ലോക്ക് ഡൗണ്‍ കാലത്ത് സോഷ്യല്‍ മീഡിയയിലൂടെ വൈറല്‍ ആയി മാറിയ ഗായികയാണ് ആര്യ ദയാല്‍. ഇപ്പോഴിതാ ഏറ്റവും പുതിയ മ്യൂസിക് സിംഗിളുമായി എത്തിയിരിക്കുകയാണ് ആര്യ. 'കിംഗ് ഓഫ് മൈ കൈന്‍ഡ്' എന്ന ഇംഗ്ലീഷ് ഗാനത്തില്‍ പോപ്പ്, കര്‍ണാടിക് ധാരകളെ ബ്ലെന്‍ഡ് ചെയ്യാനുള്ള ശ്രമമാണ് ആര്യ നടത്തിയിരിക്കുന്നത്. ആര്യയുടെ രണ്ടാമത്തെ മ്യൂസിക് സിംഗിള്‍ ആണിത്. 'ട്രൈ മൈസെല്‍ഫ്' ആയിരുന്നു ആദ്യഗാനം. സ്വന്തം യുട്യൂബ് ചാനലില്‍ നിന്നുള്ള വരുമാനത്തില്‍ നിന്നാണ് പുതിയ സിംഗിളിന്‍റെ നിര്‍മ്മാണത്തിനുള്ള പണം കണ്ടെത്തിയതെന്ന് ആര്യ പറഞ്ഞിരുന്നു.

വരികളും കോമ്പോസിഷനും ആര്യയുടേതാണ്. പ്രൊഡക്ഷന്‍, അറേഞ്ച്മെന്‍റ്, മിക്സിംഗ്, മാസ്റ്ററിംഗ് എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നത് ഹൃദയ് ഗോസ്വാമി. കീബോര്‍ഡും ഡ്രംസും കൈകാര്യം ചെയ്തിരിക്കുന്നത് സിദ്ധാര്‍ഥ് കാമത്ത്. ഗിത്താറും ഉക്കുലേലേയും റിത്വിക് ഭട്ടാചാര്യ. വയലിന്‍ നാരായണ്‍ ശര്‍മ്മ. വീഡിയോയുടെ കണ്‍സെപ്റ്റ്, ഡയറക്ഷന്‍ അമല്‍ കോമത്ത്, അഭിജിത്ത് കുറ്റിച്ചിറ. ഛായാഗ്രഹണം ഫവാസ് അലി, ഫസീന്‍ വിഷ്വല്‍സ്. എഡിറ്റിംഗ് ആര്‍ട്ട് ഓഫ് ശംഭു. മികച്ച പ്രതികരണമാണ് പുറത്തിറങ്ങി ആദ്യ മണിക്കൂറുകളില്‍ തന്നെ ഗാനത്തിനു ലഭിക്കുന്നത്.