ചെന്നൈ: രജനികാന്തിനെ നായകനാക്കി എ ആര്‍ മുരുഗദോസ് ഒരുക്കുന്ന ദര്‍ബാറിലെ ഗാനത്തിന്‍റെ പ്രമോ പുറത്തിറങ്ങി. ഡും ഡും എന്ന ഗാനത്തിന്‍റെ പ്രമോ വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്.  ചിത്രത്തിലെ നായിക നയന്‍താരയും രജനികാന്തും വീഡിയോയില്‍ ഒരുമിച്ചെത്തുന്നുണ്ട്. വിവേക് എഴുതിയ വരികള്‍ അനിരുദ്ധ് രവിചന്ദന്‍റെ ഈണത്തില്‍ ആലപിച്ചിരിക്കുന്നത് നകാഷ് ആണ്. 

മുംബൈ പൊലീസ് കമ്മിഷണര്‍ ആദിത്യ അരുണാചലം എന്ന കഥാപാത്രമായിട്ടാണ് രജനികാന്ത് ചിത്രത്തില്‍ എത്തുന്നത്. ഇരുപത്തിയേഴ് വര്‍ഷത്തിനുശേഷമാണ് രജനികാന്ത് പൊലീസ് വേഷത്തിലെത്തുന്നത്.   1992ല്‍ പ്രദര്‍ശനത്തിന് എത്തിയ പാണ്ഡ്യനിലാണ് രജനികാന്ത് ഇതിനുമുമ്പ് പൊലീസ് വേഷത്തിലെത്തിയത്. എ ആര്‍ മുരുഗദോസിന്‍റെ സംവിധാനത്തില്‍ രജനികാന്ത് വീണ്ടും പൊലീസ് ആകുമ്പോള്‍ അത് ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള വകയുണ്ടാകുന്നതായിരിക്കും. പൊലീസ് ഉദ്യോഗസ്ഥനായിട്ടുള്ള രജനികാന്തിന്റെ ലുക്ക് എ ആര്‍ മുരുഗദോസ് പുറത്തുവിട്ടിരുന്നു.  ഒരു ആക്ഷൻ ചിത്രമായിരിക്കും ദര്‍ബാര്‍ എന്നാണ് സൂചന.  

 മുംബൈയിലെ ഒരു കോളേജിലാണ് പൊലീസ് ഇൻവെസ്റ്റിഗേഷൻ  റൂം തയ്യാറാക്കിയത്. മുംബൈ ഛത്രപതി ശിവജി മഹാരാജ ടെര്‍മിനല്‍, റോയല്‍ പാംസ്, ഫിലിം സിറ്റി തുടങ്ങിയവിടങ്ങളിലായിരുന്നു ചിത്രീകരണം. കോടതി എന്ന അര്‍ത്ഥത്തിലാണ് ദര്‍ബാര്‍ എന്ന പേര് എന്നാണ് സൂചന. സന്തോഷ് ശിവനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.