കെ എസ് ചിത്ര ആലപിച്ചിരിക്കുന്ന ഗാനം താരാട്ടിന്‍റെ രൂപത്തിലുള്ളതാണ്. ഹരി നാരായണന്‍റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് റോണി റാഫേല്‍ ആണ്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ഗാനം പുറത്തെത്തിയിട്ടുണ്ട്. 

പ്രിയദര്‍ശന്‍റെ ബിഗ് ബജറ്റ് മോഹന്‍ലാല്‍ ചിത്രം 'മരക്കാര്‍ അറബിക്കടലിന്‍റെ സിംഹ'ത്തിലെ ആദ്യഗാനം പുറത്തെത്തി. പ്രണവ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന 'കുഞ്ഞു കുഞ്ഞാലി'യെ അവതരിപ്പിക്കുന്ന ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്തെത്തിയിരിക്കുന്നത്. കെ എസ് ചിത്ര ആലപിച്ചിരിക്കുന്ന ഗാനം താരാട്ടിന്‍റെ രൂപത്തിലുള്ളതാണ്. ഹരി നാരായണന്‍റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് റോണി റാഫേല്‍ ആണ്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ഗാനം പുറത്തെത്തിയിട്ടുണ്ട്. 

മോഹന്‍ലാല്‍ കുഞ്ഞാലി മരക്കാരായി എത്തുന്ന ചിത്രം മലയാളത്തിലെ ആദ്യത്തെ 100 കോടി ബജറ്റ് ചിത്രമാണ്. പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്‍റ്, അശോക് സെല്‍ലന്‍ തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു. സാബു സിറിള്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍. ഛായാഗ്രഹണം തിരു. പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. എഡിറ്റിംഗ് അയ്യപ്പന്‍ നായര്‍ എം എസ്. സംഘട്ടനം ത്യാഗരാജന്‍, കസു നെഡ. ചമയം പട്ടണം റഷീദ്. 

മാര്‍ച്ച് 26 ആണ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്ന റിലീസ് തീയതിയെങ്കിലും അത് മാറാന്‍ സാധ്യതയുണ്ടെന്ന് അറിയുന്നു. റംസാന്‍ ഇക്കുറി നേരത്തെ ആണ് എന്നതാണ് ഇതിനു കാരണമായി പറയപ്പെടുന്നത്. മാര്‍ച്ച് 26ന് ചിത്രം റിലീസ് ചെയ്താല്‍ റംസാന്‍ മാസം ആരംഭിക്കുന്നതിനു മുന്‍പ് രണ്ടോ മൂന്നോ ആഴ്ചകള്‍ മാത്രമേ ചിത്രത്തിന് തിയറ്ററുകള്‍ കിട്ടൂ. റംസാന്‍ മാസത്തില്‍ മലബാര്‍ മേഖലയില്‍ കളക്ഷന്‍ വളരെ കുറവായിരിക്കുമെന്നും ഗള്‍ഫ് റിലീസിനെയടക്കം അത് ബാധിക്കുമെന്നതും ചിത്രം നീട്ടിവെക്കാന്‍ നിര്‍മ്മാതാവിനെ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്. എന്നാല്‍ ഇതേക്കുറിച്ച് ഔദ്യോഗിക പ്രതികരണങ്ങളൊന്നും വന്നിട്ടില്ല.