Asianet News MalayalamAsianet News Malayalam

മുഴുക്കുടിയനായി ഞെട്ടിച്ച് ജയസൂര്യ; റിലീസിനായി കാത്തിരിക്കുന്നെന്ന് ആരാധകർ,'വെള്ളം' മേക്കിങ് വീഡിയോ സോങ്

മദ്യാസക്തിയുടെ അങ്ങേത്തലയ്ക്കല്‍ നില്‍ക്കുന്ന 'മുരളി നമ്പ്യാര്‍' എന്ന കഥാപാത്രത്തെയാണ് ജയസൂര്യ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. 

jayasurya movie vellam making video song
Author
Kochi, First Published Jan 17, 2021, 7:08 PM IST

തിയറ്ററുകള്‍ തുറന്ന ശേഷമുള്ള ആദ്യ മലയാള റിലീസിനായി കാത്തിരിക്കുകയാണ് ജയസൂര്യ നായകനായി എത്തുന്ന 'വെള്ളം'.'ക്യാപ്റ്റന്' ശേഷം പ്രജേഷ് സെന്നിന്റെ സംവിധാനത്തില്‍ ജയസൂര്യ നായകനാകുന്ന ചിത്രം കൂടിയാണിത്. രണ്ട് ദിവസം മുമ്പാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തത്തിയത്. മികച്ച പ്രതികരണമായിരുന്നു വിവിധ ഭാ​ഗങ്ങളിൽ നിന്ന് ട്രെയിലറിന് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ മേക്കിങ് വീഡിയോ സോങ് പുറത്തുവിട്ടിരിക്കയാണ് അണിയറ പ്രവര്‍ത്തകര്‍. 

നിധീഷ് നന്ദേരിയുടെ വരികള്‍ക്ക് ബിജിപാലാണ് സംഗീതം നല്‍കിയിരിക്കുന്നത്. 'ചൊകചൊകന്നൊരു സൂരിയന്‍' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഭദ്ര രജിനാണ്. ചെങ്കല്‍ ക്വാറിയിലെ രംഗം ചിത്രീകരണത്തിനിടെ പവര്‍ ടില്ലര്‍ തെന്നിമാറിയുണ്ടായ അപകടം ഉള്‍പ്പടെ മേക്കിങ് വീഡിയോ സോങില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ അപകടം നേരത്തെ തന്നെ വാർത്തയായിരുന്നു. 

മദ്യാസക്തിയുടെ അങ്ങേത്തലയ്ക്കല്‍ നില്‍ക്കുന്ന 'മുരളി നമ്പ്യാര്‍' എന്ന കഥാപാത്രത്തെയാണ് ജയസൂര്യ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സംയുക്തമേനോൻ, സ്നേഹ പാലിയേരി എന്നിവരാണ് നായികമാർ. സിദ്ദിഖ്, ശ്രീലക്ഷ്മി, ബാബു അന്നൂർ, സന്തോഷ് കീഴാറ്റൂർ, ബൈജു, നിർമൽ പാലാഴി, ജോണി ആന്റണി, ഇടവേള ബാബു , ജിൻസ് ഭാസ്കർ, പ്രിയങ്ക, വെട്ടുകിളി പ്രകാശ്, മിഥുൻ, ബാല ശങ്കർ, സിനിൽ സൈനുദ്ദീൻ, അധീഷ് ദാമോദർ, സതീഷ് കുമാർ, ശിവദാസ് മട്ടന്നൂർ എന്നിവർക്കൊപ്പം ഇന്ദ്രൻസ് അതിഥി വേഷത്തിലും എത്തുന്നു. 

ഫ്രണ്ട്‍ലി പ്രൊഡക്ഷൻസിനു വേണ്ടി ജോസ്‍കുട്ടി മഠത്തിൽ, യദുകൃഷ്ണ, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവർ ചേർന്നാണ് വെള്ളം നിർമിച്ചിരിക്കുന്നത്. ഛായാഗ്രഹണം റോബി വര്‍ഗീസ്. സംഗീതം ബിജിബാല്‍. എഡിറ്റിംഗ് ബിജിത്ത് ബാല. സെൻട്രൽ പിക്ചേഴ്സ് തീയറ്ററുകളിൽ എത്തിക്കുന്നു. വിഷുവിന് തിയറ്ററുകളില്‍ എത്തേണ്ടിയിരുന്ന ചിത്രം കൊവിഡ് കാരണം മാറ്റേണ്ടിവരുകയായിരുന്നു. തുറന്ന തിയറ്ററുകളിലേക്ക് ആദ്യമെത്തുന്ന മലയാള ചിത്രമാണ് 'വെള്ളം'. ഈ മാസം 22നാണ് റിലീസ്.

Follow Us:
Download App:
  • android
  • ios