ക്രിസ്മസ് ആഘോഷ രാവുകള്‍ക്ക് ആത്മീയതയുടെ നിറം പകര്‍ന്ന 'ആഘോഷ രാവ്' എന്ന കരോള്‍ ഗാനം ശ്രദ്ധേയമാകുന്നു. പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ ജാസി ഗിഫ്റ്റും ഷൈന്‍ ഡാനിയലും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. യുവ സംഗീത സംവിധായകന്‍ പ്രശാന്ത് മോഹന്‍ എം.പി സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഗാനത്തിന്റെ രചയിതാവ് ദിവാകൃഷ്ണ വി.ജെ ആണ്. 'ബെത്ലഹേമില്‍ ഉണ്ണി പിറന്നു' എന്ന് തുടങ്ങുന്ന ക്രിസ്തുമസ് കരോള്‍  ഗാനം റിലീസ് ചെയ്തതിന് പിന്നാലെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 

പി ഫാക്ടര്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ പുറത്തിറക്കിയിരിക്കുന്ന ഗാനത്തിന്റെ സ്റ്റുഡിയോ വേര്‍ഷന്‍ ചിത്രീകരിച്ചിരിക്കുന്നത് നന്ദു കൃഷ്ണ വി.ജെ യാണ്. അശ്വന്ത് എസ് ബിജുവാണ് എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത്. മീശ മീനാക്ഷി എന്ന ഷോര്‍ട്ട് ഫിലിമിലൂടെ ശ്രദ്ധേയനായ പ്രശാന്ത് മോഹന്റെ സംഗീതത്തില്‍ അടുത്തിടെ സംഗീത സംവിധായകന്‍ എം.ജയചന്ദ്രന്‍ ഗാനം ആലപിച്ചിരുന്നു. ജയചന്ദ്രന്‍ ആദ്യമായിട്ടാണ് മറ്റൊരു സംഗീത സംവിധായകന് വേണ്ടി പാടിയത്.