കെ-പോപ്പ് ഗ്ലോബൽ ലെവലിൽ തരംഗമാകുന്നതിന് പതിറ്റാണ്ടുകൾക്ക് മുൻപേ സൗത്ത് കൊറിയയെ ഭ്രാന്ത് പിടിപ്പിച്ച ഒരു മ്യൂസിക് സ്റ്റൈലുണ്ട് 'ട്രോട്ട്'. ഒരു കാലത്ത് വെറും 'ടക്കി' എന്നും ‘ഓൾഡ് ഫാഷൻ’ സംഗീതമെന്നും പറഞ്ഞ ട്രോട്ട് ഒരു കംബാക്ക്ട നടത്തിയിരിക്കുകയാണ്.
സൗത്ത് കൊറിയൻ മ്യൂസിക് എന്ന് കേൾക്കുമ്പോൾ നമ്മുടെ ഉള്ളിൽ ആദ്യം വരുന്നത് കെ-പോപ്പ് ബാൻഡുകളും അവരുടെ സ്റ്റൈലിഷ് ഡാൻസുകളുമാണ്. എന്നാൽ കൊറിയയിൽ ഇപ്പോൾ തരംഗമാകുന്നത് പതിറ്റാണ്ടുകൾക്ക് മുൻപ് പഴഞ്ചൻ എന്ന് പറഞ്ഞ് എല്ലാവരും തള്ളിക്കളഞ്ഞ 'ട്രോട്ട്' മ്യൂസികാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസും സോഷ്യൽ മീഡിയയും കൈകോർത്തപ്പോൾ കൊറിയൻ സംഗീത ലോകത്ത് വലിയൊരു മാറ്റമാണ് സംഭവിച്ചിരിക്കുന്നത്.
കെ-പോപ്പിനും മുന്നേ കൊറിയയെ കീഴടക്കിയ 'ട്രോട്ട്' മ്യൂസിക്
കൊറിയയുടെ സ്വന്തം ട്രഡീഷണൽ മ്യൂസിക് സ്റ്റൈലാണ് ട്രോട്ട്. 1930-കളിൽ ജപ്പാൻ കൊറിയയെ ഭരിച്ചിരുന്ന കാലത്താണ് ഈ സംഗീത ശാഖ രൂപപ്പെട്ടത്. അമേരിക്കൻ ഡാൻസ് സ്റ്റൈലായ 'ഫോക്സ്‌ട്രോട്ടി'ൽ നിന്നാണ് ഇതിന് ഈ പേര് ലഭിച്ചത്. കൊറിയൻ ഫോക് പാട്ടുകളും വെസ്റ്റേൺ ഇൻസ്ട്രുമെന്റുകളും ചേർന്നുള്ള ഒരു യൂണിക് മിക്സാണിത്.
'ഹാൻ' എന്നറിയപ്പെടുന്ന ഒരു തരം വിരഹവും വേദനയുമാണ് ഈ പാട്ടുകളിലെ പ്രധാന വികാരം. പഴയ തലമുറയ്ക്ക് ഇത് വികാരങ്ങൾ പ്രകടിപ്പിക്കാനുള്ള മാധ്യമമായിരുന്നു. എന്നാൽ പുതിയ തലമുറയ്ക്ക് ഇത് വെറുമൊരു 'ടക്കി' അഥവാ നിലവാരമില്ലാത്ത മ്യൂസിക് മാത്രമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
എഐ മാജിക്കിലൂടെയുള്ള തിരിച്ചുവരവ്
സോഷ്യൽ മീഡിയയിൽ ഇപ്പോൾ എഐ ജനറേറ്റീവ് ടൂളുകൾ ഉപയോഗിച്ച് മോഡേൺ കെ-പോപ്പ് പാട്ടുകളെ ട്രോട്ട് സ്റ്റൈലിലേക്ക് മാറ്റുന്നത് വലിയ ട്രെൻഡായി മാറിയിരിക്കുകയാണ്. നിങ്ങളുടെ ഫേവറിറ്റ് കെ-പോപ്പ് ഐഡലുകൾ തിളങ്ങുന്ന സ്യൂട്ടുകളും പഴയകാലത്തെ വലിയ ഹെയർസ്റ്റൈലുകളുമായി പാട്ടുപാടുന്ന എഐ വീഡിയോകൾ ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലും വൈറലാവുകയാണ്. ജേ പാർക്കിന്റെ ഹിപ്-ഹോപ്പ് ട്രാക്കുകൾ പോലും ഇത്തരത്തിൽ ട്രോട്ട് വേർഷനായി മാറുമ്പോൾ, അത് കാണാൻ വലിയൊരു ഓഡിയൻസ് തന്നെയുണ്ട്. 'ഇത് കേട്ടാൽ നമ്മുടെ മമ്മമാർക്ക് വട്ടാകും' എന്നാണ് ഇത്തരം വീഡിയോകൾക്ക് താഴെ വരുന്ന കമന്റുകൾ.
