നിര്‍മ്മാണം സണ്‍ പിക്ചേഴ്സ്

സൂര്യയുടെ (Suriya) കരിയറിലെ 40-ാം ചിത്രമാണ് പാണ്ടിരാജ് സംവിധാനം ചെയ്യുന്ന 'എതര്‍ക്കും തുനിന്തവന്‍'. ചിത്രത്തിലെ ഒരു ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ചിത്രത്തിലേതായി പുറത്തെത്തുന്ന മൂന്നാമത്തെ സിംഗിള്‍ ആണിത്. 'സുമ്മാ സുര്‍ന്ന്' എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ വരികള്‍ ശിവകാര്‍ത്തികേയന്‍റേതാണ്. ഡി ഇമ്മന്‍റെ സംഗീതത്തില്‍ ആലപിച്ചിരിക്കുന്നത് അര്‍മാന്‍ മാലിക്കും നിഖിത ഗാന്ധിയുമാണ്.

'പസങ്ക', 'ഇത് നമ്മ ആള്', 'നമ്മ വീട്ടു പിള്ളൈ' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് പാണ്ടിരാജ്. പ്രിയങ്ക അരുള്‍ മോഹന്‍ ആണ് സൂര്യയുടെ നായികയായി എത്തുന്നത്. ഛായാഗ്രഹണം ആര്‍ രത്നവേലു, സത്യരാജ്, സൂരി, ശരണ്യ പൊന്‍വണ്ണന്‍, ദേവദര്‍ശിനി, ജയപ്രകാശ്, ഇളവരശ് തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു. സണ്‍ പിക്ചേഴ്സ് ആണ് നിര്‍മ്മാണം. അതേസമയം തുടര്‍ പരാജയങ്ങള്‍ക്കൊടുവില്‍ തുടര്‍ച്ചയായ രണ്ട് വന്‍ വിജയങ്ങള്‍ ലഭിച്ചതിന്‍റെ ആശ്വാസത്തിലാണ് സൂര്യ. സുധ കൊങ്കരയുടെ സംവിധാനത്തിലെത്തിയ സൂരറൈ പോട്ര്, ത സെ ജ്ഞാനവേലിന്‍റെ ജയ് ഭീം എന്നിവ സൂര്യയുടെ സമീപകാലത്തെ ഏറ്റവും വലിയ വിജയങ്ങളാണ്. ഡയറക്റ്റ് ഒടിടി റിലീസ് ആയി ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ഈ രണ്ട് ചിത്രങ്ങളും പ്രേക്ഷകരിലേക്ക് എത്തിയത്.