'ലോക: ചാപ്റ്റർ 1' എന്ന ചിത്രത്തിന്‍റെ വൻ വിജയത്തിന് ശേഷം കല്യാണി പ്രിയദർശന്‍ നായികയാവുന്ന ചിത്രം തമിഴില്‍ നിന്നാണ്. രവി മോഹന്‍ നായകനാവുന്ന ചിത്രത്തിലെ ഒരു ഗാനരംഗത്തിലെ കല്യാണിയുടെ ഡാന്‍സ് പെര്‍ഫോമന്‍സ് പ്രേക്ഷകശ്രദ്ധ നേടുകയാണ്

കരിയറിലെ ഏറ്റവും മികച്ച സമയത്താണ് കല്യാണി പ്രിയദര്‍ശന്‍ ഇപ്പോള്‍. കല്യാണി ടൈറ്റില്‍ റോളില്‍ എത്തിയ ലോക: ചാപ്റ്റര്‍ 1 ചന്ദ്ര തെന്നിന്ത്യന്‍ സിനിമയില്‍ത്തന്നെ നായികാപ്രാധാന്യമുള്ള ഒരു ചിത്രം നേടുന്ന ആദ്യ 100 കോടി ക്ലബ്ബ് ചിത്രമായിരുന്നു. നൂറും ഇരുനൂറുമൊക്കെ പിന്നിട്ട് 300 കോടിക്ക് അടുത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ ഈ ചിത്രം. മലയാള സിനിമയിലെ ഏറ്റവും വലിയ കളക്ഷനും നിലവില്‍ ഇതുതന്നെ. ഇപ്പോഴിതാ കല്യാണിയുടേതായി അടുത്ത് വരാനിരിക്കുന്ന ഒരു ചിത്രത്തിലെ വീഡിയോ സോംഗ് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാവുകയാണ്.

ഭുവനേഷ് അര്‍ജുനന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച തമിഴ് ചിത്രം ജെനിയിലേതാണ് ആ ഗാനം. അബ്ദി അബ്ദി എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മഷൂക് റഹ്‍മാന്‍ ആണ്. സംഗീതം പകര്‍ന്നിരിക്കുന്നത് സാക്ഷാല്‍ എ ആര്‍ റഹ്‍മാനും. മൈസ കരയപം ദീപ്തി സുരേഷും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഫ്രീക്കിന്‍റേതാണ് ചിത്രത്തിലെ റാപ്പ് ഭാഗം. രവി മോഹന്‍ നായകനാവുന്ന ചിത്രത്തില്‍ കല്യാണിയാണ് നായിക. കൃതി ഷെട്ടി, ദേവയാനി, വമിഖ ഗബ്ബി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Scroll to load tweet…

പുറത്തെത്തിയ ഗാനത്തില്‍ രവി മോഹനെയും കല്യാണിയെയും കൂടാതെ കൃതി ഷെട്ടിയും ഉണ്ട്. നൃത്ത രംഗങ്ങള്‍ നിറഞ്ഞ ഗാനത്തിലെ കല്യാണിയുടെ പ്രകടനമാണ് ആസ്വാദകര്‍ പ്രശംസിക്കുന്നത്. ലോക പോലെ ഒരു ചിത്രം കഴിഞ്ഞ് അതില്‍ നിന്ന് തികച്ചും വേറിട്ട ഒരു തെരഞ്ഞെടുപ്പിനും പ്രകടനത്തിനുമുള്ള അഭിനന്ദനം അറിയിക്കുകയാണ് ആരാധകര്‍. അനുഷ്ക ഷെട്ടിയുമായി താരതമ്യം ചെയ്യുന്ന പോസ്റ്റുകളുമുണ്ട് അക്കൂട്ടത്തില്‍. ടൈറ്റില്‍ റോളിലെത്തിയ അരുന്ധതിയിലെ ശ്രദ്ധേയ വേഷത്തിന് ശേഷം പ്രഭാസ് നായകനായ ബില്ലയിലെ കഥാപാത്രത്തെ അവതരിപ്പിച്ച അനുഷ്കയോടാണ് ചിലര്‍ കല്യാണിയെ താരതമ്യപ്പെടുത്തിയിരിക്കുന്നത്.

Scroll to load tweet…

ഈ ഗാനരംഗത്തെക്കുറിച്ച് കല്യാണി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത് ഇങ്ങനെ- ഒരു അഭിനേതാവ് എന്ന നിലയില്‍ ഇതുവരെ ചെയ്യാത്തത് ചെയ്യാനുള്ള വെല്ലുവിളി സ്വീകരിക്കാന്‍ ഞാന്‍ എന്നെ എപ്പോഴും പ്രചോദിപ്പിക്കാറുണ്ട്. ഈ ഗാനത്തില്‍ അത്തരം ചില നിമിഷങ്ങള്‍ ഉണ്ട്, കല്യാണി കുറിച്ചു. ഫാന്‍റസി ഗണത്തില്‍ പെടുന്ന ചിത്രം ബിഗ് ബജറ്റില്‍ ഒരുങ്ങിയിരിക്കുന്ന ഒന്നാണ്. അതേസമയം ചിത്രത്തിന്‍റെ കഥാസൂചനകളൊന്നും ഇതുവരെ പുറത്തെത്തിയിട്ടില്ല.

Genie - ABDI ABDI Video Song | AR Rahman | Ravi Mohan | Arjunan Jr. | Kalyani | Krithi Shetty | Vels