സാനു ജോണ്‍ വര്‍ഗീസ് ആദ്യമായി സംവിധാനം ചെയ്‍ത 'ആര്‍ക്കറിയാ'മിലെ വീഡിയോ ഗാനം പുറത്തെത്തി. 'കിണറിലെ വീണ പൂനിലാവ്' എന്നു തുടങ്ങുന്ന ഗാനത്തിന്‍റെ വരികള്‍ അന്‍വര്‍ അലിയുടേതാണ്. യക്സന്‍ ഗാരി പെരേരയും നേഹ എസ് നായരും ചേര്‍ന്നാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. പുഷ്‍പവതി പാടിയിരിക്കുന്നു.

അതേസമയം ചിത്രത്തിന്‍റെ ടെലിവിഷന്‍ പ്രീമിയര്‍ വെള്ളിയാഴ്ച ഏഷ്യാനെറ്റില്‍ ആണ്. വൈകിട്ട് ഏഴിനാണ് പ്രദര്‍ശനം. ഏഷ്യാനെറ്റില്‍ ദൃശ്യം 2, ഖൊ ഖൊ, ദി പ്രീസ്റ്റ് എന്നീ ചിത്രങ്ങളുടെ തുടര്‍ച്ചയായി എത്തുന്ന പ്രീമിയര്‍ ആണ് ആര്‍ക്കറിയാമിന്‍റേത്. പാര്‍വ്വതി, ബിജു മേനോന്‍, ഷറഫുദ്ദീന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 72 വയസ്സുള്ള ഇട്ടിയവിര എന്ന കഥാപാത്രമായാണ് ബിജു മേനോന്‍ ചിത്രത്തില്‍ എത്തുന്നത്. കൊവിഡ് കാലം പശ്ചാത്തലമാക്കുന്ന സിനിമ കൂടിയാണ് ഇത്. 

മൂൺഷോട്ട് എന്‍റര്‍ടെയ്‍ന്‍മെന്‍റ്സിന്‍റെയും ഒപിഎം ഡ്രീംമിൽ സിനിമാസിന്‍റെയും ബാനറുകളില്‍ സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവും ചേർന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. മഹേഷ് നാരായണൻ എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ എഴുതിയിരിക്കുന്നത് സാനു ജോൺ വർഗീസിനൊപ്പം രാജേഷ് രവി, അരുൺ ജനാർദ്ദനന്‍ എന്നിവര്‍ ചേർന്നാണ്. ജി ശ്രീനിവാസ് റെഡ്ഢിയാണ് ഛായാഗ്രഹണം. നേഹ നായരുടെയും യെക്‌സാൻ ഗാരി പെരേരയുടെയും ആണ് ഗാനങ്ങൾ. പശ്ചാത്തല സംഗീതം സഞ്ജയ് ദിവേച്ച. 'ആന്‍ഡ്രോയ്‍ഡ് കുഞ്ഞപ്പന്‍' എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകന്‍ രതീഷ് ബാലകൃഷ്‍ണന്‍ പൊതുവാള്‍ ആണ് ചിത്രത്തിന്‍റെ പ്രൊഡക്ഷന്‍ ഡിസൈനിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത്.