ബ്രഹ്മാണ്ഡ സംവിധായകന്‍ ഷങ്കറിന്‍റേതായി ഏറ്റവുമൊടുവില്‍ പുറത്തെത്തിയ ചിത്രമായിരുന്നു 2.0. രജനീകാന്തിനെ നായകനാക്കി 2010ല്‍ പുറത്തെത്തിയ സയന്‍സ് ഫിക്ഷന്‍ ചിത്രം 'എന്തിരന്‍റെ' രണ്ടാംഭാഗമായിരുന്നു 2.0. 2018 നവംബറില്‍ ബഹുഭാഷകളിലായി ലോകമെമ്പാടുമുള്ള തീയേറ്ററുകളിലെത്തിയ ചിത്രം മികച്ച സാമ്പത്തിക വിജയവും നേടി. ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോഗാനം രണ്ട് വര്‍ഷത്തിനുശേഷം ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുകയാണ് നിര്‍മ്മാതാക്കളായ ലൈക പ്രൊഡക്ഷന്‍സ്.

'എന്തിര ലോകത്ത് സുന്ദരിയേ' എന്നാരംഭിക്കുന്ന ഗാനത്തിന് ഈണമിട്ടിരിക്കുന്നത് എ ആര്‍ റഹ്മാന്‍ ആണ്.  മദന്‍ കാര്‍ക്കിയാണ് വരികള്‍ എഴുതിയിരിക്കുന്നത്. പാടിയിരിക്കുന്നത് സിദ് ശ്രീറാമും ഷാഷ തിരുപ്പതിയും ചേര്‍ന്ന്. അല്‍പം മുന്‍പ് യുട്യൂബില്‍ പ്രീമിയര്‍ ചെയ്ത ഗാനത്തിന് വലിയ വരവേല്‍പ്പാണ് ആരാധകര്‍ നല്‍കുന്നത്.