Asianet News MalayalamAsianet News Malayalam

തെയ്യവും തീയും തമ്മിലുള്ള ജുഗല്‍ബന്ദി, പാട്ടും ദൃശ്യങ്ങളും ഒന്നാവുന്ന 'കനലാട്ടം'

നിത്യജീവിതത്തിന്റെ പദപ്രശ്‌നങ്ങളില്‍ ഇടയ്ക്കിടെ ദൈവമായി മാറുന്ന കുറേ പച്ചമനുഷ്യരുടെ ജീവിതകഥ. അനുഷ്ഠാനപരമായ ഈ അഗ്‌നിനൃത്തത്തെ തെയ്യമായി മാറുന്നവരുടെ പൊള്ളുന്ന ജീവിതവുമായി ഈ ഡോക്യുമെന്ററി മുഖാമുഖം നിര്‍ത്തുന്നു. 

Kanalattam a song from documentary The Gods from the Inferno
Author
Thiruvananthapuram, First Published Jun 20, 2022, 3:17 PM IST

ക്രൈസ്റ്റ് യൂനിവേഴ്‌സിറ്റി സൈക്കോളജി വിഭാഗം അധ്യാപകനായ ഡോ. ബൈജു ഗോപാല്‍ സംവിധാനം ചെയ്യുന്ന ഡോക്യുമെന്ററിയിലെ ഏറ്റവും ശ്രദ്ധേയമായ ഭാഗമാണ് കനലാട്ടത്തെക്കുറിച്ചുള്ള ഈ ഗാനം. ഡോ. ബൈജു ഗോപാല്‍ തന്നെ എഴുതിയ വരികളെ ചടുലമായ ഗാനമായി കംപോസ് ചെയ്ത് ആലപിച്ചത് സംഗീതജ്ഞനായ സന്തോഷ് ജോര്‍ജാണ്. സനം പ്രീത് സിംഗ്, കൗഷിക് പാണ്ഡ്യന്‍ എന്നിവരാണ് എഡിറ്റിംഗ്. 

 

Kanalattam a song from documentary The Gods from the Inferno

 

തെയ്യത്തറയില്‍ മേളം തുടങ്ങി. ഓട്ടുചിലമ്പിന്റെ ശബ്ദം. കടും ചോപ്പിന്റെ നൃത്തം. ചായക്കൂട്ടിന്റെ മായാജാലത്തില്‍ ഉറഞ്ഞുതുള്ളുന്ന കോലച്ചുവടുകള്‍. പിന്നെ, ഒറ്റനാളത്തില്‍നിന്നും കത്തിപ്പടര്‍ന്ന തീയുടെ ചെമ്പട. അതിനുപിന്നാലെ, കടും ചുവപ്പണിഞ്ഞ തെയ്യവും കത്തിയാളുന്ന അഗ്‌നിയും തമ്മിലുള്ള ജുഗല്‍ബന്ദി. ഇത് കനലാട്ടം. വടക്കന്‍ കേരളത്തിന്റെ തെയ്യപ്പറമ്പില്‍ നിന്നും കത്തിപ്പടര്‍ന്ന പാട്ടിന്റെ തീയല. 

ബംഗളുരുവിലെ ക്രൈസ്റ്റ് യൂനിവേഴ്‌സിറ്റിയും (Christ (Deemed to be) University),  അമേരിക്കയിലെ മിയാമി സര്‍വകലാശാലയും (Miami University) യുനൈറ്റഡ് സ്‌റ്റേറ്റ്‌സ്-ഇന്ത്യ എജുക്കേഷനല്‍ ഫണ്ട്‌സും (USIEF) സംയുക്തമായി നിര്‍മിക്കുന്ന 'തീയില്‍ കുരുത്ത ദൈവങ്ങള്‍' (The Gods from the Inferno) എന്ന ഡോക്യുമെന്ററിയിലാണ് ഈ മനോഹരഗാനം. പേരു സൂചിപ്പിക്കുന്നതു പോലെ തെയ്യങ്ങളെക്കുറിച്ചാണ് ഈ ഡോക്യുമെന്ററി. നിത്യജീവിതത്തിന്റെ പദപ്രശ്‌നങ്ങളില്‍ ഇടയ്ക്കിടെ ദൈവമായി മാറുന്ന കുറേ പച്ചമനുഷ്യരുടെ ജീവിതകഥ. അനുഷ്ഠാനപരമായ ഈ അഗ്‌നിനൃത്തത്തെ തെയ്യമായി മാറുന്നവരുടെ പൊള്ളുന്ന ജീവിതവുമായി ഈ ഡോക്യുമെന്ററി മുഖാമുഖം നിര്‍ത്തുന്നു. 

