രണ്ടര വര്‍ഷത്തിനു ശേഷമാണ് വിജയ് ദേവരകൊണ്ട നായകനായ ഒരു ചിത്രം തിയറ്ററുകളില്‍ എത്തുന്നത്

ഇന്ത്യയിലെ ഒന്നാം നമ്പര്‍ ചലച്ചിത്ര വ്യവസായം എന്ന ഖ്യാതി ഇപ്പോള്‍ തെലുങ്ക് സിനിമയ്ക്കാണ്. സിനിമകള്‍ ഹിറ്റാവുന്നതിനൊപ്പം അവയുടെ ആല്‍ബങ്ങളും മറുഭാഷാ സിനിമാപ്രേമികള്‍ക്കിടയില്‍ തരംഗമാവാറുണ്ട്. പുഷ്പയും ആര്‍ആര്‍ആറുമൊക്കെ അതിന്‍റെ ഉദാഹരണങ്ങളായിരുന്നു. ഇപ്പോഴിതാ മറ്റൊരു തെലുങ്ക് ചിത്രവും റിലീസിനു മുന്‍പേ അവയിലെ ഗാനങ്ങള്‍ കൊണ്ട് ശ്രദ്ധ നേടുകയാണ്. വിജയ് ദേവരകൊണ്ടയെ നായകനാക്കി പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന ലൈഗര്‍ ആണ് ആ ചിത്രം. ചിത്രത്തിലെ ഇന്നലെ പുറത്തെത്തിയ വീഡിയോ ഗാനം യുട്യൂബില്‍ ഒറ്റ ദിവസം കൊണ്ടുതന്നെ 1.4 മില്യണ്‍ കടന്നിരിക്കുകയാണ്.

കോക 2.0 എന്ന് പേരിട്ടിരിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ഭാസ്കര്‍ഭട്ല രവികുമാര്‍ ആണ്. ജാനി, ലിജോ ജോര്‍ജ്, ഡിജെ ചേതസ് എന്നിവര്‍ ചേര്‍ന്നാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ആലപിച്ചിരിക്കുന്നത് റാം മിരിയലയും ഗീത മാധുരിയും ചേര്‍ന്നാണ്. അനന്യപാണ്ടെ, രമ്യ കൃഷ്ണൻ എന്നിവർക്കൊപ്പം ബോക്സിംഗ് ഇതിഹാസം മൈക്ക് ടൈസണും മറ്റൊരു പ്രധാന വേഷത്തിലെത്തുന്നു. മിക്‌സഡ് മാർഷ്യൽ ആർട്‌സ് പശ്ചാത്തലമാക്കുന്ന ചിത്രം മെഗാ ബജറ്റിലാണ് ഒരുങ്ങിയിരിക്കുന്നത്. തെലുങ്കിലും ഹിന്ദിയിലുമായി ചിത്രീകരിച്ച സിനിമ മലയാളം ഉൾപ്പടെ വേറെ അഞ്ച് ഭാഷകളിലേക്ക് കൂടി മൊഴി മാറ്റിയിട്ടുണ്ട്. ചിത്രത്തിന്‍റെ കേരള വിതരണവകാശം ശ്രീഗോകുലം മൂവീസിനാണ്. ഓ​ഗസ്റ്റ് 25നാണ് റിലീസ്. കേരളത്തിൽ വൈഡ് റിലീസ് ആണ് ചിത്രത്തിന് ലഭിക്കുക. നൂറ്റമ്പതിലേറെ തിയറ്ററുകളിലാണ് ചിത്രം പ്രദർശിപ്പിക്കുക. 

രണ്ടര വര്‍ഷത്തിനു ശേഷമാണ് വിജയ് ദേവരകൊണ്ട നായകനായ ഒരു ചിത്രം തിയറ്ററുകളില്‍ എത്തുന്നത്. ക്രാന്തി മാധവിന്‍റെ സംവിധാനത്തില്‍ എത്തിയ ഠൊമാന്‍റിക് ഡ്രാമ ചിത്രം വേള്‍ഡ് ഫേമസ് ലവര്‍ ആയിരുന്നു ദേവരകൊണ്ടയുടെ അവസാന റിലീസ്. 2020 ഫെബ്രുവരിയിലാണ് ചിത്രം എത്തിയത്.

Coka 2.0 | Liger (Malayalam) | Official Music Video | Vijay Deverakonda, Ananya Panday