പ്രമുഖ ബോളിവുഡ് സംവിധായകനായ അനുരാഗ് ബസു ഒരുക്കുന്ന ആന്തോളജി ചിത്രമാണ് 'ലൂഡോ'. അഭിഷേക് ബച്ചന്‍, ആദിത്യ റോയ് കപൂര്‍, രാജ്‍കുമാര്‍ റാവു, പങ്കജ് ത്രിപാഠി, ഫാത്തിമ സന ഷെയ്ഖ്, സാന്യ മല്‍ഹോത്ര തുടങ്ങിയവര്‍ക്കൊപ്പം മലയാളി താരം പേളി മാണിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിലെ രണ്ടാമത്തെ വീഡിയോ ഗാനം ടി സിരീസ് ഇന്നലെ പുറത്തിറക്കി.

'ഹര്‍ദം ഹംദം' എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സയീദ് ഖാദ്രിയാണ്. സംഗീതം പ്രീതം. അരിജിത് സിംഗ് ആണ് പാടിയിരിക്കുന്നത്.

ഒരു മെട്രോ നഗരത്തില്‍ ജീവിക്കുന്ന നാല് മനുഷ്യരുടെ കഥയാണ് ചിത്രം പറയുന്നത്. ഇവരുടെ ജീവിതം പരസ്പരം കൂട്ടിമുട്ടുന്നിടത്താണ് സിനിമയുടെ പ്ലോട്ട് ഇതള്‍ വിരിയുന്നത്. സംവിധായകന്‍റെ തന്നെ കഥയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് ഹിമാന്‍ഷു ജയ്‍കര്‍ ആണ്. ടി സിരീസും അനുരാഗ് ബസു പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍ന്നിക്കുന്ന ചിത്രം നെറ്റ്ഫ്ളിക്സിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ഈ മാസം 12ന് റിലീസ്.