കേരളത്തിലും ഏറെ ആരാധകരുള്ള തെലുങ്ക് താരമാണിപ്പോള്‍ വിജയ് ദേവരകൊണ്ട. അദ്ദേഹത്തിന്റെ ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് 'ഡിയര്‍ കോമ്രേഡ്'. തെലുങ്ക്, മലയാളം, തമിഴ്, കന്നഡ ഭാഷകളിലായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിലെ ഒരു ഗാനം പുറത്തെത്തിയിരിക്കുകയാണ്. 'ഡിയര്‍ കൊമ്രേഡ് ആന്‍തെം' എന്ന പേരില്‍ തെലുങ്ക്, മലയാളം, തമിഴ് ഭാഷകളിലാണ് പാട്ട് പുറത്തുവിട്ടിരിക്കുന്നത്. അതത് ഭാഷകളിലെ താരങ്ങളാണ് പാട്ട് പാടിയിരിക്കുന്നത്. തെലുങ്കില്‍ ദേവരകൊണ്ട തന്നെ പാടിയിരിക്കുമ്പോള്‍ മലയാളത്തില്‍ ദുല്‍ഖറും തമിഴില്‍ വിജയ് സേതുപതിയുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. 

ദുല്‍ഖര്‍ പാടിയിരിക്കുന്ന മലയാളം പതിപ്പും പുറത്തെത്തിയിട്ടുണ്ട്. 'കണ്ണില്‍ പന്തം കൊളുത്തെടാ' എന്ന് തുടങ്ങുന്ന വരികളിലാണ് മലയാളം ഗാനം. ജോയ് പോളിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ജസ്റ്റിന്‍ പ്രഭാകരന്‍. വിജയ് ദേവരകൊണ്ടയുടെ ഈ വര്‍ഷത്തെ ആദ്യ റിലീസാണ് 'ഡിയര്‍ കോമ്രേഡ്'.