ലിം യംഗ് വൂങ്ങ്: പുതിയ സൂപ്പർ സ്റ്റാർ
ഈ റിവൈവൽ അല്ലെങ്കിൽ തിരിച്ചുവരവിന്റെ അമരക്കാരൻ 34 വയസ്സുകാരനായ ലിം യംഗ് വൂങ്ങാണ്. 2020-ൽ നടന്ന ഒരു ഓഡിഷൻ പ്രോഗ്രാമിലൂടെ ഉദിച്ചുയർന്ന ലിം, ഇന്ന് കൊറിയയിലെ ഏറ്റവും വലിയ താരമാണ്. സിയോൾ വേൾഡ് കപ്പ് സ്റ്റേഡിയത്തിൽ സോളോ കൺസേർട്ട് നടത്തിക്കൊണ്ട് ബിഗ് ബാങ്, സെവൻറ്റീൻ തുടങ്ങിയ കെ-പോപ്പ് ജയന്റുകളോട് അദ്ദേഹം മത്സരിക്കുകയാണ്. മെലഡി, പോപ്പ്, റോക്ക് എന്നിവ ട്രോട്ടുമായി മിക്സ് ചെയ്ത് അദ്ദേഹം അവതരിപ്പിക്കുമ്പോൾ യുവാക്കളും മുതിർന്നവരും ഒരുപോലെ അത് എൻജോയ് ചെയ്യുന്നു. ലിം യംഗ് വൂങ്ങിന്റെ പാട്ടുകൾക്ക് ഇപ്പോൾ പത്ത് ബില്യണിലധികം സ്ട്രീമിംഗാണ് ലഭിച്ചിരിക്കുന്നത്.
ഭാവിയിലെ വെല്ലുവിളികൾ
എങ്കിലും ഈ റിവൈവലിന് പിന്നിൽ ചില വെല്ലുവിളികളുണ്ട്. എഐ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഇത്തരം വീഡിയോകൾക്ക് കോപ്പിറൈറ്റ് പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നുണ്ട്. കൂടാതെ, ഇത് കേവലം ഒരു താൽക്കാലിക തരംഗമാണോ അതോ ട്രോട്ട് മ്യൂസിക്കിനോടുള്ള യഥാർത്ഥ സ്നേഹമാണോ എന്നും സംശയമുണ്ട്.
പഴയ തലമുറയുടെ മാത്രം സംഗീതമെന്ന് വിളിക്കപ്പെട്ട ട്രോട്ട് ഇന്ന് 'ക്ലാസിക് കെ-പോപ്പ്' എന്ന നിലയിലേക്ക് വളർന്നിരിക്കുന്നു. പഴയ സൗന്ദര്യവും പുതിയ സാങ്കേതിക വിദ്യയും ഒത്തുചേർന്നപ്പോൾ ഉണ്ടായ ഈ മാജിക് കൊറിയൻ മ്യൂസിക് ഇൻഡസ്ട്രിയെ വീണ്ടും സജീവമാക്കിയിരിക്കുകയാണ്.


