'കരുണ' എന്ന പേരില്‍ നടത്തിയ സംഗീതനിശ യുട്യൂബിലൂടെ പുറത്തുവിടാന്‍ കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍. ഫൗണ്ടേഷന്‍റെ തന്നെ യുട്യൂബ് ചാനലിലൂടെ 19 ഭാഗങ്ങളായാവും മൂന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരിപാടി ആസ്വാദകരിലേക്ക് എത്തുക. ഇതിനു മുന്നോടിയായി ഷോയുടെ ട്രെയ്‍ലര്‍ കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ പുറത്തുവിട്ടു.

ബിജിബാലും ഷഹബാസ് അമനും ഷോ ഡിസൈനേഴ്‍സ് ആയിരുന്ന പരിപാടിയില്‍ കേരളത്തിലെ സംഗീത മേഖലയിലെ ഒട്ടുമിക്ക സംഗീത സംവിധായകരും ഗായകരും പങ്കെടുത്തിരുന്നു. ആഷിക് അബു, മധു സി നാരായണന്‍ എന്നിവരായിരുന്നു ഷോ ഡയറ‍ക്ടേഴ്‍സ്. ജയേഷ് മോഹനാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. 

നേരത്തേ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ടിക്കറ്റ് വരുമാനം നല്‍കിയില്ലെന്ന ആരോപണത്തെത്തുടര്‍ന്ന് വാര്‍ത്തകളില്‍ നിറഞ്ഞ പരിപാടിയാണ് ഇത്. എന്നാല്‍ കലാപരമായി വിജയം കൈവരിച്ച പരിപാടി സാമ്പത്തികമായി പരാജയപ്പെട്ടെന്നായിരുന്നു കെഎംഎഫിന്‍റെ (കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍) വിശദീകരണം. ഔദ്യോഗിക വെബ്സൈറ്റിലൂടെ പരിപാടി സംബന്ധിച്ച വരവുചെലവ് കണക്കുകളും സംഘാടകര്‍ പുറത്തുവിട്ടിരുന്നു.