വെള്ളിയാഴ്ചയാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്
രാജേഷ് മാധവന്‍, ജഗദീഷ്, അശോകൻ, മനോജ് കെ ജയൻ, വിനീത്, സുധീഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ദേവദത്ത് ഷാജി സംവിധാനം ചെയ്ത ചിത്രമാണ് ധീരന്‍. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. മുജീബ് മജീദ് ആണ് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍. ഇപ്പോഴിതാ ഏതാനും ദിവസം മുന്‍പ് പുറത്തെത്തിയ ചിത്രത്തിലെ വീഡിയോ ഗാനം വലിയ ആസ്വാദകപ്രീതി നേടുകയാണ്. ലവ് ബൈറ്റ് എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ഷര്‍ഫുവാണ്. ആന്‍ ആമി, ഗിച്ചു ജോയ് എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.
ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിച്ച ചിത്രമാണ് ധീരന്‍. ബ്ലോക്ക്ബസ്റ്റർ ഹിറ്റായ 'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റെർറ്റൈന്മെന്റ്സ് നിർമ്മിക്കുന്ന ചിത്രവുമാണ്. ഭീഷ്മപർവം എന്ന മെഗാഹിറ്റ് ചിത്രത്തിന്റെ രചനയിലൂടെ ശ്രദ്ധ നേടിയ ദേവദത്തിന്റെ സംവിധായകനായുള്ള അരങ്ങേറ്റമാണ് "ധീരൻ". മലയാളത്തിലെ വിന്റേജ് യൂത്തന്മാർ എന്ന് വിശേഷിപ്പിക്കാവുന്ന താരങ്ങള്‍ ഒരുമിച്ചു ഒരു ചിത്രത്തിൽ എത്തുന്നു എന്നതാണ് 'ധീരൻ' നൽകുന്ന പ്രധാന ആകർഷണം. ഇവരുടെ കോമഡി ടൈമിംഗ്, ഓൺസ്‌ക്രീനിലെയും ഓഫ് സ്‌ക്രീനിലെയും രസതന്ത്രം എന്നിവ പല തവണ കണ്ടിട്ടുള്ള പ്രേക്ഷകർക്ക്, ഇവർ ഒരുമിച്ച് ഒരു ചിത്രത്തിൽ പരസ്പരം കൊണ്ടും കൊടുത്തും തകർത്തഭിനയിക്കുന്നത് കാണാനുള്ള അവസരമാണ് 'ധീരൻ' നൽകുന്നത്. ആദ്യാവസാനം ഹാസ്യത്തിന് പ്രാധാന്യം നൽകി കഥ പറയുന്ന ഈ ചിത്രത്തിൽ ഈ സീനിയർ യൂത്തന്മാർക്കൊപ്പം അടിച്ചു നിൽക്കാൻ ഒരു രാജേഷ് മാധവനൊപ്പം ഒരു പറ്റം ജൂനിയർ യൂത്തമാരുമുണ്ട്. ശബരീഷ് വർമ്മ, അഭിരാം രാധാകൃഷ്ണൻ, സിദ്ധാർഥ് ഭരതൻ, അരുൺ ചെറുകാവിൽ എന്നിവർ ധീരനിലെ ജൂനിയർ ഗാങ്.
ഇവർക്കൊപ്പം ശ്രീകൃഷ്ണ ദയാൽ (ഇൻസ്പെക്ടർ ഋഷി, ജമ, ദ ഫാമിലി മാൻ ഫെയിം), ഇന്ദുമതി മണികണ്ഠൻ (മെയ്യഴകൻ, ഡ്രാഗൺ ഫെയിം), വിജയ സദൻ, ഗീതി സംഗീത, അമ്പിളി (പൈങ്കിളി ഫെയിം) എന്നിവരും ചിത്രത്തിൻ്റെ താരനിരയിലുണ്ട്. അശ്വതി മനോഹരനാണ് ചിത്രത്തിലെ നായിക. കുടുംബ പ്രേക്ഷകർക്കും യുവ പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഒരു പക്കാ ഫൺ എന്റെർറ്റൈനെർ എന്ന അഭിപ്രായമാണ് ധീരന് ലഭിക്കുന്നത്.

