വിടാ മുയര്‍ച്ചിക്ക് ശേഷമുള്ള അജിത്ത് ചിത്രം

വ്യവസായം എന്ന നിലയില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ തമിഴ് സിനിമ നേടിയ കുതിപ്പ് വലുതാണ്. തമിഴ്നാടിന് പുറത്ത് കേരളമുള്‍പ്പെടെയുള്ള മറ്റ് തെന്നിന്ത്യന്‍ സംസ്ഥാനങ്ങളിലും വിദേശ മാര്‍ക്കറ്റുകളിലും പോസിറ്റീവ് അഭിപ്രായം നേടുന്ന ഒരു തമിഴ് സൂപ്പര്‍താര ചിത്രം ഇന്ന് വന്‍ കളക്ഷനാണ് നേടുന്നത്. അതിനൊപ്പം താരങ്ങള്‍ പ്രതിഫലത്തിലും വലിയ വര്‍ധനവ് വരുത്തിയിട്ടുണ്ട്. സമീപകാലത്ത് കോളിവുഡിലെ വലിയ ഹിറ്റ് ആയി മാറിയ ജയിലറില്‍ രജനികാന്ത് വാങ്ങിയ പ്രതിഫലം 110 കോടി ആണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ പുറത്തെത്തുന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ പ്രതിഫലത്തില്‍ രജനിയെയും മറികടക്കാന്‍ ഒരുങ്ങുകയാണ് മറ്റൊരു തമിഴ് സൂപ്പര്‍ താരം. അജിത്ത് കുമാര്‍ ആണ് അത്.

തുനിവിന് ശേഷം അജിത്ത് കുമാര്‍ നായകനാവുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മഗിഴ് തിരുമേനിയാണ്. വിടാ മുയര്‍ച്ചി എന്നാണ് ചിത്രത്തിന്‍റെ പേര്. ഈ സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കവെ അജിത്ത് കുമാര്‍ നായകനാവുന്ന അടുത്ത ചിത്രം സംബന്ധിച്ചും സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. പല സംവിധായകരുടെയും പേരുകള്‍ ഈ ചര്‍ച്ചയില്‍ കേള്‍ക്കുന്നുണ്ട്. ശിവ, ത്യാഗരാജന്‍ കുമാരരാജ, വെങ്കട് പ്രഭു, വെട്രിമാരന്‍, പി എസ് മിത്രന്‍ എന്നിവരുടെയൊക്കെ പേരുകള്‍ ഇക്കൂട്ടത്തിലുണ്ടെങ്കിലും ഏറ്റവും ഉയര്‍ന്നുകേള്‍ക്കുന്നത് മറ്റൊരു സംവിധായകന്‍റെ പേരാണ്.

കോളിവുഡിലെ സമീപകാല ഹിറ്റ് മാര്‍ക്ക് ആന്‍റണിയുടെ സംവിധായകന്‍ ആദിക് രവിചന്ദ്രന്‍റെ പേരാണ് അത്. പല പ്രമുഖ ട്രേഡ് അനലിസ്റ്റുകളും പറയുന്നതനുസരിച്ച് ആദിക് ആയിരിക്കും വിടാമുയര്‍ച്ചിക്ക് ശേഷമുള്ള എകെ ചിത്രം സംവിധാനം ചെയ്യുന്നത്. ഈ ചിത്രത്തില്‍ അജിത്ത് വാങ്ങുന്നത് റെക്കോര്‍ഡ് പ്രതിഫലമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇത് 175 കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് ശരിയെങ്കില്‍ തമിഴകത്ത് ഒരു താരം വാങ്ങുന്ന ഏറ്റവുമുയര്‍ന്ന പ്രതിഫലമായിരിക്കും ഇത്. അതേസമയം ഈ പ്രോജക്റ്റ് സംബന്ധിച്ച മറ്റ് വിവരങ്ങളൊന്നും പുറത്തെത്തിയിട്ടില്ല.

ALSO READ : പ്ലാന്‍ ചെയ്തത് 3 ഷോകള്‍, ജനത്തിരക്ക് മൂലം 30 ഷോകളിലേക്ക്; റീ റിലീസില്‍ തരംഗമായി ഈ ധനുഷ് ചിത്രം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക