ഫാന്‍റസിയുടെ മായാലോകത്തേക്ക് എത്തിക്കുന്ന വരികളും സംഗീതവും

ആക്ഷന്‍ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ കൈയടി നേടിയ താരമാണ് ആന്‍റണി വര്‍ഗീസ്. ടിനു പാപ്പച്ചന്‍റെ സംവിധാനത്തില്‍ കുഞ്ചാക്കോ ബോബന്‍ നായകനായ ചാവേറില്‍ കരിയറിലെ ഏറ്റവും വ്യത്യസ്തത നിറഞ്ഞ ഒരു കഥാപാത്രത്തെയാണ് ആന്‍റണി അവതരിപ്പിച്ചിരിക്കുന്നത്. ഒരു തെയ്യം കലാകാരനാണ് ചിത്രത്തില്‍ ആന്‍റണിയുടെ കഥാപാത്രം. ചെന്താമര പൂവിൻ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ഹരീഷ് മോഹനന്‍ ആണ്. ജസ്റ്റിന്‍ വര്‍ഗീസ് ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് പ്രണവ് സി പി, സന്തോഷ് വര്‍മ്മ എന്നിവരാണ്.

കേൾക്കുന്നവരെയും കാണുന്നവരെയും ഫാന്‍റസിയുടെ മായാലോകത്തേക്ക് എത്തിക്കുന്ന രീതിയിലുള്ള വരികളും സംഗീതവും ആലാപനവുമാണ് ഗാനത്തിലേത്. പാട്ടിൽ തെയ്യത്തിന്‍റെ വേഷത്തിൽ കാണിക്കുന്നത് ആന്‍റണി വർഗ്ഗീസിനെ തന്നെയോ എന്നാണ് പാട്ടിറങ്ങിയ ശേഷം സോഷ്യൽമീഡിയയിലുള്‍പ്പെടെ ചർച്ചകള്‍ ഉണർന്നിരിക്കുന്നത്. ചിത്രത്തിൽ ഏറെ പ്രധാനപ്പെട്ട ഒരു ഭാഗത്ത് വരുന്ന ഈ ഗാനം സിനിമയിറങ്ങിയ ശേഷം ഏവരുടേയും ശ്രദ്ധയാകർഷിച്ചിരുന്നു. യൂട്യൂബിൽ ഗാനമെത്തിയതോടെ വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. പാട്ടിലെ വരികളും സംഗീതവും രംഗങ്ങളുമൊക്കെ ഏറെ ചർച്ചയായിരിക്കുകയാണ്.

ചടുലമായ ദൃശ്യങ്ങളും വേറിട്ട സംഗീതവുമൊക്കെയായി തിയേറ്ററുകളിൽ കാണികളെ പിടിച്ചിരുത്തുന്ന സിനിമാനുഭവം തന്നെയായിരിക്കുകയാണ് പ്രണയവും സൗഹൃദവും രാഷ്ട്രീയ കൊലപാതകങ്ങളും ജാതി വിവേചനവുമൊക്കെ വിഷയമാക്കി എത്തിയിരിക്കുന്ന ചാവേർ. കുഞ്ചാക്കോ ബോബനും ആന്‍റണി വർഗ്ഗീസും അർജുൻ അശോകനും മനോജ് കെയുവും തങ്ങളുടെ കരിയറിൽ ഇതുവരെ ചെയ്യാത്ത വേഷപകർച്ചയിലാണ് ചിത്രത്തിൽ എത്തിയിരിക്കുന്നത്. 

കണ്ണൂര്‍ പശ്ചാത്തലമാക്കിക്കൊണ്ട് നടനും സംവിധായകനുമായ ജോയ് മാത്യു ഒരുക്കിയിരിക്കുന്ന തിരക്കഥയിലാണ് ടിനു പാപ്പച്ചൻ 'ചാവേർ' ഒരുക്കിയിരിക്കുന്നത്. കാവ്യ ഫിലിം കമ്പനി, അരുൺ നാരായൺ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ അരുൺ നാരായൺ, വേണു കുന്നപ്പിള്ളി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ടിനു പാപ്പച്ചനും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിച്ചിരിക്കുന്ന ചാവേർ തിയറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരിക്കുകയാണ്.

ALSO READ : 'സേതുരാമയ്യരു'ടെ അന്വേഷണം അവസാനിച്ചിട്ടില്ല! ആറാം ഭാഗം ഉറപ്പിച്ച് കെ മധു

Chenthamara Motion Video | Chaaver | Tinu Pappachan | Kunchacko Boban | Justin Varghese|Arun Narayan