയില്‍ ഉണ്ടായി. കെപോപ്പിലെ സൂപ്പർ സ്റ്റാർ ആയിരുന്ന യൂ സങ് ജൻ ഇത്തരം നിര്‍ബന്ധിത സൈനിക സേവനത്തിന് സമയം ആയതോടെ നാടുവിട്ട് അമേരിക്കയിലേക്ക് കുടിയേറി. അവിടെ പൗരത്വം എടുത്തു. എന്നാല്‍ പിന്നീട് കൊറിയയിലേക്ക് വരാന്‍ ഇദ്ദേഹത്തിന് സാധിച്ചില്ല. കാരണം സൈന്യമാണ് രാജ്യത്തെ എന്‍ട്രിവിസ അപ്രൂവ് ചെയ്യേണ്ടത്. ഇത് കിട്ടിയില്ല. ഇത്തരത്തില്‍ ഇപ്പോള്‍ രാഷ്ട്രീയക്കാരുടെ ബില്ലില്‍ സൈനിക സേവനത്തില്‍ നിന്നും ഒഴിവായാലും ബിടിഎസിന് സൈന്യം വിചാരിച്ചാല്‍ ഭാവിയില്‍ പണികിട്ടിയേക്കും. എന്തായാലും എന്താകും ബിടിഎസിന്‍റെ കാര്യമെന്ന് കാത്തിരുന്നു കാണാം.

Follow Us:
Download App:
  • android
  • ios