മോഹന്‍ലാല്‍ മാര്‍ഗ്ഗംകളിയുടെ കോസ്റ്റിയൂമില്‍ നില്‍ക്കുന്നതായിരുന്നു 'ഇട്ടിമാണി മേഡ് ഇന്‍ ചൈന'യുടെ ഫസ്റ്റ് ലുക്ക്. ചിത്രത്തില്‍ അത്തരമൊരു സീക്വന്‍സ് ഉണ്ടെന്ന് അറിഞ്ഞതിന് പിന്നാലെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. ഇപ്പോഴിതാ ആ വീഡിയോ ഗാനം പുറത്തെത്തിയിരിക്കുകയാണ്. 'കുഞ്ഞാടേ നിന്റെ മനസ്സില്‍' എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സന്തോഷ് വര്‍മ്മയാണ്. സംഗീതം 4 മ്യൂസിക്‌സ്. 

മലയാളത്തിലെ എക്കാലത്തെയും വലിയ സാമ്പത്തികവിജയമായ 'ലൂസിഫറി'ന് ശേഷം തീയേറ്ററുകളിലെത്തുന്ന മോഹന്‍ലാല്‍ ചിത്രമാണ് 'ഇട്ടിമാണി'. നവാഗതരായ ജിബി-ജോജുവാണ് സംവിധാനം. തൃശ്ശൂരാണ് സിനിമയുടെ പശ്ചാത്തലം. 32 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ തൃശ്ശൂര്‍ ഭാഷ സംസാരിയ്ക്കുന്ന സിനിമയുമാണ് 'ഇട്ടിമാണി'. പത്മരാജന്റെ 'തൂവാനത്തുമ്പികളി'ലാണ് ഒരു മോഹന്‍ലാല്‍ കഥാപാത്രം ഇതിനുമുന്‍പ് തൃശ്ശൂര്‍ ഭാഷ സംസാരിച്ചത്. 'ഇട്ടിമാണി'യില്‍ മോഹന്‍ലാലിനൊപ്പം ഹണി റോസ്, സിദ്ദിഖ്, സലിംകുമാര്‍, വിനു മോഹന്‍, രാധിക, അരിസ്റ്റോ സുരേഷ്, വിവിയ, കോമള്‍ ശര്‍മ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നു. ഷാജിയാണ് ഛായാഗ്രഹണം. ഓണത്തിന് തീയേറ്ററുകളില്‍.