 

 

ക്രൈസ്റ്റ് യൂനിവേഴ്‌സിറ്റി സൈക്കോളജി വിഭാഗം അധ്യാപകനായ ഡോ. ബൈജു ഗോപാല്‍ സംവിധാനം ചെയ്യുന്ന ഡോക്യുമെന്ററിയിലെ ഏറ്റവും ശ്രദ്ധേയമായ ഭാഗമാണ് കനലാട്ടത്തെക്കുറിച്ചുള്ള ഈ ഗാനം. ഡോ. ബൈജു ഗോപാല്‍ തന്നെ എഴുതിയ വരികളെ ചടുലമായ ഗാനമായി കംപോസ് ചെയ്ത് ആലപിച്ചത് സംഗീതജ്ഞനായ സന്തോഷ് ജോര്‍ജാണ്. സനം പ്രീത് സിംഗ്, കൗഷിക് പാണ്ഡ്യന്‍ എന്നിവരാണ് എഡിറ്റിംഗ്. 

കരളലിഞ്ഞ് കനവുകള്‍ പേറി ഉടലിന്റെ ത്രാണിയിലൂടെ മനം നിറഞ്ഞാടുന്ന ഒന്നായാണ് ഈ ഗാനം കനലാട്ടത്തെ പരിചയപ്പെടുത്തുന്നത്. ചായക്കൂട്ട് വരച്ചുമറച്ച അപരാധചിന്തകളില്‍ ഓട്ടുചിലമ്പു വലിച്ചുമുറുക്കിയാടുന്ന കനലാട്ടം. ഹൃദയം നീറ്റുന്ന കഥകളുമായി മരണത്തിന്റെ കരവലയം ചീന്തി തീയില്‍നിന്നും എരിഞ്ഞുപൊന്തി തെയ്യമായവരുടെ ജീവിതത്തിന്റെ പകപ്പുകളാണ്, ഗംഭീരമായ ദൃശ്യങ്ങളിലൂടെ ഗാനം പകര്‍ത്തുന്നത്.  ഗാനം അവസാനിക്കുന്നത്, കണ്ണില്‍ തറച്ച കാലത്തിന്റെ എരിയുന്ന തീപ്പന്തം കച്ചമുറുക്കി, വാളുചുഴറ്റി കരളാട്ടം തുടരുന്ന ദൃശ്യവാങ്മയത്തിലാണ്. ചടുലമായ ചുവടുകള്‍ വെച്ച്, കരം തൊട്ട് മനം തൊട്ട് മെയ്‌വടിവോടെ പാദങ്ങളുറച്ച് ദൈവത്തറയില്‍ നടക്കുന്ന കനലാട്ടത്തിന്റെ ആത്മാവിനെ ഈണവും ദൃശ്യവും ഒന്നായി ചെന്നുതൊടുന്നത് ഈ പാട്ടിലൂടെ കടന്നുപോവുമ്പോഴറിയാം. 

ഉടന്‍ പുറത്തിറങ്ങാന്‍ പോവുന്ന 'തീയില്‍ കുരുത്ത ദൈവങ്ങള്‍' എന്ന ഡോക്യുമെന്ററിയുടെ സ്‌ക്രിപ്റ്റ് ഡോ. ബൈജുവും ഡെബോറാ ചാള്‍സുമാണ് നിര്‍വഹിച്ചത്. ക്യാമറ: സജിന്‍ ജനാര്‍ദ്ദനന്‍, അമര്‍നാഥ് ശശിധര്‍. കണ്ണൂര്‍ വാരത്തുള്ള പാറയില്‍ പുതുശ്ശേരി ചാത്തോത്ത് കളരി ദേവസ്ഥാനത്താണ് ഈ ഗാനം ചിത്രീകരിച്ചത്. 

Follow Us:
Download App:
  • android
  • ios