വിഷ്ണു ഇടവന്‍ വരികള്‍ എഴുതിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് അനിരുദ്ധ് രവിചന്ദറും ലോതികയും ചേര്‍ന്ന്

തമിഴ് സിനിമയില്‍ ഇന്ന് ഏറ്റവുമധികം വിപണിമൂല്യമുള്ള സംഗീത സംവിധായകനാണ് അനിരുദ്ധ് രവിചന്ദര്‍. അത് ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിക്കുന്ന അദ്ദേഹത്തിന്‍റെ ഗാനങ്ങള്‍ കൊണ്ട് മാത്രമല്ല, മറിച്ച് സിനിമകളുടെ ആത്മാവറിഞ്ഞ് നല്‍കുന്ന പശ്ചാത്തലസംഗീതം കൊണ്ടുകൂടിയാണ്. അനിരുദ്ധിന്‍റെ ഹിറ്റ് ഗാനങ്ങളില്‍ കൂടുതലും ഫാസ്റ്റ് ആന്‍ഡ് മാസ് നമ്പറുകളാണെങ്കില്‍ ചില ശ്രദ്ധേയ മെലഡികളും അദ്ദേഹത്തിന്‍റേതായി ഉണ്ട്. ഇപ്പോഴിതാ അക്കൂട്ടത്തിലേക്ക് ഇടംപിടിക്കുന്ന ഒരു പുതിയ ഗാനം എത്തിയിരിക്കുകയാണ്. വിജയ് നായകനാവുന്ന അപ്കമിംഗ് റിലീസ് ലിയോയിലേതാണ് പുറത്തെത്തിയിരിക്കുന്ന ഗാനം. അന്‍പെനും എന്നാരംഭിക്കുന്ന ഗാനം ലിയോയിലെ മൂന്നാം ഗാനമാണ്. 

വിഷ്ണു ഇടവന്‍ വരികള്‍ എഴുതിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് അനിരുദ്ധ് രവിചന്ദറും ലോതികയും ചേര്‍ന്നാണ്. ചിത്രത്തിൽ വിജയ് അവതരിപ്പിക്കുന്ന കഥാപാത്രം പാർഥിയുടെ ഫാമിലി ട്രാക്കിൽ യാത്ര ചെയ്യുന്ന ഗാനമാണിത്. വിജയ്‌ക്കൊപ്പം തൃഷയും ബാലതാരം പുയലും മലയാളി താരം മാത്യു തോമസും ഗാനരംഗത്തിലുണ്ട്. ഗ്യാങ്‌സ്റ്റർ ആക്ഷൻ ത്രില്ലർ വിഭാഗത്തില്‍ പെടുന്ന ലിയോയിൽ സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ താരങ്ങൾ പ്രധാന വേഷങ്ങളിലെത്തുന്നു. സെൻസറിംഗ് കഴിഞ്ഞ ചിത്രത്തിന് യു/ എ സർട്ടിഫിക്കറ്റ് ആണ്.

സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നീ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന് വേണ്ടി ഗോകുലം ഗോപാലൻ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷൻ പാർട്ട്നർ. ലിയോയുടെ ഡിഒപി മനോജ് പരമഹംസ, ആക്ഷൻ അൻപറിവ്, എഡിറ്റിങ് ഫിലോമിൻ രാജ്, പിആർഒ പ്രതീഷ് ശേഖർ. ഒക്ടോബർ 19നാണ് ചിത്രത്തിന്‍റെ റിലീസ്.

ALSO READ : പ്രതിഫലത്തില്‍ രജനിയെയും മറികടന്ന് അജിത്ത് കുമാര്‍? 'മാര്‍ക്ക് ആന്‍റണി' സംവിധായകന്‍റെ ചിത്രം വരുന്നു

LEO - Anbenum Lyric | Thalapathy Vijay | Lokesh Kanagaraj | Anirudh Ravichander